മാരുതി സുസുക്കി ഫ്രോങ്‌സിൻ്റെ വിൽപ്പന, കിഴിവ് ഓഫറുകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി വിഭാഗത്തിൻ്റെ ആവശ്യകതയിൽ തുടർച്ചയായ വർധനവുണ്ട്. ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം ഇപ്പോൾ എസ്‌യുവി സെഗ്‌മെൻ്റാണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന എസ്‌യുവിയായ മാരുതി സുസുക്കി ഫ്രോങ്ക്സിന് കമ്പനി ജൂലൈ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഫ്രോങ്ക്സ് വാങ്ങുന്നവർക്ക് പരമാവധി 75,000 രൂപ ലാഭിക്കാൻ കഴിയും. മാരുതി സുസുക്കി ഫ്രോങ്‌സിൻ്റെ വിൽപ്പന, കിഴിവ് ഓഫറുകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
10 മാസത്തിനുള്ളിൽ ഒരുലക്ഷം യൂണിറ്റ് എസ്‌യുവി വിറ്റഴിച്ച പാസഞ്ചർ വാഹന വിഭാഗത്തിലെ ആദ്യത്തെ കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. 2023 ഏപ്രിലിൽ കമ്പനി പുറത്തിറക്കിയ മാരുതി സുസുക്കി ഫ്രോങ്ക്സ്, 2024 സാമ്പത്തിക വർഷത്തിൽ മൊത്തം 1,34,735 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ജൂലൈ മാസത്തിൽ മാരുതി സുസുക്കി ഫ്രോങ്ക്സിന്‍റെ ടർബോ പെട്രോൾ വേരിയൻ്റിന് 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപയുടെ വെലോസിറ്റി എഡിഷൻ ആക്‌സസറികളും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 75,000 രൂപയുടെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, മാരുതി സുസുക്കി ഫ്രോങ്ക്സ് മാനുവൽ ട്രാൻസ്മിഷൻ വേരിയൻ്റിന് 32,500 രൂപയും ഓട്ടോമാറ്റിക് വേരിയൻ്റിന് 37,500 രൂപയും കിഴിവ് നൽകുന്നു. മാരുതി സുസുക്കി ഫ്രോങ്ക്സിന്‍റെ സിഎൻജി വേരിയൻ്റിന് കമ്പനി 10,000 രൂപ കിഴിവ് നൽകുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.
ഫ്രോങ്ക്സിന്‍റെ പവർ ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ പരമാവധി 100 ബിഎച്ച്പി കരുത്തും 147 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. മറ്റൊന്നിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. അത് പരമാവധി 90 ബിഎച്ച്പി കരുത്തും 113 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. ടാറ്റാ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV 3X0, ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ എസ്‌യുവികളോടാണ് മാരുതി സുസുക്കി ഫ്രോങ്കസ് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. മുൻനിര മോഡലിന് 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്‌സ് ഷോറൂം വില.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.