സീറ്റിൽ ഒറ്റയ്‍ക്ക് ഇരിക്കണം, കൊറോണയെന്നു കള്ളം പറഞ്ഞ് യുവാവ്!

By Web Team  |  First Published Mar 18, 2020, 8:08 AM IST

ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കുന്നതിനായി തനിക്ക് കൊറോണയാണെന്നു കള്ളം പറഞ്ഞ് യുവാവ് 


ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കുന്നതിനായി തനിക്ക് കൊറോണയാണെന്നു കള്ളം പറഞ്ഞ് യുവാവ് . അടുത്തിരിക്കാന്‍ വന്നയാളോടായിരുന്നു യുവാവ് ഇങ്ങനെ പറഞ്ഞത്. ഇതോടെ മറ്റു യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. 

കഴിഞ്ഞദിവസം രാവിലെ 6.30ന് താമരശ്ശേരിയിലാണ് സംഭവം. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഈ ബസ് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കയറിയ യാത്രികന്‍ മൈസൂരു സ്വദേശിയായ യുവാവിന്‍റെ സീറ്റിനരികില്‍ ഇരിക്കാനെത്തി. അപ്പോള്‍ യുവാവ് തനിക്ക് കൊറോണയുണ്ടെന്നും അടുത്തിരിക്കരുതെന്നും പറയുകയായിരുന്നു.

Latest Videos

ഇതു കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രശ്നം കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തി. യാത്രക്കാര്‍ പരിഭ്രാന്തരായതോടെ കണ്ടക്ടർ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുൻപിൽ ബസ് നിർത്തി വിവരം അറിയിച്ചു.

ഉടൻ തന്നെ പൊലീസ് യാത്രക്കാരനെ ബസിൽ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയിൽ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോർട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. 

എന്നാല്‍ സംഭവം കൈവിട്ടു പോയതോടെ പുതിയ വാദവുമായി യുവാവ് രംഗത്തെത്തി. കൊറോണ മാസ്‍ക് ധരിക്കാത്തതിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാൻ വന്നയാൾക്കു മനസ്സിലാവാത്തതാണ് പ്രശ്‍നങ്ങള്‍ക്കു കാരണമെന്നുമാണ് മൈസൂരു സ്വദേശിയായ യുവാവിന്‍റെ വാദം.  

click me!