യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, കൊവിഡാനന്തര കാലത്ത് രാജ്യത്ത് ട്രെയിന്‍ സർവീസിൽ വരുന്നത് വമ്പന്‍ മാറ്റങ്ങള്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊവിഡാനന്തര കാലത്ത് രാജ്യത്ത് ട്രെയിന്‍ സർവീസിൽ വരുന്നത് വമ്പന്‍ മാറ്റങ്ങള്‍. അഞ്ഞൂറോളം ട്രെയിനുകള്‍ എന്നെന്നേക്കുമായി ദ്ദാക്കുന്നതും രാജ്യമെമ്പാടുമായി പതിനായിരം സ്റ്റോപ്പുകളും ഇല്ലാതാക്കുന്നതുമാണ് ആ മാറ്റങ്ങളില്‍ പ്രധാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിൻ ഗതാഗതം സാധാരണനിലയിൽ പുനരാരംഭിക്കുമ്പോൾ അടുത്തവർഷം മുതൽ പുതിയ ടൈംടേബിളിലായിരിക്കും റെയിൽവേയുടെ പ്രവർത്തനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ട്രെയിൻ സർവീസുകളിൽ പുതിയ പരീക്ഷണത്തിനാണ് ഇന്ത്യന്‍ റെയിൽവേ തയ്യാറെടുക്കുന്നത്. വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് ലാഭകരമല്ലാത്ത അഞ്ഞൂറ് യാത്രാ തീവണ്ടികൾ റദ്ദാക്കാനാണ് തീരുമാനം. ടിക്കറ്റ് നിരക്ക് കൂട്ടാതെ വാർഷിക വരുമാനത്തിൽ 1500 കോടിയുടെ വർധന ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കും. ദീർഘദൂര ട്രെയിനുകളിൽ ഇരൂനൂറ് കിലോമീറ്റിനുള്ളിൽ പ്രധാനനഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ. അതായത് നിലവിൽ ദീർഘദൂര യാത്ര ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക സ്റ്റോപ്പുകൾ നിർത്തലാക്കും. ഈ സ്റ്റേഷനുകളിൽ മറ്റു ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ തുടരും.
നഷ്ടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ചരക്കുപാതയിൽ കൂടുതൽ വേഗത്തിൽ 15 ശതമാനം അധിക ചരക്കുവണ്ടികൾ സർവീസിനിറക്കാനും റെയില്‍വേ ആലോചിക്കുന്നു. യാത്രാവണ്ടിയുടെ ശരാശരി വേഗവും പത്തു ശതമാനവും വർധിപ്പിക്കും. റെയിൽവേയും മുംബൈ ഐ.ഐ.ടി.യിലെ വിദഗ്ധരും സംയുക്തമായി തയ്യാറാക്കിയതാണ് പുതുക്കിയ ടൈംടേബിൾ.
പുനക്രമീകരണം വഴി ചരക്കു തീവണ്ടികൾ ഈ പാതകളിൽ വേഗത്തിലോടിക്കാം. ചരക്കു തീവണ്ടികളുടെ എണ്ണം 15 ശതമാനം കൂട്ടാമെന്നും അതുവഴി വരുമാനം കൂട്ടാമെന്നും റെയിൽവെ കണക്കുകൂട്ടുന്നു. നിലവിൽ നിയന്ത്രിതമായാണ് റെയിൽവേയുടെ പ്രവർത്തനം. സാഹചര്യം മാറുമ്പോൾ പഴയ പല ട്രെയിനുകളും നിര്‍ത്തലാക്കിയാവും പുനക്രമീകരണം.
എന്നാല്‍ ചരക്ക് ട്രെയിനുകൾ കൂടുതൽ ഓടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഗ്രാമീണമേഖലയിലെ യാത്രക്കാർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പുതിയ തീരുമാനം ഗ്രാമീണ മേഖലയിലെ യാത്രക്കാരെ കാര്യമായി ബാധിക്കുമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്തായാലും ഈ പുതിയ പദ്ധതി ട്രെയിൻ സർവീസുകൾ പഴയപടിയാകുന്നതോടെ നടപ്പാക്കുന്ന് ഉറപ്പായിക്കഴിഞ്ഞു.
അതേസമയം റെയിൽവേയുടെ സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് ഈ നീക്കം. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും നീക്കമുണ്ട്.
റെയിൽവേയുടെ ഏഴ് നിർമാണ ഫാക്ടറികൾ ഇന്ത്യൻ റെയിൽവേയ്‌സ് റോളിങ് സ്‌റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും ഇനി പ്രവര്‍ത്തിക്കുക. സ്വകാര്യ വത്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവിൽപന ഉടൻ തുടങ്ങും. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനു നൽകാനും തിരുമാനിച്ചിട്ടുണ്ട്. സ്വകാര്യവല്‍ക്കരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സി.ഇ.ഒ ആയി നിയമിച്ചു. നിലവിലുള്ള ചെയർമാൻ വി.കെ യാദവ് തന്നെ ആയിരിക്കും ആദ്യ സിഇഒ.