MG Astor| ആസ്റ്റർ എസ്‌യുവിയുടെ ബുക്കിംഗ്, ഡെലിവറി തീയതികൾ പുതുക്കാന്‍ എംജി മോട്ടോർ

By Jabin MV  |  First Published Nov 21, 2021, 11:20 PM IST

സെമി കണ്ടക്ടറുകളുടെ ക്ഷാമം ഒക്ടോബറിൽ പുറത്തിറക്കിയ എംജി ആസ്റ്റർ എസ്‌യുവിയുടെ ഡെലിവറി തീയതികളെ ബാധിച്ചതായി റിപ്പോര്‍ട്ട്


സെമി കണ്ടക്ടറുകളുടെ (Chip Shortage) ക്ഷാമം ഒക്ടോബറിൽ പുറത്തിറക്കിയ എംജി ആസ്റ്റർ എസ്‌യുവിയുടെ (MG Astor SUV) ഡെലിവറി തീയതികളെ ബാധിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ എല്ലാ വിതരണക്കാരും ചിപ്പ് ക്ഷാമം നേരിടുന്നുണ്ടെന്നും അതിനാൽ കാറുകളുടെ ഉൽപ്പാദനവും ഡെലിവറിയും തിരിച്ചടിയായെന്നും എംജി മോട്ടോർ (MG Motor) അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രമരഹിതമായ വിതരണങ്ങൾ കാരണം സ്ഥിതിഗതികൾ നിലവിൽ അഭൂതപൂർവമാണെന്നും ബ്രാൻഡിന്റെ ഘടക വിതരണക്കാരുടെ പ്രതിവാര ഷെഡ്യൂളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്‍ത പറയുന്നു. ഈ കലണ്ടർ വർഷത്തിൽ ആസ്റ്ററിന്‍റെ 5,000 യൂണിറ്റുകൾ വിതരണം ചെയ്യുമെന്ന് കമ്പനി വാഗ്ദാനം ചെയ്‍തിട്ടുണ്ടെങ്കിലും, സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത വർഷത്തേക്ക് ഇത് നീക്കിവയ്ക്കും എന്നും എന്നിരുന്നാലും, എല്ലാ ഉപഭോക്താക്കള്‍ക്കും വാഹനം ലോഞ്ച് ചെയ്യുമ്പോഴുള്ള അതേ വിലയില് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest Videos

സ്റ്റൈൽ, സൂപ്പർ, സ്‍മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് എംജി ആസ്റ്റർ എസ്‌യുവി വരുന്നത്. സ്‌റ്റൈൽ, സൂപ്പർ വേരിയന്റുകൾക്ക് ബ്രാൻഡിന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള ഡിമാൻഡുകൾ ലഭിച്ചതായി എംജി മോട്ടര്‍ അറിയിച്ചു. എംജി ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ അംഗീകൃത ഡീലർഷിപ്പുകളെ വിളിച്ച് ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു. പ്രശ്‍നം പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ ഉറപ്പു പറയുന്നു. 

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയോടാണ് ആസ്റ്റർ എസ്‌യുവി മത്സരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്‍മിഷൻ ചോയിസുകളുമായാണ് വാഹനം എത്തുന്നത്. 

1.5 ലിറ്റർ പെട്രോൾ മോട്ടോർ, 1.3 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ. ഇതില്‍ ആദ്യത്തേതിന് 110 പിഎസ് പവറും 144 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയും. രണ്ടാമത്തേതിന് 140 പിഎസ് പവറും 220 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. രാജ്യത്തെ ആദ്യത്തെ AI- പ്രാപ്‌തമാക്കിയ വാഹനം കൂടിയാണ് എം‌ജി ആസ്റ്റർ.  കൂടാതെ കാര്യമായ ഡ്രൈവർ-അസിസ്റ്റും സുരക്ഷാ സവിശേഷതകളും ഉണ്ട്.

click me!