ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 44കാരന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഓൺലൈനിലൂടെയായിരുന്നു 44കാരൻ കോടതിയിൽ ഹാജരായത്. എന്നാൽ ജഡ്ജ് ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടതോടെയാണ് 44കാരൻ കുടുങ്ങിയത്.
മിഷിഗൺ: ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് ഓൺലൈൻ കോടതി പരിഗണിക്കുന്നതിനിടെ യുവാവ് ഹാജരായത് വാഹനമോടിച്ച് കൊണ്ട്. അമേരിക്കയിലെ മിഷിഗണിലെ ആൻ ആർബോറിലാണ് സംഭവം. വാഷ്ട്യൂനാവ് കൌണ്ടി കോടതിയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. കോറി ഹാരിസ് എന്ന 44 കാരന്റെ ലൈസൻസ് റദ്ദാക്കിയത് സംബന്ധിച്ച കേസിലാണ് ജഡ്ജിയെയും വാദി ഭാഗം അഭിഭാഷകനേയും ഞെട്ടിച്ച സംഭവങ്ങളുണ്ടായത്.
ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 44കാരന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഓൺലൈനിലൂടെയായിരുന്നു 44കാരൻ കോടതിയിൽ ഹാജരായത്. എന്നാൽ ജഡ്ജ് ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടതോടെയാണ് 44കാരൻ കുടുങ്ങിയത്. ഡോക്ടറെ കാണാൻ ഇറങ്ങിയതാണെന്നും വാഹനം റോഡ് സൈഡിലേക്ക് ഒതുക്കുകയാണെന്ന് പറഞ്ഞ ശേഷവും ഇയാൾ വാഹനം ഓടിക്കുന്നത് തുടരുകയായിരുന്നു.
വാഹനം ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വിലക്കുള്ളതാണ്. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്ത ലൈസൻസുമായാണ് 44കാരൻ വാഹനം ഓടിക്കുന്നതെന്ന് ജഡ്ജി ഓർമ്മിപ്പിച്ചത്. 44കാരൻ ലൈവായി നിയമ ലംഘനം നടത്തിയതായും അത് സ്വയം സംപ്രേക്ഷണം ചെയ്തതായും കോടതി നിരീക്ഷിച്ചതോടെ കോറി ഹാരിസിന്റെ ജാമ്യം കോടതി റദ്ദാക്കി. പിന്നാലെ ആറ് മണിക്ക് മുൻപ് കോടതിയിൽ ഹാജരാകണമെന്നും കോടതി വിശദമാക്കുകയായിരുന്നു.
കോടതിയിൽ ഹാജരായ 44കാരനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ അയയ്ക്കുകയാണ് കോടതി ചെയ്തത്. ജൂൺ അഞ്ചിന് ഈ കേസ് തുടർന്ന് പരിഗണിക്കുമെന്നാണ് ജഡ്ജ് വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം