ഇപിയുടെ പിണക്കം, നടിയുടെ വിഷമം, തെലങ്കാനയുടെ പക, എയറിലാക്കി ശ്രീജേഷും; വിവാദച്ചുഴിയില്‍ വീണ്ടും ഇൻഡിഗോ!

By Web Team  |  First Published Sep 26, 2022, 2:48 PM IST

പുതിയ വിവാദത്തോടെ ഇൻഡിഗോ ഉള്‍പ്പെടുന്ന സമീപകാകല വിവാദ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്.


ദേശീയ ഹോക്കി ടീം താരവും മലയാളിയുമായ പി ആർ ശ്രീജേഷ് കഴിഞ്ഞ ദിവസമാണ് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് എതിരെ രംഗത്തെത്തിയത്. തന്‍റെ വിമാനയാത്രയ്ക്കിടയിൽ ഹോക്കി സ്റ്റിക്ക് കൊണ്ടുപോകാൻ ഇൻഡിഗോ 1500 രൂപ അധികം ഈടാക്കി എന്നായിരുന്നു ഇൻഡിഗോ എയർലൈൻസിനെതിരെ ശ്രീജേഷിന്‍റെ ആരോപണം.  ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ശ്രീജേഷ് ഇൻഡിഗോയ്ക്കെതിരെ ആഞ്ഞടിച്ചത്. എന്തായാലും പുതിയ വിവാദത്തോടെ ഇൻഡിഗോ ഉള്‍പ്പെടുന്ന സമീപകാകല വിവാദ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

പാറിപ്പറക്കുന്ന ഡ്രോണുകളേ നീയുണ്ടോ 'മാമന്‍റെ' വേല കണ്ടോ..?!

Latest Videos

മുൻ സംസ്ഥാന മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടുത്തകാലത്ത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു ഇൻഡിഗോ. വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തോടെയായിരുന്നു ഈ വിവാദങ്ങളുടെ തുടക്കം. അടുത്തിടെ  ഇൻഡിഗോയ്ക്കെതിരെ തെലങ്കാന സംസ്ഥാനവും രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാകാത്ത സ്ത്രീയെ വിമാനത്തില്‍ സീറ്റു മാറ്റിയിരുത്തിയെന്ന ആരോപണത്തിലാണ് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവും രംഗത്തെത്തിയത്.

ശ്രീജേഷിന്‍റെ ആരോപണം ഇങ്ങനെ

രാജ്യാന്തര ഹോക്കി ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാല്‍ 38 ഇഞ്ച് വരെയേ അനുവദിക്കാനാകൂ എന്ന നിലപാടാണ് എയർലൈൻസ് അധികൃതർ സ്വീകരിച്ചത് എന്ന് ശ്രീജേഷ് ആരോപിക്കുന്നു. 

രാജ്യാന്തര ഹോക്കി ഫെഡ‍റേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാൻ സമ്മതിക്കുന്നുണ്ടെന്നും പക്ഷേ, 38 ഇഞ്ചിനു മുകളിൽ നീളമുള്ള ഹോക്കി സ്റ്റിക്കുമായി സഞ്ചരിക്കാൻ ഇൻഡിഗോ അനുവദിക്കുന്നില്ല എന്നും ഗോൾകീപ്പർ കിറ്റിനായി 1500 രൂപ അധികം അടയ്ക്കണം എന്നും ശ്രീജേഷ് കുറിച്ചിരുന്നു. ഇൻഡിഗോ കൊള്ളയടിക്കുന്നു എന്നു സൂചന നൽകുന്ന ‘ലൂട്ട്’ എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു ശ്രീജേഷിന്‍റെ കുറിപ്പ്. 1500 രൂപ അധികം അടച്ചതിന്‍റെ റെസീറ്റും ശ്രീജേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ശ്രീജേഷിന്‍റെ ട്വീറ്റിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതേസമയം, ശ്രീജേഷിന്റെ പരാതി പരിഹരിച്ചുവെന്നു സൂചിപ്പിക്കുന്ന കമന്റുമായി ഇൻഡിഗോയും രംഗത്തെത്തിയിട്ടുണ്ട്. അസൗകര്യത്തിൽ ഖേദിക്കുന്നു എന്നും സംഭവിച്ചത് എന്താണെന്നു താങ്കളെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്നാണ് കരുതുന്നത് എന്നും കായികമേഖലയിൽ താങ്കൾ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളിൽ തങ്ങൾക്കും അഭിമാനമുണ്ട് എന്നും തുടർന്നും ഇൻഡിഗോയിലെ യാത്രകൾക്കായി സ്വാഗതം എന്നുമായിരുന്നു ഇൻഡിഗോയുടെ ട്വീറ്റ്. 

