ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്ന് പുറത്തുവന്നൊരു വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും. ടോൾ ചോദിച്ചതിൽ പ്രകോപിതനായ ഒരു ജെസിബി ഡ്രൈവർ ടോൾ പ്ലാസ തന്‍റെ വാഹനം ഉപയോഗിച്ച് തകർക്കുന്നതാണ് ഈ വീഡിയോ.
ദേശീയപാതയിലെ ടോൾ പ്ലാസകളിൽ ടോളിനെ ചൊല്ലി വാഹനയാത്രക്കാരും ടോൾ പ്ലാസകളിലെ തൊഴിലാളികളും തമ്മിൽ തർക്കിക്കുന്നത് നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാകും. എന്നാൽ ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്ന് പുറത്തുവന്നൊരു വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും. ജീവനക്കാർ ടോൾ ചോദിച്ചതിൽ പ്രകോപിതനായ ഒരു ജെസിബി ഡ്രൈവർ ടോൾ പ്ലാസ തന്‍റെ വാഹനം ഉപയോഗിച്ച് തകർക്കുന്നതാണ് ഈ വീഡിയോ.
ഡൽഹി-ലക്‌നൗ ഹൈവേ എൻഎച്ച്-9-ലെ പിൽഖുവ പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള ഛിജരാസി ടോൾ പ്ലാസയിലാണ് സംഭവം. ടോൾ ബൂത്തിലൂടെ കടന്നുപോകുകയായിരുന്ന ബുൾഡോസർ ഡ്രൈവറോട് ടോൾ തൊഴിലാളികൾ ടോൾ പണം ആവശ്യപ്പെട്ടു. ഇതോടെ കോപാകുലനായ ബുൾഡോസർ ഡ്രൈവർ വാഹനം ഉപയോഗിച്ച് രണ്ട് ടോൾ ബൂത്തുകളും തകർത്തു.
ടോൾ പ്ലാസയിൽ, ജീവനക്കാർ ബുൾഡോസർ ഡ്രൈവറുടെ വീഡിയോകൾ ചിത്രീകരിക്കുന്നതിനിടെ ഇയാൾ ബുൾഡോസർ ഉപയോഗിച്ച് ബൂത്തുകൾ പൊളിക്കുകയായിരുന്നു. ഈ സംഭവത്തിൻ്റെ മുഴുവൻ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജെസിബി ടോൾ ബൂത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് ടോൾ മാനേജർ അജിത് ചൗധരി പറഞ്ഞു. ടോൾ തൊഴിലാളികൾ ടോൾ ചാർജ് ചോദിച്ചപ്പോൾ അസഭ്യം പറയുകയും ജെസിബി കൊണ്ട് ഇടിച്ച് രണ്ട് ടോൾ ബൂത്തുകൾ തകർക്കുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകരുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തു. ടോൾ പ്ലാസ തകർത്ത ജെസിബി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ജെസിബിയും കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ് പോലീസ്.