യമഹയെ മയക്കിയോൾ, തെലങ്കാന ബൊമ്മലു അല്ലിവൾ, തനി മല്ലു പ്രേമിക്കുടു! പ്രേമലുവിനൊപ്പം ഹിറ്റായി റിവർ ഇൻഡിയും!

By Web Team  |  First Published Feb 25, 2024, 11:18 AM IST

പ്രേമലുവിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. ലോകപ്രശസ്‍ത ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രൻഡായ യമഹയുടെ ഹൃദയം പോലും കീഴടക്കിയ ഈ സ്‍കൂട്ടറിന്‍റെ നിർമ്മാതാക്കൾ രണ്ടു മലയാളികളാണ്. ഇതാ ഈ സ്‍കൂട്ടറിന്‍റെ ചില വിശേഷങ്ങൾ


കെ ജി മാർക്കോസ് പാടിയ "തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ" എന്ന പാട്ടുപോലെ പ്രേമലു എന്ന സിനിമ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. വ്യത്യസ്‍തമായ രൂപമാണ് ഈ സ്‍കൂട്ടറിന്റെ ഹൈലൈറ്റ്. ഈ സ്റ്റൈലിഷ് സ്‌കൂട്ടര്‍ ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറാണ്.  ബെംഗളൂരു ആസ്ഥാനമായുള്ള മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക്ക് സ്‍കൂട്ടർ സ്റ്റാർട്ടപ്പ് കമ്പനിയായ റിവർ മൊബൈലിറ്റി പുറത്തിറക്കുന്ന ഇൻഡി എന്ന സ്‍കൂട്ടർ ആണിത്. ഈ സ്‍കൂട്ടറിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നറിയുമോ? ഈ സ്‍കൂട്ടർ ഒരു തനി മലയാളിക്കമ്പനിയുടേതാണ് എന്നതാണ്. ലോകപ്രശസ്‍ത ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രൻഡായ യമഹയുടെ ഹൃദയം പോലും കീഴടക്കി മുന്നേറുന്ന റിവർ മൊബൈലിറ്റിയുടെയും റിവർ എൻഡിയുടെയും ചില വിശേഷങ്ങൾ അറിയാം.

സ്‍കൂട്ടർ ലോകത്തെ എസ്‌യുവി
അരവിന്ദ് മണി, വിപിന്‍ ജോര്‍ജ്  എന്നീ രണ്ട് മലയാളി യുവാക്കൾ ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ മൊബൈലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ബംഗളൂരുവിൽ ആരംഭിക്കുന്നത്.  പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം കമ്പനി ഇന്‍ഡി എന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചു. സ്‍കൂട്ടർ ലോകത്തെ എസ്‌യുവി എന്ന ടാഗ് ലൈനോടെയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇൻഡിയെ കമ്പനി അവതരിപ്പിച്ചത്. 

Latest Videos

undefined

റിവർ ഇൻഡി: സ്പെസിഫിക്കേഷനുകൾ
റിവർ ഇൻഡിക്ക് അതിൻ്റെ കൂറ്റൻ ബോഡി വർക്ക്, ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്ന പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ബോൾഡ് ഡിസൈൻ ലഭിക്കുന്നു. ചങ്കി സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്രെയ്ൽ, ക്രാഷ് ഗാർഡുകൾ, കട്ടിയുള്ള ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് അതിൻ്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നു. 

മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള വീലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-സ്‌കൂട്ടറാണ് ഇന്‍ഡി. മുന്നിൽ ട്വിൻ എല്‍ഇഡി ലൈറ്റുകളും ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്‌പെഗ്ഗുകളും ഇതിലുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റുകളും ഇൻഡിയിൽ വരുന്നു. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ വാഹനത്തിൽ വരുന്നുണ്ട്. സൈഡ് സ്റ്റാന്‍ഡ് മോട്ടോർ കട്ട് ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90 ഡിഗ്രി വാല്‍വ് സിസ്റ്റം എന്നിങ്ങനെ പലതരം വെറൈറ്റി ഫീച്ചറുകളും ഇതിലുണ്ട്. 43 ലിറ്ററിന്റെ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസും 12 ലിറ്ററിന്റെ ഗ്ലൗ ബോക്‌സും വാഹനത്തിൽ വരുന്നു. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകണം എങ്കില്‍ 25 ലിറ്റര്‍ ടോപ് ബോക്‌സും 40 ലിറ്റര്‍ വരെ ഉൾക്കൊള്ളാനാവുന്ന പാനിയർ സെറ്റും ഘടിപ്പിക്കാം. അതോടൊപ്പം രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണം റിവര്‍ ഇന്‍ഡിക്ക് വളരെ അനുയോജ്യമാണെന്ന് ചുരുക്കം. 

