2023ലും 2024ലും നിർമ്മിച്ച കോമറ്റ് ഇവികൾക്ക് കമ്പനി വ്യത്യസ്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവ്, ലോയൽറ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസ് എന്നിവയുടെ പ്രയോജനം ലഭിക്കും.
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണ് എംജി മോട്ടോർ ഇന്ത്യയുടെ കോമറ്റ് ഇവി. ഈ കാറിന് കമ്പനി ഈ ജൂലൈ മാസം 50,000 രൂപ വിലക്കിഴിവ് നൽകുന്നതായാണ് റിപ്പോര്‍ട്ടുകൾ. 2023ലും 2024ലും നിർമ്മിച്ച കോമറ്റ് ഇവികൾക്ക് കമ്പനി വ്യത്യസ്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവ്, ലോയൽറ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസ് എന്നിവയുടെ പ്രയോജനം ലഭിക്കും. ഈ ഇലക്ട്രിക് കാറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 6,98,800 രൂപയാണ്.
എംജി കോമറ്റ് ഇവി മോഡൽ വർഷം 2023-ന് 2024 ജൂലൈയിൽ മൊത്തം 50,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇതിൽ 25,000 രൂപ പ്രത്യേക കിഴിവ്, 20,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടുന്നു. അതേസമയം 2024 മോഡൽ വർഷത്തിൽ 40,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിൽ 20,000 രൂപ പ്രത്യേക കിഴിവ്, 15,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടുന്നു.
എംജി കോമറ്റിൽ 17.3kWh ബാറ്ററിയും പിൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ അടങ്ങിയിരിക്കുന്നു. ഈ എഞ്ചിൻ പരമാവധി 42 bhp കരുത്തും 110 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എആർഎഐ സാക്ഷ്യപ്പെടുത്തിയ 230 കിലോമീറ്റർ റേഞ്ച് ഈ ചെറിയ ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്നു. അതിൻ്റെ പ്രധാന എതിരാളിയായ ടിയാഗോ ഇവിയുടെ എൻട്രി ലെവൽ എംആർ വേരിയൻ്റുകളിൽ 19.2kWh ബാറ്ററിയും ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ലഭ്യമാണ്. ഇത് എആർഎഐ അവകാശപ്പെടുന്ന 250 കിലോമീറ്റർ പരിധി നൽകുന്നു. 3.3 kW ചാർജറിൻ്റെ സഹായത്തോടെ ചാർജിംഗ് സമയം 10 മുതൽ 80% വരെ 5 മണിക്കൂറും 0 മുതൽ 100% വരെ 7 മണിക്കൂറുമാണ്. അതേ സമയം, 7.4kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, 2.5 മണിക്കൂറിനുള്ളിൽ ഇവി 10 മുതൽ 80% വരെ ചാർജ് ചെയ്യാം. ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് ഈ ഇലക്ട്രിക് കാർ നൽകുന്നു. കോമറ്റ് ഇവിയിൽ 1000 കിലോമീറ്റർ ഓടിക്കുന്നതിന് 519 രൂപയായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ വേഗതയേറിയ ചാർജിംഗ് ഓപ്ഷൻ അവതരിപ്പിച്ചുകൊണ്ട് എംജി കോമറ്റ് ഇവി മോഡൽ ലൈനപ്പ് പുനഃക്രമീകരിച്ചിരുന്നു. പേസ്, പ്ലേ, പ്ലഷ് ട്രിമ്മുകൾ യഥാക്രമം എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ പുനർനാമകരണം ചെയ്തു. എങ്കിലും, ഉയർന്ന എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് ട്രിമ്മുകളിൽ മാത്രമാണ് ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ലഭ്യമാക്കിയത്.
ഒരു ചെറിയ ഇവി ആണെങ്കിലും, 55-ലധികം കണക്റ്റഡ് ഫീച്ചറുകൾ, കീലെസ് എൻട്രി, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മൂന്ന് യുഎസ്ബി പോർട്ടുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് ക്യാമറ, സെൻസറുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി നൂതന ഫീച്ചറുകൾ കോമറ്റിൽ എംജി വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.