താരങ്ങളില്‍ നിന്ന് കാരവനുകള്‍ 'മണ്ണിലേക്ക്', സര്‍ക്കാര്‍ കാരവാനുകള്‍ ബെന്‍സ് ഉണ്ടാക്കും!

By Web Team  |  First Published Oct 14, 2021, 4:29 PM IST

ടൂറിസം വകുപ്പിന്‍റെ പദ്ധതിയിലൂടെ സമ്പന്നരുടെ മാത്രം സുഖസൌകര്യമായിരുന്ന ഈ കാരവാനുകള്‍ ഇതാ സാധാരണക്കാരുടെ ഇടയിലേക്കും ഇറങ്ങിവരികയാണ്. ഇതാ ടൂറിസം വകുപ്പിന്‍റെ കാരവാനിന്‍റെ ചില വിശേഷങ്ങള്‍ അറിയാം
 


കേരളാ ടൂറിസം വകുപ്പിന്‍റെ (Keral Tourism Department) പുതിയ പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുമായി (Keravan Kerala) പ്രമുഖ വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് (BharatBenz) കൈകോര്‍ത്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ കമ്പനി നിര്‍മ്മിച്ചു നല്‍കിക്കഴിഞ്ഞു. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 

എന്താണ് കാരവാനുകള്‍? ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും മറ്റും സൂപ്പര്‍താരങ്ങള്‍ സഞ്ചരിക്കുന്ന ചലിക്കുന്ന വീടുകളാണ് പലര്‍ക്കും കാരവാനുകള്‍. ഈ വാഹനത്തില്‍ ഉണ്ണാം, ഉറങ്ങാം, സഞ്ചരിക്കാം. ഉറക്കറകളും മിനി തിയേറ്ററുകളുമൊക്കെക്കൊണ്ട് സമ്പന്നമായ ആഡംബരത്തികവേറിയ ചലിക്കുന്ന കൊട്ടാരങ്ങളെന്നും കാരവനുകളെ വിളിക്കാം.  

Latest Videos

undefined

ടൂറിസം വകുപ്പിന്‍റെ പദ്ധതിയിലൂടെ സമ്പന്നരുടെ മാത്രം സുഖസൌകര്യമായിരുന്ന ഈ കാരവാനുകള്‍ ഇതാ സാധാരണക്കാരുടെ ഇടയിലേക്കും ഇറങ്ങിവരികയാണ്. ഇതാ ടൂറിസം വകുപ്പിന്‍റെ കാരവാനിന്‍റെയും പദ്ധതിയുടെയും ചില വിശേഷങ്ങള്‍ അറിയാം

ഡയംലര്‍ പ്ലാറ്റ് ഫോം
ഡയംലറിന്‍റെ 1017 പ്ലാറ്റ്ഫോമില്‍ ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണ് ഭാരത്ബെന്‍സിന്‍റെ കാരവനിലേത്. 170 ബിഎച്ച്പി(ബ്രേക്ക് ഹോഴ്സ് പവര്‍)യുടെ ശക്തമായ എഞ്ചിന്‍ യാത്രക്കാര്‍ക്ക് സുഖകരവും ആയാസരഹിതവുമായ യാത്ര ഉറപ്പാക്കുന്നു. കൂടാതെ മികച്ച ഇന്‍-ക്ലാസ് സസ്പെന്‍ഷന്‍, ആന്‍റി-റോള്‍ ബാര്‍, ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ട്യൂബ്ലെസ് ടയറുകള്‍ എന്നിവയും വാഹനത്തിന്‍റെ സവിശേഷതകളാണ്.

അകത്തളത്തിലെ ആഡംബരങ്ങള്‍
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി സജ്ജീകരിച്ച അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് കാരവനിലുള്ളത്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതോടൊപ്പം കാരവന്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്ഡോര്‍ സീറ്റിംഗ് ആണ് മറ്റൊരു ആകര്‍ഷണം.

പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം
പകര്‍ച്ചവ്യാധിക്ക് ശേഷം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് അവസരമൊരുക്കുന്ന സമഗ്ര കാരവന്‍ ടൂറിസം നയം കഴിഞ്ഞ മാസമാണ് കേരളം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിത്. വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷമാണ് സമഗ്രമാറ്റത്തിന് വഴിയൊരുക്കുന്ന കാരവന്‍ ടൂറിസം സ്വകാര്യമേഖല-പൊതുമേഖല പങ്കാളിത്തത്തോടെ സംസ്ഥാനം നടപ്പാക്കുന്നത്.

പരിസ്ഥിതി സൗഹൃദ കാരവന്‍ പാര്‍ക്കുകള്‍
കാരവന്‍ പാര്‍ക്കുകളുടെ സുഗമമായ സജ്ജീകരണത്തിനും നടത്തിപ്പിനും വിവിധ സ്ഥാപനങ്ങളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി സംസ്ഥാനത്തുടനീളം പരിസ്ഥിതി സൗഹൃദ കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പങ്കാളികള്‍ക്കും അവസരം നല്‍കുന്നു.

ഒരു പാർക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകൽപ്പന. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക.

എന്താണ് കാരവാന്‍ ടൂറിസം?
വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുക. 

സബ്‍സിഡി
സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികൾ. കാരവൻ ഓപ്പറേറ്റർമാർക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നൽകും. സ്വകാര്യമേഖലയെ കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കും. സുസ്ഥിര വളർച്ചയ്ക്കും പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളേയും കാരവൻ ടൂറിസം പിന്തുണയ്ക്കും. പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉത്പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുകയും ചെയ്യും.

പരിസ്ഥതി സൌഹാര്‍ദ്ദം
മലിനീകരണ വാതക ബഹിർഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക. അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കാരവനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും കൈമുതലായുള്ള കേരളത്തിൽ കാരവൻ ടൂറിസത്തിന് മികച്ച സാധ്യതയുണ്ട്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളിൽ ക്രമീകരിക്കും.

സംയുക്ത സംരംഭം
സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കിൽ സംയുക്തമായോ കാരവൻ പാർക്കുകൾ വികസിപ്പിക്കും. വിനോദസഞ്ചാരികൾക്ക് സമ്മർദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവൻ പാർക്ക്. ചുറ്റുമതിൽ, സുരക്ഷാ ക്രമീകരണങ്ങൾ, പട്രോളിംഗ്, നിരീക്ഷണ ക്യാമറകൾ എന്നിവ പാർക്കിൽ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ പ്രാദേശിക അധികാരികളുമായും മെഡിക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

തരംഗമായി മാറും
പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവന്‍ ടൂറിസമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാരവന്‍ മാതൃക വരുംദിവസങ്ങളില്‍ പുതിയ തരംഗമായി മാറും. കാരവന്‍ പാര്‍ക്കുകള്‍ ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ സാംസ്കാരിക കേന്ദ്രമായി മാറുന്നതിനൊപ്പം ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊഴിലവസരവും നല്‍കും. കാരവന്‍ ടൂറിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ വളരെ അനുകൂലമായാണ് ഗതാഗതമന്ത്രി പ്രതികരിച്ചത്. കാരവനുകളുടെ നികുതിയിളവ്, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത് പദ്ധതി നടത്തിപ്പില്‍ ഊര്‍ജ്ജമേകിയെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയില്‍ പുതിയ അധ്യായം
ടൂറിസം, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നുള്ള മെഗാ പദ്ധതിയായ കാരവന്‍ കേരള ടൂറിസം മേഖലയില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. രജിസ്റ്റര്‍ ചെയ്‍ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കും. ഇത് കാരവനുകളുടെ യാത്രയും പ്രവര്‍ത്തനവും തടസരഹിതമാക്കും. അനാവശ്യ പരിശോധനകളില്‍ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
 

click me!