കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്പർ വെള്ള ഹുണ്ടായ് ഇയോൺ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്
കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്പർ വെള്ള ഹുണ്ടായ് ഇയോൺ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മോട്ടർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹീലിന്‍റെ മൊബൈൽ ഫോണിൽ സന്ദേശം എത്തിയത്. തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്നും ഇ ചെലാൻ ഡൗൺലോഡ് ചെയ്തു. സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. എന്നാൽ നോട്ടിസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടർ വാഹന വകുപ്പിന്‍റെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയാണ് നോട്ടീസിലുള്ളത്. പക്ഷേ കാറിന്റെ നമ്പർ വ്യക്തമല്ല.
തിരുവനന്തപുരം കൃഷ്ണ നഗർ സ്നേഹപുരിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ട് 5.08 ന് നിയമം ലംഘിച്ച് വാഹനം കടന്നു പോയതായാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്നാണ് സഹീൽ പറയുന്നത്. നിയമലംഘനം നടത്തിയ കാറിന്‍റെ ഫോട്ടോയെടുത്ത ഉദ്യോഗസ്ഥർ വാഹന നമ്പർ രേഖപ്പെടുത്തിയപ്പോൾ പിഴവ് വരുത്തിയത് ആകാമെന്നാണ് സംശയം. നോട്ടീസിലെ പിഴവിനെ പറ്റി മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സഹിൽ.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...