'ട്രാഫിക് ഫൈൻ കിട്ടി', വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി

By Web Team  |  First Published Nov 16, 2024, 12:57 PM IST

പേയ്മെന്‌റ് ലിങ്ക് വാട്ട്സ്ആപ്പിലേക്ക്   അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ല. ഇത്തരം സന്ദേശങ്ങൾ  ഓപ്പൺ ചെയ്യരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.


തിരുവനന്തപുരം: സീറ്റ് ബെൽറ്റ് ഇട്ടില്ല, ഹെൽമറ്റ് ഇല്ല, ട്രാഫിക് സിഗ്നൽ ലംഘിച്ചു, ഫൈനടക്കണമെന്നാവശ്യപ്പെട്ട് നിങ്ങളുടെ വാട്ട്സ്ആപ്പിൽ ഒരു മെസേജ് എത്തിയോ ? എങ്കിൽ ജാഗ്രത വേണം. ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാൽ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? എങ്കിലത് സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ,ഇത്തരം ഒരു സന്ദേശമോ പേയ്മെന്‍റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും.  ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അതിനാൽ രണ്ട് വട്ടം ചിന്തിച്ച് വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

Latest Videos

undefined

മോട്ടോർ വാഹനവകുപ്പിന്‍റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും  രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്മെന്‌റ് ലിങ്ക് വാട്ട്സ്ആപ്പിലേക്ക്   അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ല.  ഇത്തരം സന്ദേശങ്ങൾ  ഓപ്പൺ ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും, സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്  എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട്  സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More : കയ്യിൽ ഒരു കവർ, എത്തിയത് കൂലിപ്പണിക്കാരനെപോലെ;ചുറ്റും നോക്കി ആളില്ലാത്ത കടയിൽ കയറി മോഷ്ടിച്ച് മുങ്ങും, പിടിയിൽ

click me!