ജീപ്പ് ഇന്ത്യൻ വിപണിയിൽ മെറിഡിയൻ എസ്യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്പനി ഈ എസ്യുവിക്ക് നൽകിയിരിക്കുന്നതെന്നാണ് വിവരം. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്.
അമേരിക്കൻ ഐക്കണിക്ക് കാർ കമ്പനിയായ ജീപ്പ് ഇന്ത്യൻ വിപണിയിൽ മെറിഡിയൻ എസ്യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്പനി ഈ എസ്യുവിക്ക് നൽകിയിരിക്കുന്നതെന്നാണ് വിവരം. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്. നേരത്തെ 31.23 ലക്ഷം രൂപയായിരുന്നു ഈ കാറിൻ്റെ എക്സ്ഷോറൂം വില. ഇപ്പോഴത് 29.49 ലക്ഷം രൂപയായി കുറഞ്ഞു. ജീപ്പ് മെറിഡിയൻ ഓവർലാൻഡ്, ലിമിറ്റഡ് (O) എന്നീ രണ്ട് ട്രിമ്മുകളിൽ വാങ്ങാം. ഓപ്ഷണൽ എക്സ് പാക്കേജും ഇതിൽ ലഭ്യമാണ്.
നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കാനാണ് കമ്പനി ഈ വെട്ടിക്കുറവ് വരുത്തിയതെന്നാണ് റിപ്പോര്ട്ടുകൾ. മെറിഡിയൻ്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡൽ ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ്റെ പുറംഭാഗത്ത് ചെറിയ മാറ്റങ്ങൾ കാണാം. അതേസമയം ഇൻ്റീരിയറിലും ചില മാറ്റങ്ങളുണ്ടാകും. ക്യാബിനിലെ പുതിയ അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ, ഡാഷ്ബോർഡിലെയും സെൻ്റർ കൺസോളിലെയും ചെറിയ വ്യത്യാസങ്ങൾ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടും. ഫ്രണ്ട്, റിയർ ഡാഷ്ക്യാം, എയർ പ്യൂരിഫയർ, റിയർ വിൻഡോ ബ്ലൈൻ്റുകൾ തുടങ്ങിയ നൈറ്റ് ഈഗിൾ എഡിഷൻ ഫീച്ചറുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാകും.
ഫെയ്സ്ലിഫ്റ്റഡ് മെറിഡിയനിൽ 168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്മിഷനിൽ, 6-സ്പീഡ് മാനുവൽ, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭ്യമാണ്. വാഹനത്തിൻ്റെ ചില വകഭേദങ്ങളിൽ 4x4 സംവിധാനവും ഉൾപ്പെടും. 2024 ജീപ്പ് മെറിഡിയൻ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, വരാനിരിക്കുന്ന ഫോർഡ് എവറസ്റ്റ് എന്നിവയുമായി മത്സരിക്കും. ഗ്ലോസ്റ്ററിൻ്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംജി.