"എന്ത് വിധിയിത്, വല്ലാത്ത ചതിയിത്.." പെട്രോള്‍വില 300 കടന്നു; കരയാൻ കണ്ണീരുപോലുമില്ലാതെ പാക്കിസ്ഥാനികള്‍!

By Web Team  |  First Published Sep 8, 2023, 4:16 PM IST

 പുതിയ വർധനയോടെ പെട്രോൾ വില 305.36 പാക്കിസ്ഥാനി രൂപയായപ്പോൾ ഡീസൽ വില 311.84 രൂപയിലെത്തി.  ഇത് ഭയാനകമായ സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 


പാക്കിസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ചരിത്രത്തിലാദ്യമായി 300 രൂപ കടന്നത് അടുത്തിടെയാണ്. പുതിയ വർധനയോടെ പെട്രോൾ വില 305.36 പാക്കിസ്ഥാനി രൂപയായപ്പോൾ ഡീസൽ വില 311.84 രൂപയിലെത്തി.  ഇത് ഭയാനകമായ സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കീഴിലുള്ള കാവൽ സർക്കാർ അടുത്തിടെ പെട്രോളിന്റെയും ഹൈസ്പീഡ് ഡീസലിന്റെയും വില കുത്തനെ കൂട്ടിയിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വിലയിലെ വർധിച്ച പ്രവണതയും വിനിമയ നിരക്കിലെ വ്യതിയാനവും കണക്കിലെടുത്താണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിലവിലുള്ള ഉപഭോക്തൃ വില പരിഷ്‍കരിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ സർക്കാർ പ്രസ്‍താവനയിൽ പറഞ്ഞു.

അതേസമയം കുതിച്ചുയരുന്ന വൈദ്യുതി ബില്ലിനെതിരെ രാജ്യം അടുത്തിടെ വൻ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മുൾട്ടാൻ, ലാഹോർ, കറാച്ചി എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആളുകൾ അവരുടെ ബില്ലുകൾ കത്തിച്ച വൻ പ്രകടനങ്ങൾ നടത്തി. വൈദ്യുതി വിതരണ കമ്പനികളിലെ ഉദ്യോഗസ്ഥരുമായും ജനം ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് സർക്കാർ അറിയിച്ചു. ഈ ആഴ്ച ആദ്യം, ഇടക്കാല പ്രധാനമന്ത്രി കക്കർ ഈ വിഷയത്തിൽ അടിയന്തര യോഗം ചേരുകയും വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിന്  നടപടികള്‍ ആസൂത്രണം ചെയ്യാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, ഇതുവരെ ഒരു പരിഹാരവും മുന്നോട്ടുവച്ചിട്ടില്ല.

Latest Videos

undefined

പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത 'സര്‍ജിക്കല്‍ സമ്മാനം' തരാന്‍ കേന്ദ്രം ഒരുങ്ങുന്നു!

രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊപ്പം പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ പെട്രോൾ, ഡീസൽ വില വർദ്ധന വരുന്നത്. പാക്കിസ്ഥാനിലെ പണപ്പെരുപ്പം നിലവിൽ 21.3 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലാണ്. കഴിഞ്ഞ വർഷം യുഎസ് ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപയ്ക്ക് അതിന്റെ മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 10 ബില്യൺ ഡോളറിന്റെ നിർണായകമായ താഴ്ന്ന നിലയിലാണ്. ഇന്ധനവിലയിലെ വർധന പാക്കിസ്ഥാനിലെ ജനങ്ങളിൽ വിനാശകരമായ ആഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.

അതേസമയം പാക്കിസ്ഥാനിലെ കാർ വിപണി അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിൽപ്പന വളരെ കുറച്ച് മാത്രമായി തുടരുന്നു.  പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ കലങ്ങി മറിഞ്ഞ അവസ്ഥയിലൂടെ നീങ്ങുന്നത് തുടരുന്നു. മാത്രമല്ല ഓട്ടോമോട്ടീവ് വ്യവസായം മൊത്തത്തിൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നു. പല നിർമ്മാതാക്കളും ഉൽപ്പാദന സമയക്രമത്തിൽ താൽക്കാലിക വിരാമം പ്രഖ്യാപിച്ചു. 1000 സിസിയോ അതിൽ കുറവോ ശേഷിയുള്ള ചെറിയ എഞ്ചിനുകളുള്ള എൻട്രി ലെവൽ കാറുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിസന്ധിയെ തുടര്‍ന്ന് പാക്കിസ്ഥാനിലെ നാല് കാർ ഡീലർഷിപ്പുകൾ  ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ മോട്ടോഴ്‍സ് അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടോളമായി പാക്കിസ്ഥാനില്‍ വാഹനങ്ങൾ വിൽക്കുന്ന കിയ യാത്ര അവസാനിപ്പിച്ചത്. ഉൽപ്പാദനം കുറഞ്ഞതും രാജ്യത്തെ വിലക്കയറ്റവുമാണ് ഇതിന് കാരണമായി പറയുന്നത്. കിയ മോട്ടോഴ്‍സ് ക്വറ്റ, കിയ മോട്ടോഴ്‌സ് ചെനാബ് ഗുജറാത്ത്, കിയ മോട്ടോഴ്‍സ് മോട്ടോഴ്‌സ് അവന്യൂ ദേരാ ഗാസി ഖാൻ, മോട്ടോഴ്‌സ് ഗേറ്റ്‌വേ മർദാൻ എന്നീ ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടാനാണ് കമ്പനി തീരുമാനിച്ചത്. അതേസമയം പാക്കിസ്ഥാനിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ചൂട് അനുഭവപ്പെടുന്ന ആദ്യത്തെ കാർ നിർമ്മാതാക്കളല്ല കിയ.  ഇതിനുമുമ്പ് സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികളും പാക്കിസ്ഥാനിലെ തങ്ങളുടെ ഉൽപ്പാദന സൗകര്യങ്ങൾ അടച്ചുപൂട്ടിയിരുന്നു. മറ്റ് പല കാർ നിർമ്മാതാക്കളും ഉൽപ്പാദനം വെട്ടിക്കുറച്ചു.  പാക്കിസ്ഥാന്‍റെ സമീപകാല സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ആഗോള, അന്തർദേശീയ കാർ നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. പാകിസ്ഥാൻ ഈ മാന്ദ്യത്തിൽ നിന്ന് യഥാസമയം കരകയറുന്നില്ലെങ്കിൽ ഇനിയും പ്രമുഖ കാർ നിർമ്മാതാക്കളും വാഹന ബ്രാൻഡുകളും രാജ്യം വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യൻ രൂപയെ അപേക്ഷിച്ച് വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.27 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം.

youtubevideo

click me!