ടൊയോട്ട പിക്കപ്പ് ഓടിച്ച് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക്, ചെലവ് ഒരുകോടി!

By Web Team  |  First Published May 13, 2023, 11:05 AM IST

53 ദിവസമെടുത്ത് ഒരുകോടി രൂപയോളം ചെലവഴിച്ചാണ് ലഖ്‌വീന്ദർ സിംഗ് എന്ന പഞ്ചാബ് സ്വദേശി യുഎസിൽ നിന്ന് തന്‍റെ ടൊയോട്ട ടകോമ പിക്കപ്പ് ട്രക്ക് ഓടിച്ച് സ്വന്തം നാട്ടില്‍ എത്തിയത്.  


രാൾക്ക് ഒരു കാര്യത്തോട് അഭിനിവേശം ഉണ്ടായാൽ അത് പൂർത്തിയാക്കാൻ ആ വ്യക്തി ഏതറ്റം വരെയും പോകും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റിലുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കാര്‍ ഓടിച്ചു വന്ന സംഭവമാണ് ഇത്. 53 ദിവസമെടുത്ത് ഒരുകോടി രൂപയോളം ചെലവഴിച്ചാണ് ലഖ്‌വീന്ദർ സിംഗ് എന്ന പഞ്ചാബ് സ്വദേശി യുഎസിൽ നിന്ന് തന്‍റെ ടൊയോട്ട ടകോമ പിക്കപ്പ് ട്രക്ക് ഓടിച്ച് സ്വന്തം നാട്ടില്‍ എത്തിയത്.  

53 ദിവസം കൊണ്ട് 22,000 കിലോമീറ്ററും 23 രാജ്യങ്ങളും സഞ്ചരിച്ചാണ് ലഖ്‌വീന്ദർ സിംഗ് ഈ ദൂരം പൂർത്തിയാക്കിയത്. ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്കായ ടൊയോട്ട ടകോമയില്‍ യുഎസിലെ കാലിഫോർണിയയിൽ നിന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്‍തത്. 53 കാരനായ ലഖ്‌വീന്ദർ സിംഗിന്റെ ഈ ആവേശകരമായ യാത്ര വീഡിയോ റൈഡ് ആൻഡ് ഡ്രൈവ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ ലഖ്‌വീന്ദർ തന്റെ മുഴുവൻ യാത്രകളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ലഖ്‌വീന്ദർ സിംഗ് 1985ലാണ് യുഎസിലെത്തിയത്. അന്നുമുതൽ അവിടെ താമസിക്കുന്നു. 

Latest Videos

undefined

കാലിഫോർണിയയിലെ സാക്രമെന്റോയിലുള്ള മിസ്റ്റർ സിംഗിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച യാത്ര 22,000 കിലോമീറ്ററും 23 രാജ്യങ്ങളും പിന്നിട്ടു. ലഖ്‌വീന്ദര്‍ തന്‍റെ വെള്ള നിറത്തിലുള്ള ടൊയോട്ട ടകോമയെ കടൽ മാർഗം ആദ്യം ലണ്ടനിലെത്തിച്ചു. പിന്നീട് ഇംഗ്ലീഷ് ചാനലിലൂടെ റോഡ് മാർഗം പാരീസിലെത്തി. ഇതിനുശേഷം വാഹനത്തിൽ ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, തുർക്കി തുടങ്ങിയ രാജ്യങ്ങള്‍ കടന്ന് പാക്കിസ്ഥാനിലേക്കും എത്തി. ഇറാൻ വഴിയാണ് പാകിസ്ഥാനിലേക്ക് എത്തിയത്.  പാക്കിസ്ഥാനിൽ നിന്ന് ഒടുവില്‍ ഇന്ത്യയിലുമെത്തി. 

വിവിധ രാജ്യങ്ങളിലെ റോഡുകളിൽ ഡ്രൈവ് ചെയ്യുമ്പോഴുള്ള അനുഭവങ്ങളും സിംഗ് വിവരിക്കുന്നു. ജർമ്മനിയിലെ പ്രശസ്തമായ ഓട്ടോബാൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ റോഡുകൾ വാഹനമോടിക്കാൻ ഏറ്റവും സുഗമവും മികച്ചതുമാണെന്ന് അദ്ദേഹം പറയുന്നു. റോഡ് യാത്രയ്ക്ക് ഒരു കോടി രൂപയോളം സിംഗിന് ചെലവായി. യാത്രയ്ക്കിടെ, അമിതവേഗതയ്ക്ക് തനിക്ക് നാലിടത്ത് പിഴകൾ അടയ്ക്കേണ്ടതായും വന്നെന്ന് സിംഗ് പറയുന്നു. ഒന്ന് സെർബിയയിലും രണ്ട് തുർക്കിയിലും ഒന്ന് പാകിസ്ഥാനിലും.  22-ലധികം രാജ്യങ്ങളിൽ ഈ യാത്രയിൽ ടോൾ ടാക്സ് അല്ലെങ്കിൽ മറ്റ് ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകൾ ആണ് ഉപയോഗിച്ചത്. 

അതേസമയം 22,000 കിലോമീറ്റർ പിന്നിട്ട അദ്ദേഹത്തിന്റെ യാത്ര പൂർണ്ണമായും റോഡ് അധിഷ്ഠിതമായിരുന്നില്ല. സിംഗ് തന്റെ കാർ ആദ്യം യുഎസ്എയിൽ നിന്ന് യുകെയിലേക്കും പിന്നീട് അവിടെ നിന്ന് പാരീസിലേക്കും കടൽമാർഗം എത്തിക്കുകയായിരുന്നു. ടാക്കോമയെ അമേരിക്കയിലേക്ക് തിരികെ ഓടിച്ചു കൊണ്ടുപോകാത്തതിനാൽ, താൻ കടന്നുവന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും സിംഗിൾ എൻട്രി വിസ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇനി ഇന്ത്യയിൽ നിന്ന് വിമാനമാർഗമോ കടൽ മാർഗമോ അമേരിക്കയിലേക്ക് തന്‍റെ പിക്കപ്പ് ട്രക്കിനെ കയറ്റി അയയ്ക്കാനാണ് സിംഗിന്‍റെ പരിപാടി. 

click me!