പുഷ്-പുൾ സാങ്കേതികവിദ്യ, കുലുക്കമില്ലാത്ത യാത്ര, 130 കി.മീ വേഗത; അമൃത് ഭാരത് ട്രെയിനിന്‍റെ പ്രത്യേകതകളിതാ...

By Web Team  |  First Published Dec 30, 2023, 9:39 PM IST

ആദ്യ അമൃത് ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ നിര്‍വഹിച്ചു


ദില്ലി: ഇന്ത്യയിലെ ആദ്യ അമൃത് ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ നിര്‍വഹിച്ചു. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള അതിവേഗ ട്രെയിനാണിത്. പുഷ് - പുള്‍ സാങ്കേതികവിദ്യയാണ് ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് ട്രെയിനിന്‍റെ മുന്നിലും പിന്നിലും എഞ്ചിനുണ്ട്. ഒരേസമയം ട്രെയിനിന്‍റെ വേഗത കൂടുകയും യാത്ര കൂടുതല്‍ സുരക്ഷിതമാവുകയും ചെയ്യും. 

കുലുക്കമില്ലാത്ത യാത്രയാണ് അമൃത് ഭാരത് എക്സ്പ്രസിന്‍റെ മറ്റൊരു പ്രത്യേകതയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേകതരം സെമി പെര്‍മനന്‍റ് കപ്ലറുകളാണ് കുലുക്കം കുറയ്ക്കുന്നത്. പരമാവധി 130 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിന്‍ ഓടുക. 14 സ്ലീപ്പര്‍ കോച്ചുകളും 4 റിസര്‍വ് ചെയ്യാത്ത കോച്ചുകളും രണ്ട് ഡിസേബിള്‍ഡ് കോച്ചുകളുമുണ്ട്. 1800ല്‍ അധികം പേര്‍ക്ക് യാത്ര ചെയ്യാം. 

Latest Videos

ബിഹാറിലെ ദർഭംഗയില്‍ നിന്ന് അയോധ്യ വഴി ഡൽഹിയിലെ ആനന്ദ് വിഹാറിലേക്കാണ് ഒരു അമൃത് ഭാരത് എക്സ്പ്രസ് ഓടുക. പശ്ചിമ ബംഗാളിലെ മാൾഡ ടൗണില്‍ നിന്ന് ബംഗളൂരുവിലേക്കാണ് രണ്ടാമത്തെ അമൃത് ഭാരത് ഓടുക. ഒരു കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 35 രൂപയായിരിക്കും (റിസർവേഷൻ ഫീസും മറ്റ് നിരക്കുകളും ഒഴികെ) എന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക് റെയില്‍വെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

എല്ലാ സീറ്റുകളിലും ചാര്‍ജിംഗ് പോയിന്‍റ്, സ്ലൈഡിംഗ് വിൻഡോ, ടോയ്‌ലറ്റുകളില്‍ എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന സംവിധാനം, ഇലക്ട്രിക്കൽ ക്യൂബിക്കിളുകൾ, എമർജൻസി ഡിസാസ്റ്റർ മാനേജ്‌മെന്റ് ലൈറ്റ്, സ്ലൈഡിംഗ് ഡോറുകൾ തുടങ്ങിയവയാണ് അമൃത് ഭാരത് എക്സ്പ്രസിന്‍റെ മറ്റ് പ്രത്യേകതകള്‍. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ പരീക്ഷണ ഓട്ടം തുടരുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!