26 Nm പീക്ക് ടോർക്ക് വികസിപ്പിച്ചെടുക്കുന്ന 6.7 kW (8.9 bhp) ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് റിവർ ഇൻഡിയിലെ പവർ വരുന്നത്. പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. നാല് കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഇൻഡി 80 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് റിവർ പറയുന്നു. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.9 സെക്കന്‍ഡുകളാണ്. പരമാവധി വേഗതയാകട്ടെ, മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ബാറ്ററിക്കും സ്‌കൂട്ടറിനും അഞ്ച് വര്‍ഷം അല്ലെങ്കില്‍ അര ലക്ഷം കിലോമീറ്റര്‍ വരെ വാറന്‍റിയും കമ്പനി നല്‍കുന്നുണ്ട്. 1.25 ലക്ഷം രൂപ ഇന്‍ട്രൊഡക്ടറി വിലയ്ക്ക് എത്തിയ റിവര്‍ ഇന്‍ഡിയുടെ വില ഇപ്പോള്‍ 1.38 ലക്ഷം രൂപയാണ്. ടാക്‌സും ഇന്‍ഷുറന്‍സും ചേര്‍ക്കുന്നതോടെ വില ഏകദേശം 1.70 ലക്ഷം രൂപയിൽ എത്തും എന്നത് ശ്രദ്ധേയമാണ്.

യമഹയുടെ പ്രേമിക്കുടു
വാഹനലോകത്തെ ഞെട്ടിച്ച് അടുത്തിടെയാണ് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ റിവർ മൊബൈലിറ്റിയിൽ വൻ നിക്ഷേപം നടത്തിയത്. ഇതുവരെ പരമ്പരാഗത ഐസിഇ ഇരുചക്രവാഹനങ്ങളുമായി മാത്രം മുന്നേറിയിരുന്ന യമഹ മോട്ടോർ കമ്പനിറിവർ മൊബിലിറ്റിയിൽ 40 മില്യൺ ഡോളർ (ഏകദേശം 335 കോടി രൂപ) ആണ് നിക്ഷേപിച്ചത്. യമഹ മോട്ടോർ കമ്പനിയുടെ നേതൃത്വത്തിൽ ഓവർസബ്‌സ്‌ക്രൈബ് ചെയ്‍ത സീരീസ് ബി ഫണ്ടിംഗിലാണ് റിവർ മൊബിലിറ്റിക്ക് ഈ നിക്ഷേപം ലഭിച്ചത്.

അൽ ഫുട്ടൈം ഗ്രൂപ്പ്, ലോവർകാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വേഴ്‌സ്, ഹ്യൂമൻ മൊബിലിറ്റി എന്നിവയുൾപ്പെടെ ഈ റൗണ്ടിലെ മുൻ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടിംഗ് കൂടി ചേർത്തതോടെ നിക്ഷേപം 68 മില്യൺ ഡോളറിലെത്തി. ഇത് ഏകദേശം 565 കോടി രൂപയോളം വരും. ഇത് 2021 മാർച്ച് മുതൽ ആരംഭിച്ചു. ഈ പുതിയ ഫണ്ടിംഗ് ഉപയോഗിച്ച്, റിവർ മൊബിലിറ്റി രാജ്യത്തുടനീളം അതിന്‍റെ വിതരണവും സേവന ശൃംഖലയും വിപുലീകരിക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കാനും ഗവേഷണത്തിലും വികസനത്തിലും നിക്ഷേപിക്കാനും പദ്ധതിയിടുന്നു.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ റിവർ മൊബൈലിറ്റി കൈവരിച്ച പുരോഗതി തങ്ങളെ ആകർഷിക്കുന്നുവെന്ന് യമഹ മോട്ടോർ കമ്പനി ലിമിറ്റഡിലെ ന്യൂ ബിസിനസ് ഡെവലപ്‌മെന്‍റ് സെന്‍റർ ചീഫ് ജനറൽ മാനേജർ ഹാജിം ജിം ഓട്ട പറഞ്ഞു.  2030-ഓടെ ബില്യൺ ഡോളർ ആഗോള യൂട്ടിലിറ്റി ലൈഫ്‌സ്റ്റൈൽ ബ്രാൻഡായി മാറാനുള്ള തങ്ങളുടെ പദ്ധതിയുടെ സുപ്രധാന ചുവടുവയ്പാണ് ഈ നിക്ഷേപമെന്ന് റിവറിന്‍റെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി പറഞ്ഞു.

കർണാടകയിലെ ഹോസ്‌കോട്ടിലുള്ള പ്ലാന്‍റിൽ നിന്ന് 2023 ഓഗസ്റ്റ് അവസാനത്തോടെ റിവർ മൊബിലിറ്റി അതിന്‍റെ ആദ്യ ഉൽപ്പന്നമായി ഇലക്ട്രിക് സ്‌കൂട്ടർ (ഇൻഡി ഇ-സ്‌കൂട്ടർ) പുറത്തിറക്കി. ഒക്ടോബർ മുതലാണ് ഇതിന്‍റെ വിൽപ്പന ആരംഭിച്ചത്. ബെംഗളൂരുവിലെ പ്ലാന്‍റിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടർ പൂർണ്ണമായും രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയുടെ ആദ്യ സ്റ്റോർ 2024 ജനുവരിയിൽ ബെംഗളൂരുവിൽ ആരംഭിച്ചു. 

പ്രേമലു
ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നു നിർമിച്ച് ഗിരീഷ് ഏ ഡി സംവിധാനം ചെയ്‍ത ചിത്രമാണ് പ്രേമലു. നസ്‌ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ തിരക്കഥ ഗിരീഷ്‌ എ ഡി, കിരണ്‍ ജോസി എന്നിവരാണു രചിച്ചിരിക്കുന്നത്.  ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഫെബ്രുവരി 9നു പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. 

youtubevideo

click me!