2021 സെപ്‍റ്റംബറില്‍ എംജി മോട്ടോർ ഇന്ത്യ 3,241 യൂണിറ്റുകൾ വിറ്റെന്നാണ് കണക്കുകള്‍.
ആഗോള വാഹന വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ചിപ്പുകള്‍ അഥവാ സെമി കണ്ടക്ടറുകളുടെ (Chip Shortage) ക്ഷാമം. എന്നാല്‍ ഇതൊന്നും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‍സിനെ (MG Motors) ബാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍. കാരണം 2021 സെപ്റ്റംബറിൽ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച പ്രകടനമാണ് എംജി (MG) നടത്തിയിരിക്കുന്നത്.
2021 സെപ്‍റ്റംബറില്‍ എംജി മോട്ടോർ ഇന്ത്യ 3,241 യൂണിറ്റുകൾ വിറ്റെന്നാണ് കണക്കുകള്‍. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28% വർദ്ധനവാണെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെച്ചപ്പെട്ട വിൽപ്പനയ്ക്ക് പുറമേ, എംജി മോട്ടോർ ഇന്ത്യയ്ക്ക് 2021 സെപ്റ്റംബറിൽ എംജി ഇസഡ്എസ് ഇവിക്ക് 600ല്‍ അധികം ബുക്കിംഗുകളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്.
കമ്പനിയുടെ പുതിയ മോഡലായ ആസ്റ്ററിനെ അടുത്തിടെയാണ് എംജി മോട്ടോഴ്‌സ് വിപണിയില്‍ അനാവരണം ചെയ്‍തത്. ഈ മിഡ്-സൈസ് എസ്‌യുവിക്കായുള്ള വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുന്ന ഒക്ടോബർ ഏഴിനായിരിക്കും ഓൺലൈനിലൂടെ ഫ്ലാഷ് സെയിലിന് തുടക്കമാകുക.