എച്ചും എട്ടും കിട്ടിയാലും ഇനി ലൈസന്‍സ് കിട്ടില്ല!

By Web Team  |  First Published May 17, 2019, 11:08 AM IST

വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസൻസ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 


തിരുവനന്തപുരം: വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസൻസ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്.  എന്നാല്‍ ഇനി ഇതു മാത്രം പോരാ ധാരണയും നിരീക്ഷണ പാടവവും ഉൾപ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസൻസ് നൽകുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടർ വാഹനവകുപ്പിന്‍റെ നീക്കം. 

ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്‍റ്റ് രീതിയാണ് കൊണ്ടുവരുന്നത്.  മുന്നിൽ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്‍റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോൾ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതല്‍ തെറ്റുകൾ വരുത്തുന്നവരെ പരാജയപ്പെടുത്തും. 

Latest Videos

undefined

ഇതിനൊപ്പം നിരവധി പരിഷ്‍കാരങ്ങളും നടപ്പിലാക്കുന്നുണ്ട്.  കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കാനാണ് നീക്കം. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയും മാറ്റും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നൽകും. വാഹനം നിര്‍ത്തുന്നതിനു മുമ്പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടർന്നു  ക്ലച്ചും അമർത്തുന്ന രീതിയാണിത്. ഇതാണ് വാഹനത്തിന്റെ ആയുസ്സിനും കാര്യക്ഷമതയ്ക്കും നല്ലതെന്നതാണു വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രീതി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ പരിഷ്‍കാരങ്ങള്‍ക്കു മുന്നോടിയായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം വിഐമാര്‍ക്കും 5 ദിവസം വീതം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കാനാണ് തീരുമാനം. കോഴ്സ് കഴിഞ്ഞവർക്ക് കടും നീല ഓവർകോട്ടും ബാഡ്‍ജും നല്‍കും. പിന്നീട് ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോൾ ഈ ഓവര്‍ക്കോട്ടും ബാഡ്‍ജും ധരിക്കാനാണ് നിർദേശം. 6000 രൂപയാണ് പരിശീലനത്തിനുള്ള ഫീസ്. ഇതിൽ 3000 രൂപ റോഡ് സുരക്ഷാ നിധിയിൽ നിന്നു നൽകാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!