കേരളത്തില്‍ അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണറെയിൽവേ
രാജ്യത്തെ തിരഞ്ഞെടുത്ത റെയില്‍പ്പാതകളില്‍ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററായി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണറെയിൽവേ അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്നൽസംവിധാനം നവീകരിക്കുകയും ചെയ്യാനാണ് നീക്കം. 2024-2025 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്‌മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനായി നവീകരിക്കും.
134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിലൂടെ വേഗപരീക്ഷണം നടത്തിയതുസംബന്ധിച്ച പത്രക്കുറിപ്പിലാണ് റെയില്‍വേ അധികൃതര്‍ ഇക്കാര്യങ്ങൾ അറിയിച്ചത്. വ്യാഴാഴ്‍ച നടത്തിയ പരീക്ഷണയാത്രയിൽ 143 കിലോമീറ്റർവേഗത്തിൽവരെ ട്രെയിൻ ഓടിച്ചു. 84 മിനിറ്റുകൊണ്ടാണ് 134 കിലോമീറ്റർ പിന്നിട്ടത്.
അതേസമയം കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി രണ്ട് പാതകൾ റെയിൽവേ ബോർഡ് ഡി ഗ്രൂപ്പിൽ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയർത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളാണു ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളെയാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ വികസിപ്പിക്കുക.
തിരുവനന്തപുരം–മംഗളൂരു പാതയിൽ വേഗം കൂട്ടാനായി അന്തിമ ലൊക്കേഷൻ സർവേ നടത്താൻ ഓഗസ്റ്റിൽ 12.88 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാതകളുടെ ഗ്രൂപ്പ് മാറ്റം. വേഗതയുടെയും പ്രാധാന്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ അഞ്ചായിട്ടാണു തരംതിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും ബിയിൽ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന. കേരളത്തിലെ മിക്ക റെയില്‍പ്പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ.
ട്രെയിനുകളുടെ വേഗത കൂട്ടുമ്പോള്‍ ഒട്ടേറെ സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. വിശദമായ പഠനം നടത്തിയാലേ എവിടെയൊക്കെ ബൈപ്പാസ് ലൈനുകളും വേണ്ടി വരുന്ന ഭൂമിയുടെ കണക്കുകളും വ്യക്തമാകൂ എന്ന് അധികൃതർ പറയുന്നു. കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ വളവുകൾ നിവർത്താനായി ബൈപ്പാസ് ലൈനുകൾ നിർമിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വളവുകളും മറ്റും കുറവായതിനാല്‍ ആലപ്പുഴ വഴിയുള്ള തീരദേശ പാതയെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോട്ടയം വഴിയുള്ള പാത ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം വഴിയുള്ള പാതയിൽ വളവുകളും പാലങ്ങളും കൂടുതലായതിനാലാണു പദ്ധതിയിൽ ഇടംപിടിക്കാതിരുന്നത്. ആലപ്പുഴ വഴിയുള്ള പാതയിൽ താരതമ്യേന വളവുകൾ കുറവാണെന്നതും സമതലങ്ങളിലൂടെയാണെന്നതും വേഗം കൂട്ടാൻ സഹായമാണ്. ഡിവിഷനുകളില്‍ നിന്ന് ലഭിച്ച പ്രാരംഭ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാതകള്‍ തിരിഞ്ഞെടുത്തത്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ നൽകിയ പ്രാരംഭ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു റെയിൽവേ വേഗം കൂട്ടൽ നടപടികളുമായി മുന്നോട്ടു പോകുന്നത്. വിശദമായ പഠന റിപ്പോർട്ട് ഇനിയും തയാറായിട്ടില്ല. നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 100 കിമി വേഗതയില്‍ മാത്രമാണ് സംസ്ഥാനത്തെ റെയില്‍പ്പാതകളിലൂടെ ട്രെയിന്‍ ഓടുന്നത്.