"ആ പേര് മോഷ്‍ടിച്ചത്" കോടതിയെ സമീപിച്ച് എൽഎംഎൽ, കോപ്പിയടി കേസിൽ പുലിവാല് പിടിച്ച് ബജാജ്!

By Web Team  |  First Published Oct 4, 2024, 3:44 PM IST

'ഫ്രീഡം' എന്ന വ്യാപാരമുദ്ര ബജാജ് ഓട്ടോ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എൽഎംഎല്ലിൻ്റെ മാതൃ കമ്പനിയായ എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.


രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ അടുത്തിടെയാണ് ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്കായ ബജാജ് ഫ്രീഡം 125 പുറത്തിറക്കിയത്. വിപണിയിൽ എത്തിയ ഉടൻ തന്നെ ഈ മോട്ടോർസൈക്കിൾ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഡ്യുവൽ ഫ്യുവൽ ടെക്നോളജിയുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ ബൈക്കാണിത്. എന്നാൽ ഇപ്പോഴിതാ ഒരു കേസിൽ കുടുങ്ങി കോടതിയിൽ എത്തിയിരിക്കുകയാണ് ഈ സിഎൻജി ബൈക്കും ഒപ്പം നി‍മ്മാതാക്കളായ ബജാജും. ഈ ബൈക്കിൻ്റെ പേരിൽ എൽഎംഎല്ലിൻ്റെ മാതൃ കമ്പനിയായ എസ്‍ജി കോർപ്പറേറ്റും ബജാജ് ഓട്ടോയും തമ്മിൽ നിയമയുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ എസ്‌ജി കോർപ്പറേറ്റാണ് ബജാജ് ഓട്ടോയ്ക്കെതിരെ കേസ് കൊടുത്തത്. 

'ഫ്രീഡം' എന്ന വ്യാപാരമുദ്ര ബജാജ് ഓട്ടോ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എൽഎംഎല്ലിൻ്റെ മാതൃ കമ്പനിയായ എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ബജാജ് ഫ്രീഡം അതിൻ്റെ പ്രത്യേക സാങ്കേതിക വിദ്യയുടെ പേരിൽ ലോകമെമ്പാടും പ്രശസ്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ കേസ് ഫയൽ ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Latest Videos

undefined

ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് എന്ന നിലയിൽ 2024  ജൂലൈയിൽ ആണ് ബജാജ് ഫ്രീഡം 125 പുറത്തിറക്കിയത് . എന്നാൽ 22 വർഷം മുമ്പ് 2002ൽ എൽഎംഎൽ അവതരിപ്പിച്ച 110 സിസി മോട്ടോർസൈക്കിളിന് ഫ്രീഡം എന്ന പേര് നേരത്തെ ഉപയോഗിച്ചിരുന്നുവെന്ന് എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അവകാശപ്പെടുന്നു. ബജാജ് "ഫ്രീഡം" എന്ന നാമം ഉപയോഗിക്കുന്നത് ജനപ്രിയ "ഫ്രീഡം" മോട്ടോർബൈക്കിനായി എൽഎംഎൽ ഉപയോഗിച്ചിരുന്ന വ്യാപാരമുദ്രയുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും ബജാജിൻ്റെ ഈ പേരിൻ്റെ ഉപയോഗം ബൗദ്ധിക സ്വത്തവകാശ ലംഘിനമാണെന്നും എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു. ഇത് എൽഎംഎൽ ഫ്രീഡം ബ്രാൻഡിൻ്റെ ജനപ്രീതിയെ ദുർബലപ്പെടുത്തുന്നുവെന്നും കമ്പനി പറയുന്നു. 2021-ൽ ഫ്രീഡം, എൽഎംഎൽ ബ്രാൻഡുകൾ ഏറ്റെടുത്തുവെന്നും അതേ പേരിൽ പുതിയ മോഡലുകൾ പുറത്തിറക്കി പേര് സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതായും എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി അപ്പീലിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ ഇരുചക്ര വാഹന ബ്രാൻഡുകളിലൊന്നാണ് എൽഎംഎൽ. 2018-ൽ അതിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ 2021 ഓഗസ്റ്റിൽ ഇത് എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി ഏറ്റെടുത്തു.

രണ്ട് വർഷം മുമ്പ്  എൽഎംഎൽ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായി ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.  കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടർ എൽഎംഎൽ സ്റ്റാറും ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഇന്ത്യയിൽ കുറഞ്ഞത് മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെങ്കിലും അവതരിപ്പിക്കാൻ എൽഎംഎൽ പദ്ധതിയിടുന്നു. ഈ വർഷത്തിന് ശേഷം അതിൻ്റെ ആദ്യ ലോഞ്ച് ആരംഭിക്കും. എൽഎംഎൽ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, മൂൺഷോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ, സ്റ്റാർ ഇലക്ട്രിക് സ്‍കൂട്ടർ, ഓറിയോൺ ഇലക്ട്രിക് ബൈക്ക് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എസ്‍ജി കോർപ്പറേറ്റ് മൊബിലിറ്റി 2022 ൽ സെയ്‌റ ഇലക്ട്രിക് ഓട്ടോയുമായി തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ ബാവലിലുള്ള സൈറ ഇലക്ട്രിക് ഓട്ടോയുടെ നിർമ്മാണ പ്ലാൻ്റ് ഉപയോഗിച്ച് ഇരുചക്ര വാഹന വ്യവസായത്തിലേക്ക് പ്രവേശിക്കാൻ എസ്ജി കോർപ്പറേറ്റ് മൊബിലിറ്റി തയ്യാറെടുക്കുന്നുമുണ്ട്. 

അതേസമയം ഫ്രീഡം 125 സിഎൻജി ബൈക്കിനെപ്പറ്റി പറയുകയാണെങ്കിൽ ഈ വർഷം ജൂലൈയിലാണ് ബജാജ് ഓട്ടോ, ഫ്രീഡം 125 സിഎൻജി പവർ മോട്ടോർസൈക്കിളിനെ 95,000 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സിഎൻജി ബൈക്കിൻ്റെ ഏറ്റവും ഉയർന്ന വേരിയൻ്റിന് 1.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 125 സിസി എഞ്ചിനും ഇരട്ട ഇന്ധന ടാങ്കുമായാണ് ബൈക്ക് വരുന്നത്. സിഎൻജിക്ക് രണ്ടുകിലോ സിലിണ്ടറും പെട്രോളിന് രണ്ട് ലിറ്റർ ടാങ്കും ലഭിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ ഇത് ഇപ്പോൾ വിൽപ്പനയ്‌ക്കുണ്ട്. ഉടൻ ഇന്ത്യയിലുടനീളം കൂടുതൽ സ്ഥലങ്ങളിൽ ബൈക്ക് ലഭ്യമാകും. ഈജിപ്‍ത്, ടാൻസാനിയ, പെറു, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫ്രീഡം മോട്ടോർസൈക്കിൾ കയറ്റുമതി ചെയ്യാനും ബജാജ് പദ്ധതിയിടുന്നുണ്ട്. എന്തായാലും, ഫ്രീഡം എന്ന പേരിൽ ആരംഭിച്ച ഈ നിയമപോരാട്ടം ബജാജ് ഫ്രീഡം സിഎൻജിക്ക് വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. 

click me!