അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!

By Web Team  |  First Published Sep 21, 2021, 11:21 PM IST

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ ഈ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം ജി മോട്ടോഴ്‌സ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് 


ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് അടുത്തിടെയാണ് ഇന്ത്യയിലെ വാഹന നിര്‍മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെയും ചെന്നൈയിലെയും പ്ലാന്‍റുകള്‍ പൂട്ടും എന്നായിരുന്നു കമ്പിനയുടെ പ്രഖ്യാപനം. 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്റെ മധ്യത്തോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ ഈ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം ജി മോട്ടോഴ്‌സ് നീക്കം നടത്തുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതു സംബന്ധിച്ച് എംജി മോട്ടോഴ്‌സും ഫോര്‍ഡും പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഹാലോലിലാണ് എം.ജി. മോട്ടോഴ്‌സിന്റെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് എം.ജി. മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.  എന്നാല്‍, ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. 

Latest Videos

കൊറോണ ഒന്നാം തരംഗത്തിന് ശേഷം വാഹന വില്‍പ്പന ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി ഫോര്‍ഡിന്റെ വാഹന നിര്‍മാണശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നത് എം.ജി പരിഗണിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതും പ്ലാന്റ് ഏറ്റെടുക്കുന്നതും സംബന്ധിച്ച വിഷയങ്ങള്‍ ഇരുകമ്പനികളും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. 

മറ്റ് വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും, പ്ലാറ്റ്‌ഫോം പങ്കിടുന്നതും, കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ഫോര്‍ഡുമായി വിവിധ കമ്പനികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്തിടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണം ആരംഭിച്ച ഒല ഇലക്ട്രിക്കുമായി ഫോര്‍ഡ് സഹകരണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സൂചനകളുണ്ട്. 

ഇന്ത്യയിലെ പ്രവര്‍ത്തനം നഷ്ടത്തില്‍ തുടരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് ഫോര്‍ഡ് ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, തിരഞ്ഞെടുത്ത മോഡലുകള്‍ ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ വില്‍പ്പന തുടരുമെന്നാണ് ഫോര്‍ഡ് അറിയിച്ചിട്ടുള്ളത്. അതേസമയം, ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോട്ട്, എന്‍ഡേവര്‍ തുടങ്ങിയ മോഡലുകള്‍ സ്‌റ്റോക്ക് തീരുന്നത് വരെ മാത്രം വില്‍ക്കാനാണ് ഫോര്‍ഡിന്‍റെ നീക്കം. 

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യ വിട്ട മറ്റൊരു അമേരിക്കന് വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‍സിന്‍റെ ഹലോളിലെ പ്ലാന്‍റ് ഏറ്റെടുത്തുകൊണ്ടായിരുന്നു എംജിയുടെ ഇന്ത്യന്‍ പ്രവേശനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!