ഇന്ത്യയില്‍ മെഴ്‌സിഡസ് ബെന്‍സ് പിറന്നിട്ട് കാല്‍നൂറ്റാണ്ട്

By Web Team  |  First Published Dec 2, 2019, 9:45 AM IST

1994 ലാണ് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ സ്ഥാപിതമായത്


ദില്ലി: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ രജത ജൂബിലി ആഘോഷിക്കുന്നു. രണ്ട് രജതജൂബിലികള്‍ ഒരുമിച്ചാണ് കമ്പനി ആഘോഷിക്കുന്നതെന്നതും പ്രത്യേകതയാണ്. 

ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതിന്റെ രജത ജൂബിലി ആഘോഷച്ചതിനു പിന്നാലെ രാജ്യത്ത് തദ്ദേശീയമായി കാറുല്‍പ്പാദനം ആരംഭിച്ചതിന്റെ കാല്‍നൂറ്റാണ്ട് കൂടി ആഘോഷിക്കുകയാണ് കമ്പനി.

Latest Videos

undefined

1994 ലാണ് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ സ്ഥാപിതമായത്. ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് എന്ന് അറിയപ്പെടുന്ന ടെല്‍ക്കോയുമായി സഹകരിച്ചാണ് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. അതേ വര്‍ഷം തന്നെ ആദ്യ മോഡല്‍ തദ്ദേശീയമായി അസംബിള്‍ ചെയ്തു. ഡബ്ല്യു124 ഇ220 ആണ് കമ്പനി തദ്ദേശീയമായി നിര്‍മിച്ച ആദ്യ മോഡല്‍. ടെല്‍ക്കോയുടെ പ്ലാന്റിലാണ് ഇത് അസംബിള്‍ ചെയ്തത്.  

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളെന്ന നിലയില്‍ രണ്ട് രജത ജൂബിലികളും ഒരേ വര്‍ഷം ആഘോഷിക്കുന്നത് വലിയ കാര്യമാണെന്ന് മെഴ്‌സേഡസ് ബെന്‍സ് മാനേജ്‌മെന്റ് ബോര്‍ഡ് അംഗം യോര്‍ഗ് ബര്‍സര്‍ പറഞ്ഞു. ജീവനക്കാരുടെയും ഡീലര്‍ പങ്കാളികളുടെയും വിതരണക്കാരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഇന്ത്യയിലെ വിജയമെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് വ്യക്തമാക്കി.

രജത ജൂബിലികള്‍ക്കൊപ്പം, മെഴ്‌സേഡസ് ബെന്‍സിന്റെ ഇന്ത്യയിലെ ചാകണ്‍ പ്ലാന്റ് ഇപ്പോള്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്.  2009 ലാണ് മഹാരാഷ്ട്രയിലെ ചാകണില്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്. നൂറിലധികം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് മെഴ്‌സേഡസ് ബെന്‍സിന്റെ ചാകണ്‍ പ്ലാന്റ്. നിലവില്‍ സിഎല്‍എ, സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ്, മെയ്ബാക്ക് എസ്-ക്ലാസ്, ജിഎല്‍എ, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ് മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

click me!