വിമാനത്തില്‍ പട്ടം തട്ടി, ഞെട്ടിയ പൈലറ്റ് ചെയ്‍തത്!

By Web Team  |  First Published Jan 16, 2020, 9:30 AM IST

തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിനു മുകളില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്.


തിരുവനന്തപുരം: ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിനു മുകളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

മാലദ്വീപില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലദ്വീപ് എയര്‍ലൈന്‍സിന്‍റെ എയര്‍ ബസ് 320 ആണ് വ്യോമപാതയില്‍ നാട്ടുകാര്‍ പറത്തിയ പട്ടങ്ങളില്‍ തട്ടിയത്. 

Latest Videos

undefined

മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടം. ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്‍റെ എഞ്ചിനിലാണ് പട്ടം തട്ടിയത്. ഇതോടെ വിമാനത്തിന് തീപിടിക്കുമെന്ന ഭയന്ന പൈലറ്റ് വിമാനം ചെറുതായി ചെരിച്ചു. ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ടവറില്‍ പൈലറ്റ് റിപ്പോര്‍ട്ടും ചെയ്‍തു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായതെന്നാണ് പൈലറ്റിന്‍റെ റിപ്പോര്‍ട്ട്. 

തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ പരാതിയില്‍ വലിയതുറ പൊലീസ് ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തി. വലിയതുറ, മുട്ടത്തറ സ്വീവേജ് ഫാം, പൊന്നറ സ്‍കൂള്‍, പരുത്തിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വ്യോമപാതയില്‍ പട്ടം പറത്തുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ തിരുവനന്തപുരം വിമാനത്താവളത്തിനു മുകളില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയരുന്നു. അന്നും തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. നേരത്തെ വിമാനത്താവളത്തിനു സമീപത്തെ ഉയരംകൂടിയ തെങ്ങുകളും വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്ന പരാതിയുമായി പൈലറ്റുമാര്‍ രംഗത്തെത്തിയിരുന്നു. ഓൾസെയിന്റ്‌സ് മുതൽ വേളിവരെയുള്ള ഭാഗത്തെ ഉയരംകൂടിയ തെങ്ങിൻകൂട്ടവും മുട്ടത്തറ-പൊന്നറ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്നായിരുന്നു പൈലറ്റുമാര്‍ എയർപോർട്ട് അതോറിറ്റിക്ക് നല്‍കിയ കൂട്ടപ്പരാതി. 

click me!