ചില്ലറക്കാരനല്ല, കേന്ദ്രസേനയെ കോഴിക്കോടിറക്കിയ വ്യോമസേനയുടെ ഈ ഗജരാജൻ!

ഇപി ജയരാജൻ വിവാദം
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ 2022 ജൂലൈ അവസാന വാരം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമായിരുന്നു വിലക്ക്.  

നടപടിക്ക് പിന്നാലെ ജയരാജന്റെ പ്രതികരണവും പുറത്തുവന്നിരുന്നു. നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ പ്രതികരിച്ചത്. പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മലയാളികളുടെ ട്രോളുകളുടേയും ബഹിഷ്‌കരണ ക്യാംപയിനുകളുടേയും ബഹളമാണ്. ഇതിനിടെ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഇത് ജയരാജനെ ഇന്‍ഡിഗോ ട്രോളിയതാണെന്ന വ്യഖ്യാനം സോഷ്യല്‍ മീഡിയ നല്‍കിയതോടെ ഇത് വൈറലായി. 

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാന്‍സല്‍ ചെയ്‍ത് ട്രെയിനില്‍ ജയരാജന്‍ കുടുംബത്തോടൊപ്പം യാത്രചെയ്‍തതും വാര്‍ത്തയായി. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കയറുമ്പോള്‍ കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ 'ആപ്പീസ് പൂട്ടുമെന്നും' ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. 

ജൂണ്‍ 13 ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലായിരുന്നു ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. വിമാനക്കമ്പനിയുടെ നടപടിക്ക് പിന്നാലെ ഇൻഡിഗോയുടെ ബസുകള്‍ എംവിഡി പിടിച്ചെടുത്തതും വിവാദമായി. 

ഇക്കാര്യത്തില്‍ ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ ചിലത്, വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന ഇ പി ജയരാജന്‍റെ വാക്കുകളാണ്. എന്നാല്‍, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇപി അടുത്തിടെ പറഞ്ഞിരുന്നു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സുഖം എന്നും സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം, നല്ല ഉറക്കവും കിട്ടുമെന്നുമായിരുന്നു ഇപി ജയരാജൻ പറഞ്ഞത്.

തെലങ്കാന തെറ്റിയത് ഇങ്ങനെ
ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാകാത്ത സ്ത്രീയെ വിമാനത്തില്‍ സീറ്റു മാറ്റിയിരുത്തിയെന്ന ആരോപണത്തിലാണ് ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു രംഗത്തെത്തിയത്. ഇന്‍ഡിയോ പ്രാദേശിക ഭാഷകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.  

സെപ്റ്റംബര്‍ 16നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. തെലുങ്ക് മാത്രം അറിയാവുന്ന സ്ത്രീയെ എക്‌സിറ്റിന് സമീപത്തെ 2എ സീറ്റില്‍ നിന്ന് 3സി സീറ്റിലേക്ക് മാറ്റിയിരുത്തി എന്നാണ് ആരോപണം. വിജയവാഡയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 7297 വിമാനത്തിലായിരുന്നു സംഭവം. 

സ്ത്രീയെ മാറ്റിയിരുത്തിയെന്ന് ആരോപിച്ച് മറ്റൊരു യാത്രക്കാരി ട്വീറ്റ് ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാനയിലേക്കുള്ള വിമാനത്തില്‍ തെലുങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും മനസ്സിലാകാത്തത് സുരക്ഷാ പ്രശ്‌നമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഹിന്ദി സംസാരിക്കാത്തവരെ അവരുടെ സംസ്ഥാനങ്ങളില്‍ പോലും രണ്ടാംതരക്കാര്‍ ആക്കാനാണ് ശ്രമിക്കുന്നതെന്നും വീഡിയോ പങ്കുവച്ച ദേവസ്മിത ചക്രവര്‍ത്തി പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ അടക്കമുള്ള പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കൂടുതല്‍ സ്റ്റാഫുകളെ നിയമിക്കുകയാണ് വിമാനക്കമ്പനി ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. 

നടിയുടെ ആരോപണം
ഇൻഡിഗോ ജീവനക്കാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവത്തെക്കുറിച്ച് നടി പൂജ ഹെഗ്‌ഡെയും അടുത്തകാലത്ത് രംഗത്തെത്തിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇൻഡിഗോ എയർലൈനിലെ ജീവനക്കാരൻ തന്നോടും ടീമിനോടും അപമര്യാദയായി പെരുമാറിയതായിട്ടായിരുന്നു പൂജ ഹെഗ്‌ഡെയുപടെ ആരോപണം.

click me!