ഫ്രണ്ട് ബ്രേക്ക് ഹോസുകളിൽ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് കാറിൻ്റെ ബ്രേക്കിംഗ് പ്രകടനത്തെ ബാധിച്ചേക്കാം.
2020-ൽ മോഡൽ പുറത്തിറക്കിയതിന് ശേഷം നിർമ്മിച്ച് വിറ്റഴിച്ച എല്ലാ ടെയ്‌കാൻ ഇവികളെയും ആഗോളതലത്തിൽ തിരിച്ചുവിളിച്ച് ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെ. ഈ വാഹനങ്ങളുടെ ഫ്രണ്ട് ബ്രേക്ക് ഹോസുകളിൽ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് കാറിൻ്റെ ബ്രേക്കിംഗ് പ്രകടനത്തെ ബാധിച്ചേക്കാം. അതേസമയം ഈ കാറുകൾ ഓടിക്കാൻ പൊതുവെ സുരക്ഷിതമാണെന്ന് പോർഷെ ഉടമകൾക്ക് ഉറപ്പുനൽകുന്നു. വിറ്റഴിക്കപ്പെട്ട ടെയ്‌കാൻ കാറുകളിൽ ഏകദേശം ഒരുശതമാനം കാറുകൾക്ക് മാത്രമേ ഈ പ്രശ്‌നം ബാധിച്ചിട്ടുള്ളൂവെന്നും കമ്പനി പറയുന്നു.
ഫ്രണ്ട് ബ്രേക്ക് ഹോസുകളിൽ നിന്നാണ് പ്രശ്നം ഉണ്ടാകുന്നത്. ഇത് കാലക്രമേണ പ്രശ്‍നബാധിതമായേക്കാമെന്നും കമ്പനി പറയുന്നു. ഇവിടെ സംഭവിക്കുന്ന വിള്ളലുകൾ ബ്രേക്ക് ഫ്ലൂയിഡ് ചോർച്ചയ്ക്ക് കാരണമാകും. ഇത് ബ്രേക്ക് മർദ്ദം കുറയാനും ബ്രേക്കിംഗ് പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാനും ഇടയാക്കും. ഒരു പോർഷെ ടെയ്‌കാൻ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, ഡാഷ്‌ബോർഡിൽ ഒരു മുന്നറിയിപ്പ് ലൈറ്റ് ഫ്ലാഷ് ചെയ്യും. ഈ ലൈറ്റ് പ്രത്യക്ഷപ്പെട്ടാൽ, ഉടമകൾ അവരുടെ കാർ ഒരു ഡീലർഷിപ്പിലേക്ക് പരിശോധനയ്ക്കും നന്നാക്കലിനും കൊണ്ടുപോകണമെന്ന് പോർഷെ ഉപദേശിക്കുന്നു. എങ്കിലും, ഒരു ചുവന്ന മുന്നറിയിപ്പ് ലൈറ്റ് തെളിയുകയാണെങ്കിൽ, കാർ ഓടിക്കാൻ പാടില്ല, ഉടമകൾ ഉടൻ തന്നെ പോർഷെയുമായി ബന്ധപ്പെടണം.
അതേസമയം ഡാഷ്‌ബോർഡിൽ മുന്നറിയിപ്പ് ലൈറ്റുകളൊന്നും ഇല്ലെങ്കിൽ, ടെയ്‌കാൻ സുരക്ഷിതമായി ഡ്രൈവ് ചെയ്യുമെന്നും പോർഷെ വ്യക്തമാക്കുന്നു. തകരാറുള്ള ബ്രേക്ക് ഹോസുകൾ മാറ്റിസ്ഥാപിക്കാൻ കമ്പനി ടെയ്‌കാൻ ഉടമകളെ ബന്ധപ്പെടും. അറ്റകുറ്റപ്പണികൾ ഏകദേശം രണ്ട് മണിക്കൂർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സൗജന്യമായി ചെയ്‍തുകൊടുക്കപ്പെടും. ഈ സേവനം വാഹനത്തിൻ്റെ വാറൻ്റിയെ ബാധിക്കില്ല.
2020-ൽ അവതരിപ്പിച്ചതിനുശേഷം, പോർഷെ ലോകമെമ്പാടും 150,000 ടെയ്‌കാൻ മോഡലുകൾ വിറ്റു. ടെയ്‌കാൻ, പ്രത്യേകിച്ച് ടോപ്പ്-സ്പെക്ക് ടർബോ എസ് വേരിയൻ്റ്, അതിൻ്റെ മികച്ച പ്രകടനത്തിന് പേരുകേട്ടതാണ്. 625 bhp കരുത്തും 1050 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 93.4 kWh ബാറ്ററി പാക്കാണ് ഇതിൻ്റെ സവിശേഷത. കേവലം 2.8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കി.മീ വേഗത കൈവരിക്കാനും മണിക്കൂറിൽ 260 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും.