സംസ്ഥാനത്ത് നിലവിൽ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രോണിൽ എഐ ക്യാമറകൾ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ ഇല്ലാതാക്കാനുമാണ് നീക്കം. സംസ്ഥാനത്ത് നിലവിൽ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി മൂന്നു മാസം മുമ്പാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നത് ഉള്‍പ്പെടെ കൂടുതൽ പരിഷ്‍കാരങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്നാണ് ശ്രീജിത്ത് ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കുന്നു. നിലവിലെ എഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.
ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഏസി ഹെല്‍മറ്റ്, ഗുജറാത്ത് പൊലീസ് വേറെ ലെവലാ!
നിലവിലെ എഐ ക്യാമറകൾക്ക് പുറമെ, ഒരു ജില്ലയിൽ 10 എ ഐ ഡ്രോൺ ക്യാമറകൾ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് ഈ മാസം ആദ്യവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇപ്പോൾ ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങൾ നടക്കുന്നുവെന്നാണ് വിലയിരുത്തൽ. ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും പൊലീസിന്‍റെ പരിശോധനയാണ് ആശ്രയം.
അതേസമയം സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. ഗതാഗത നിയമലംഘനങ്ങൾ തടയാനായി എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ റോഡുകളിലുണ്ടായ മാറ്റത്തെ പ്രകീർത്തിച്ചുള്ള തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് മേധാവിയും പൊലീസ് സര്‍ജന്നുമായ ഡോ ഉന്മേഷ് എ കെയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലായിരുന്നു.
ഇഷ അംബാനിയുടെ ഈ കാര്‍ ഓടുമ്പോള്‍ ഓന്തിനെപ്പോലെ നിറം മാറും, എന്താണിതിന്‍റെ രഹസ്യം!
എഐ ക്യാമറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് ആദ്യം കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡോ ഉന്മേഷിന്‍റെ കുറിപ്പ്. എന്നാൽ ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ ആശ്വാസകരമാണെന്ന് അദ്ദേഹം പറയുന്നു. മിക്ക ഇരുചക്രവാഹനക്കാരും ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണെന്നും ഡോ ഉന്മേഷ് എഴുതുന്നു.