ഗലാക്ടിക് ഗ്രീന്‍ എന്ന നിറമുള്ള മോഡലിനാണ് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ നിഷേധിച്ചത്.
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് അടുത്തിടെയാണ് തിരിച്ചു വന്നത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി നീണ്ട 22 വര്‍ഷത്തെ ഇടവേളയ്‍ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കമ്പനി വില്‍പ്പനയിലും മുമ്പിലാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഒരു വാര്‍ത്ത ജാവ പ്രേമികള്‍ക്ക് അല്‍പം ആശങ്കക്ക് ഇടയാക്കുന്ന ഒന്നാണ്. ആറ് നിറങ്ങളിലെത്തുന്ന ജാവ 42ന്‍റെ ഒരു വേരിയന്‍റിന് രജിസ്ട്രേഷന്‍ നിഷേധിച്ചു എന്നാണ് വാര്‍ത്തകള്‍. ഗലാക്ടിക് ഗ്രീന്‍ എന്ന നിറമുള്ള മോഡലിനാണ് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ നിഷേധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എറണാകുളം ജില്ലയിലാണ് സംഭവം. പച്ച നിറത്തിലുള്ള പുതിയ ജാവ 42 രജിസ്റ്റര്‍ ചെയ്യാനെത്തിയ ഉടമയോട് ഈ ബൈക്കിന് സൈനികരുടെ വാഹനങ്ങളുടെ നിറമാണെന്നും അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി രജിസ്‌ട്രേഷന്‍ നിഷേധിക്കുകയുമായിരുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമമായ റഷ് ലൈനാണ് റിപ്പോര്‍ട്ട് ചെയ്‍തത്.
ഇന്ത്യയിലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒലീവ് ഗ്രീന്‍ (ആര്‍മി ഗ്രീന്‍) നിറം നല്‍കാന്‍ പാടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബൈക്കിന്റെ നിറം ഒലീവ് ഗ്രീന്‍ ആണെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് ഈ ബൈക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജാവയുടെ എറണാകുളത്തെ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്‌സിന് കത്തും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കത്തിന്‍റെ പകര്‍പ്പും റഷ് ലൈന്‍ പുറത്തുവിട്ടു.
(Photo Courtesy: Rushlane)
അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ഈ മോഡലിന്‍റെ നിറം സംബന്ധിച്ച് ഇത്തരം ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സൈനികരുടെ ഒലീവ് ഗ്രീന്‍ അല്ല ഇതെന്നും ഗലാക്ടിക് ഗ്രീന്‍ ആണെന്നുമായിരുന്നു ജാവ പ്രേമികളുടെയും മറ്റും വാദം.
ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് 2018 അവസാനമാണ് വീണ്ടും വിപണിയിലെത്തിച്ചത്. 1960 കളിലെ പഴയ ജാവയെ അനുസ്‍മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.