ഒറ്റവർഷം നിർമ്മിച്ചത് 20 ലക്ഷം കാറുകൾ! റെക്കോഡുമായി മാരുതി സുസുക്കി

By Web Team  |  First Published Dec 18, 2024, 3:44 PM IST

ഒരു കലണ്ടർ വർഷത്തിനകം രണ്ട് ദശലക്ഷം (20 ലക്ഷം) വാഹനങ്ങൾ മാരുതി സുസുക്കി ഉൽപ്പാദിപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ കാർ കമ്പനി എന്ന ബഹുമതിയും മാരുതി സ്വന്തമാക്കി.


2024 മാരുതി സുസുക്കിക്ക് മികച്ച വർഷമാണെന്ന് തെളിയിച്ച് വിൽപ്പന കണക്കുകൾ. ഈ വർഷം കമ്പനി നിരവധി വിൽപ്പന നാഴികക്കല്ലുകൾ സ്ഥാപിച്ചു. വർഷാവസാനത്തിന് മുമ്പ് വിജയത്തിൻ്റെ മറ്റൊരു പുതിയ രത്നം കൂടി കമ്പനി കിരീടത്തിൽ ചാർത്തിയിരിക്കുന്നു. ഒരു കലണ്ടർ വർഷത്തിൽ രണ്ട് ദശലക്ഷം (20 ലക്ഷം) വാഹനങ്ങളുടെ ഉൽപ്പാദനം കമ്പനി മറികടന്നു. ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ കാർ കമ്പനി എന്ന ബഹുമതിയും മാരുതി സ്വന്തമാക്കി.

20 ലക്ഷം വാഹനങ്ങളിൽ 60 ശതമാനം ഹരിയാനയിലും 40 ശതമാനം ഗുജറാത്തിലുമാണെന്ന് കമ്പനി അറിയിച്ചു. ഇതിൽ ബലേനോ, ഫ്രോങ്ക്സ്, എർട്ടിഗ, വാഗൺആർ, ബ്രെസ തുടങ്ങിയവയാണ് ഈ വർഷം കമ്പനി നിർമ്മിച്ച ഏറ്റവും മികച്ച വിൽപ്പനയുള്ള അഞ്ച് വാഹനങ്ങൾ. നവംബറിലെ വിൽപ്പനയിൽ 10% വളർച്ച രേഖപ്പെടുത്തി 1,81,531 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റത്.

Latest Videos

undefined

20 ലക്ഷം ഉൽപ്പാദന നാഴികക്കല്ല് ഇന്ത്യയുടെ ഉൽപ്പാദന ശേഷിയുടെയും 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. ഈ നേട്ടം ഞങ്ങളുടെ വിതരണക്കാരോടും ഡീലർമാരോടുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അതുപോലെ തന്നെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രനിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തെ സ്വയം പര്യാപ്തവും ആഗോളതലത്തിൽ മത്സരപരവുമാക്കുന്നതിനും സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാന, ഗുജറാത്ത് പ്ലാന്‍റുകളുടെ സംയോജിത ഉൽപ്പാദന ശേഷി 2.35 ദശലക്ഷം യൂണിറ്റാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ശേഷി നാല് ദശലക്ഷം യൂണിറ്റായി ഉയർത്താൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. ഒരു ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള മറ്റൊരു പ്ലാന്‍റും മാരുതി സുസുക്കി ആസൂത്രണം ചെയ്യുന്നു. ഇതിനായി കമ്പനി സ്ഥലം അന്വേഷിക്കുന്നുണ്ട്.

click me!