മൊബൈൽ ഫോൺ ഉപയോഗിച്ചതു കൊണ്ടു മാത്രം നടന്ന അപകടങ്ങളില്‍ ഒറ്റ വര്‍ഷത്തിനിടെ 1,040 ജീവനുകൾ അപഹരിച്ചതായി റിപ്പോര്‍ട്ട്.
ഡ്രൈവിങ്ങിനിടെ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ചതു കൊണ്ടു മാത്രം നടന്ന അപകടങ്ങളില്‍ ഒറ്റ വര്‍ഷത്തിനിടെ 1,040 ജീവനുകൾ അപഹരിച്ചതായി റിപ്പോര്‍ട്ട്. 2021ലെ മാത്രം കണക്കാണിത്. 2021ല്‍ മാത്രം ഇത്തരം 1,997 റോഡ് അപകടങ്ങൾ നടന്നു എന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. ' ഇന്ത്യയിലെ റോഡപകടങ്ങൾ- 2021' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
2021ൽ ആകെ 4,12,432 റോഡപകടങ്ങൾ ഉണ്ടായി എന്നും ഇതില്‍ ആകെ 1,53,972 പേർ മരിച്ചെന്നും 3,84,448 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021ല്‍ 222 പേരുടെ മരണത്തിന് കാരണമാക്കിയത് ചുവപ്പ് സിഗ്നല്‍ ലൈറ്റ് അവഗണിച്ചതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ആകെ 555 അപകടങ്ങളാണ് മന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോർട്ട് അനുസരിച്ച്, 2021 ൽ മൊത്തം അപകടങ്ങളും കുഴികൾ മൂലമുള്ള മരണവും യഥാക്രമം 3,625 ഉം 1,481 ഉം ആയിരുന്നു.
പല കാരണങ്ങളാൽ ഉണ്ടാകുന്നതാണ് റോഡപകടങ്ങൾ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും എല്ലാ ഏജൻസികളുടെയും യോജിച്ച ശ്രമങ്ങളിലൂടെ റോഡപകടങ്ങള്‍ ലഘൂകരിക്കുന്നതിന് ബഹുമുഖ നടപടികൾ ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ഡ്രൈവിംഗ് വിദ്യാഭ്യാസം, മികച്ച എഞ്ചിനീയറിംഗ് (റോഡുകളും വാഹനങ്ങളും), എൻഫോഴ്‌സ്‌മെന്റ്, എമർജൻസി കെയർ എന്നിവയെ അടിസ്ഥാനമാക്കി റോഡ് സുരക്ഷയുടെ പ്രശ്‌നം പരിഹരിക്കുന്നതിന് റോഡ് മന്ത്രാലയം ഒരു ബഹുമുഖ തന്ത്രം ആവിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം പുതുവര്‍ഷത്തില്‍ കേരളത്തിലെ ആദ്യ ദിനത്തിലെ അപകടമരണങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പുതുവർഷത്തെ ആദ്യദിനം മാത്രം സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു.
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം
ഇടുക്കി അടിമാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞ വാർത്ത കേട്ട പുതുവർഷം പുലർന്നത്. ആലപ്പുഴ ബീച്ചിൽ പുതുവർഷ ആഘോഷത്തിനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ച് കയറി.
പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തും പുലർച്ചെ ഉണ്ടായ രണ്ട് വാഹനാപടങ്ങളിലായി മൂന്ന് പേർ മരിച്ചു. തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനിൽ നടന്ന അപകടത്തിൽ കുന്നന്താനം സ്വദേശി അരുൺകുമാറും ചിങ്ങവനം സ്വദേശി ശ്യാമുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഏനാത്ത് വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരൻപിള്ള മരിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് കയറിയിറങ്ങി കാല്‍നടയാത്രക്കാരി മരിച്ചു. കൊയിലാണ്ടി നെല്ല്യാടി സ്വദേശി വിയ്യൂര്‍ വളപ്പില്‍താഴെ ശ്യാമളയാണ് ആണ് മരിച്ചത്. രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്.