ആദ്യം പിന്‍സീറ്റ് യാത്രകള്‍, ഇന്ന് സ്വന്തമായൊരു ബുള്ളറ്റ് ക്ലബ്ബ്!

By Web Team  |  First Published Oct 23, 2020, 1:13 PM IST

ഇപ്പോള്‍ സ്വന്തമായൊരു ബുള്ളറ്റ് ക്ലബ്ബ് തന്‍റെ ഉടമയാണ് തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശിയായ ഈ 24കാരന്‍. ആ കഥ ഇങ്ങനെ. 


മേളക്കമ്പവും ആനക്കമ്പവും തലയ്ക്കു പിടിച്ച തൃശൂരുകാരില്‍ വ്യത്യസ്തനാണ് അക്ഷയ് ബാബു. ഇരുചക്രവാഹനങ്ങളിലെ കൊമ്പനായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോടാണ് അക്ഷയിക്ക് കമ്പം. ഈ കമ്പത്തിന് വഴിമരുന്നിട്ടത് അക്ഷയുടെ അമ്മയുടെ അച്ഛന്‍ ശിവരാമന്‍. അദ്ദേഹത്തിന് ബുള്ളറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് 1989 മോഡല്‍ സ്വന്തമായിട്ടുണ്ടായിരുന്നു. അക്ഷയ് ജനിക്കുന്നതിനു മുമ്പേ അദ്ദേഹം സ്വന്തമാക്കിയ ഈ ബുള്ളറ്റിലായിരുന്നു പിച്ചവച്ചു തുടങ്ങും മുമ്പ് അക്ഷയുടെ യാത്രകള്‍. ഇപ്പോള്‍ സ്വന്തമായൊരു ബുള്ളറ്റ് ക്ലബ്ബ് തന്‍റെ ഉടമയാണ് തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശിയായ ഈ 24കാരന്‍. ആ കഥ ഇങ്ങനെ. 

Latest Videos

അപ്പൂപ്പന്‍ ഉപയോഗിച്ചിരുന്ന ഈ ബുള്ളറ്റ് പിന്നീട് അക്ഷയ്ക്ക് ലഭിച്ചു. അപ്പൂപ്പനില്‍ നിന്നും അമ്മാവന്‍ സ്വന്തമാക്കിയ ഈ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് അദ്ദേഹം തന്നെ അക്ഷയ്ക്ക് നല്‍കുകയായിരുന്നു.  ചെറുപ്പത്തിലേ റോയല്‍ എന്‍ഫീഡിനോടുള്ള പ്രണയം ആരംഭിച്ചുവെന്നും തന്റെ ബുള്ളറ്റ് ഭ്രമം കണ്ട് അമ്മാവന്‍ അപ്പൂപ്പന്‍റെ ബുള്ളറ്റ് തനിക്ക് നല്‍കുകയായിരുന്നുവെന്നും  അക്ഷയ് പറയുന്നു. പ്ലസ് ടുവിന് എത്തുമ്പോഴേക്കും തൃശൂരിലെ റോയല്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സുമായി അക്ഷയ് ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു. ബുള്ളറ്റുകളുടെ പിന്‍ സീറ്റില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അക്കാലത്ത് അക്ഷയ്.

18 വയസ്സ് തികഞ്ഞ് ലൈസന്‍സ് കിട്ടിയപ്പോള്‍ മുതല്‍ ബുള്ളറ്റ് യാത്രകളില്‍ പിന്നില്‍ നിന്നും മുന്നിലേക്ക് കയറിയിരുന്നു അക്ഷയ്. ഇപ്പോള്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന പ്രമുഖ ബുള്ളറ്റ് റൈഡറാണ് ഈ 24കാരന്‍.

 അമ്മാവനില്‍ നിന്നും ലഭിച്ച ബുള്ളറ്റ് വീട്ടില്‍ കൊണ്ടുവന്ന് മോഡിഫൈ ചെയ്‍ത് ഉപയോഗിച്ചായിരുന്നു തുടക്കം. പഴയ ബുള്ളറ്റ് ഉപയോഗിച്ച് വിവിധ ക്ലബുകളുടേയും തൃശൂരിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളുടേയും ഭാഗമായി അനവധി ഷോകളിലും റൈഡുകളിലും പങ്കെടുത്തു. എങ്കിലും സ്റ്റാന്‍ഡേര്‍ഡ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിച്ചപ്പോള്‍ അത് സ്വന്തമാക്കിയെന്നും അക്ഷയ് പറയുന്നു.

 ഹിമാലയന്‍ വാങ്ങിയതിന് പിന്നാലെ 2017-ല്‍ സ്വന്തമായി ഒരു അഡ്വഞ്ചറസ് ബുള്ളറ്റ് ക്ലബ് തുടങ്ങി. തൃശൂരിലെ സുഹൃത്തുക്കളേയും ഹിമാലയന്‍ ഉടമകളേയും ചേര്‍ത്ത് രൂപീകരിച്ച ക്ലബിന്റെ പേര് കെഎല്‍-08 എന്നായിരുന്നു.  പിന്നീട്, ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും ക്ലബില്‍ അംഗമായതിനെ തുടര്‍ന്ന് പേര് ദെ-ഓഫ്‌റോഡേഴ്‌സ് എന്നാക്കി.

ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി 700-ല്‍ അധികം ഹിമാലയന്‍ ഉടമകള്‍ ഈ ക്ലബില്‍ അംഗങ്ങളാണ്. തൃശൂര്‍ മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയില്‍ 55-ല്‍ അധികവും മലബാര്‍ എക്‌സ്‌പോയില്‍ 65-ല്‍ അധികവും ഹിമാലയന്‍ ഉടമകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഷോ അക്ഷയ് നടത്തിയിട്ടുണ്ട്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിമാലയന്‍ ഉടമകള്‍ പങ്കെടുത്തിട്ടുള്ള ഷോ മലബാര്‍ എക്‌സ്‌പോ ആണെന്ന് അക്ഷയ് പറയുന്നു. പൊലീസിനും എക്‌സൈസിനും വേണ്ടി ലഹരി വിരുദ്ധ പ്രചാരണങ്ങളിലും അക്ഷയും സംഘവും സഹകരിക്കുന്നുണ്ട്.

 ട്രാവല്‍ ആന്റ് ടൂറിസം വിദ്യാര്‍ത്ഥി കൂടിയായ അക്ഷയ് ഒറ്റയ്ക്കുള്ള യാത്രകളേക്കാള്‍ ഇഷ്‍ടപ്പെടുന്നത് ഗ്രൂപ്പായിട്ടുള്ള യാത്രകളാണ്. " സോളോ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാകാം. പക്ഷേ, തനിക്കിഷ്ടം ഗ്രൂപ്പ് യാത്രകളാണ്. നമ്മള്‍ സെല്‍ഫിഷ് ആകില്ലെന്നതാണ് ഗ്രൂപ്പ് യാത്രകളുടെ ഗുണം.." അക്ഷയ് പറയുന്നു. 

ഗ്രൂപ്പ് യാത്രകളില്‍ സംഘാംഗങ്ങള്‍ എല്ലാം പരസ്‍പരം സഹകരിച്ചാണ് യാത്ര തുടരുക. സോളോ യാത്രയ്ക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സാധിക്കും. തുടക്കക്കാര്‍ സോളോ യാത്ര തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ബുള്ളറ്റ് യാത്രകളില്‍ ഒരു സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമാണെന്നും അക്ഷയ് പറയുന്നു. മാസത്തില്‍ ഒരു റൈഡ് എങ്കിലും നടത്തണമെന്ന നിയമം കര്‍ശനമായി പാലിക്കുന്നു അക്ഷയ് നയിക്കുന്ന ക്ലബ്ബ്.

ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ സെറ്റ് ചെയ്‍ത ശേഷമാണ് യാത്ര തുടങ്ങുക. ഈ ലൊക്കേഷനിലേക്ക് അനവധി റൂട്ടുകള്‍ ഉണ്ടാകും. അതിലെ ഓഫ് റോഡുകള്‍ തെരഞ്ഞെടുത്താണ് യാത്ര, അക്ഷയ് പറയുന്നു. ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ലൊക്കേഷനും ഓഫ് റോഡ് റൂട്ടുകളും അറിയാവുന്നവരും യാത്രാ സംഘത്തില്‍ ഉണ്ടാകും. 150 ഓളം ഹിമാലയന്‍ ഉടമകളെ സംഘടിപ്പിച്ച് ഏകദിന പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡ്-19 മഹാമാരി മൂലം അത് റദ്ദാക്കേണ്ടി വന്നു. എങ്കിലും കോവിഡിനുശേഷം രണ്ട് ട്രിപ്പുകളാണ് അക്ഷയ് ആസൂത്രണം ചെയ്‍തിരിക്കുന്നത്. ഹൈദരാബാദിലേക്കും മൈസൂരിലേക്കും 20 ഓളം റൈഡേഴ്‌സിനെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രണ്ട് ഓഫ് റോഡ് ട്രിപ്പുകള്‍.

click me!