പാളത്തില്‍ ഒരു യുവതി, എഞ്ചിന്‍ ഡ്രൈവര്‍ ഞെട്ടി, പിന്നാലെ പൊലീസും; പിന്നെ സംഭവിച്ചത്..

By Web Team  |  First Published Aug 22, 2022, 8:22 AM IST

കഴിഞ്ഞ ദിവസം തലസ്ഥാന നഗരിലെ റെയില്‍വേ ട്രാക്കിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
 


തിരുവനന്തപുരം: റെയിൽ​വേ ട്രാക്കിലൂടെ ആത്മഹത്യ ​ചെയ്യാനൊരുങ്ങി നടന്ന യുവതിയെ ട്രെയിനിനു​ മുന്നിൽനിന്ന്​ സാഹസീകമായി രക്ഷപ്പെടുത്തി പൊലീസ്​. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിലെ റെയില്‍വേ ട്രാക്കിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. വീട്ടില്‍ നിന്നും ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി . വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ ആദ്യം പേട്ട റെയിൽവേ സ്റ്റേഷനില്‍ ആണ് എത്തിയത്. തുടര്‍ന്ന് റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ യുവതി തമ്പാനൂർ ഭാഗത്തേക്ക് നടക്കുകയായിരുന്നു. യുവതിയുടെ നടത്തത്തില്‍ പന്തികേട് തോന്നിയ പരിസരവാസികള്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ വഞ്ചിയൂർ പൊലീസ് സ്ഥലത്തേക്ക പാഞ്ഞെത്തി.  

Latest Videos

അപ്പോഴേക്കും യുവതി നടന്ന് ഉപ്പിടാംമൂട് പാലത്തിന് അടുത്തു വരെ എത്തിയിരുന്നു. ഇതിനിടെ പിന്നാലെ, പൊലീസും എത്തി. തന്‍റെ പിന്നാലെ പൊലീസ് വരുന്നതു കണ്ടതോടെ യുവതി വേഗത്തിൽ മുന്നോട്ട് ഓടിത്തുടങ്ങി. ഈ സമയം തമ്പാനൂർ റെയില്‍വേ സ്റ്റേഷനിൽ നിന്ന്​ കൊച്ചുവേളി ഭാഗത്തേക്ക് ഒരു ട്രെയിൻ വരുന്നുണ്ടായിരുന്നു. വേഗതയിലായിരുന്നു ട്രെയിനിന്‍റെ വരവ്. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസുകാര്‍ കൈ ഉയർത്തി ട്രെയിൻ നിർത്താൻ ആഗ്യം കാണിച്ചു കൊണ്ടിരുന്നു.

റെയില്‍വേ ട്രാക്കില്‍ യുവതിയെയും അവര്‍ക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതും കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍റെ വേഗത കുറയ്ക്കുകയും പെട്ടെന്ന് തന്നെ ബ്രേക്കിടുകയും ചെയ്‍തു. വേഗത്തിൽ വരികയായിരുന്ന ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്ത് എത്തിയ ശേഷം ആണ് നിന്നത്. ഇതോടെ, പിറകെ എത്തിയ പൊലീസുകാർ യുവതിയെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു. 
 

click me!