കഴിഞ്ഞ മാസം ഥാറിൻ്റെ മൊത്തം വിൽപ്പന 6,160 യൂണിറ്റാണ്. എന്നാൽ ഏപ്രിലിൽ 257 യൂണിറ്റ് വിൽപ്പന മാത്രമാണ് മാരുതി സുസുക്കിക്ക് നേടാനായത്.
മഹീന്ദ്ര ഥാർ ഇന്ത്യയിൽ വളരെ ജനപ്രിയമായ ഒരു എസ്‌യുവിയാണ്. പുറത്തിറങ്ങി ഇത്രയും കാലമായിട്ടും അതിൻ്റെ ജനപ്രീതി മങ്ങുന്നതായി തോന്നുന്നില്ല. അടുത്തിടെ ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നിരുന്നു. ഈ കണക്കുകൾ പ്രകാരം, മഹീന്ദ്ര ഥാർ അതിന്‍റെ മുഖ്യ എതിരാളി ജിംനിയെ ഞെട്ടിക്കുന്ന വിൽപ്പന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇരട്ടിയോ മൂന്നിരട്ടിയോ അല്ല, പകരം 24 ഇരട്ടി ഥാറുകളാണ് കഴിഞ്ഞ മാസം ജിംനിയെക്കാൾ വിറ്റ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഥാറിൻ്റെ മൊത്തം വിൽപ്പന 6,160 യൂണിറ്റാണ്. എന്നാൽ ഏപ്രിലിൽ 257 യൂണിറ്റ് വിൽപ്പന മാത്രമാണ് മാരുതി സുസുക്കിക്ക് നേടാനായത്.
ഈ വർഷം ഏപ്രിലിൽ മഹീന്ദ്ര ഓട്ടോമോട്ടീവിന് ആകെ 6,160 യൂണിറ്റുകൾ ഥാർ വിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 5,302 യൂണിറ്റായിരുന്നു വിൽപ്പന. ഇത് 16 ശതമാനം വാർഷിക വിൽപ്പന വളർച്ച കാണിക്കുന്നു. അതേസമയം, മാസാടിസ്ഥാനത്തിൽ, മഹീന്ദ്ര ഥാർ രണ്ടുശതമാനം വളർച്ച രേഖപ്പെടുത്തി, മാർച്ചിലെ വിൽപ്പന 6,049 യൂണിറ്റുകളാണ്. പുറത്തിറങ്ങിയ 2020 ഓഗസ്റ്റ് 15 മുതൽഥാറിൻ്റെ മൊത്തത്തിലുള്ള വിൽപ്പന വളർച്ച വളരെ മികച്ചതാണ്.
undefined
അതേസമയം മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന വിശകലനത്തിലേക്ക് വരുമ്പോൾ, ഏപ്രിൽ മാസം എസ്‌യുവിയെ സംബന്ധിച്ചിടത്തോളം വളരെ മോശം മാസമായിരുന്നു. ഏപ്രിലിൽ 257 യൂണിറ്റ് വിൽപ്പന മാത്രമാണ് മാരുതി സുസുക്കിക്ക് നേടാനായത്. അതേസമയം പുറത്തിറങ്ങി ഒരു വർഷം തികയാത്തതിനാൽ ജിംനിയുടെ വാർഷിക വിൽപ്പന വളർച്ചയോ ഇടിവോ കണക്കുകൂട്ടുക സാധ്യമല്ല. 2023 ജൂണിൽ ആണ് ജിംനി വിപണിയിൽ എത്തുന്നത്. എന്നാൽ പ്രതിമാസ വിൽപ്പനയിൽ ജിംനി 19 ശതമാനം ഇടിവ് നേരിട്ടു. മാർച്ച് മാസത്തിൽ ജിംനിയുടെ മൊത്തം വിൽപ്പന 318 യൂണിറ്റായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിംനിയുടെ വിൽപ്പന കുറഞ്ഞു.
ലോഞ്ച് ചെയ്‌തതുമുതൽ, ജിംനി മോശം വിൽപ്പനയിൽ പാടുപെടുമ്പോൾ മറുവശത്ത്, മഹീന്ദ്ര ഥാർ വിൽപ്പനയിൽ കുതിച്ചുചാട്ടം നേരിടുന്നു. ഇതിന് എന്താണ് കാരണമെന്ന് പലരും ചിന്തിച്ചേക്കാം. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം ഥാറിന്‍റെ ഒന്നിലധികം ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളാണ്. ഇന്ത്യയിൽ ഥാറിൻ്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. അതേസമയം, ജിംനി ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വരുന്നത്.
കൂടാതെ, റിയർ-വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനുകൾക്കൊപ്പം ഥാർ വാഗ്ദാനം ചെയ്യുന്നു. അതേസമയം, ജിംനി, ഫോർ വീൽ ഡ്രൈവിനൊപ്പം മാത്രമാണ് സ്റ്റാൻഡേർഡ് വരുന്നത്. അത് എല്ലാവർക്കും ആവശ്യമില്ല. മഹീന്ദ്ര ഥാറിൻ്റെ കുറഞ്ഞ അടിസ്ഥാന വിലയും ജനപ്രിയതയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ബജറ്റ് അവബോധമുള്ള ഇന്ത്യൻ വിപണിയിൽ, ഓരോ ചില്ലിക്കാശും പ്രധാനമാണ്. ഇക്കാരണത്താൽ, ഥാർ ജിംനിയെ ജയിക്കുന്നു. മഹീന്ദ്ര ഥാറിൻ്റെ 2WD വേരിയൻ്റിന് 10.55 ലക്ഷം രൂപ മുതലാണ് വില. അതേസമയം, 4X4 വേരിയൻ്റുകൾക്ക് 13.87 ലക്ഷം രൂപ മുതലാണ് വില. എന്നാൽ ഡിസ്‌കൗണ്ടുകളില്ലാതെ 12.74 ലക്ഷം രൂപയാണ് ജിംനിയുടെ വില. കൂടാതെ, അതിൻ്റെ ടോപ്പ് എൻഡ് വേരിയൻ്റിന് 15.05 ലക്ഷം രൂപയാണ് വില. ഈ കുറഞ്ഞ അടിസ്ഥാന വില കാരണം, ഥാർ രാജ്യത്ത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നു.