ദമ്പതിമാര്‍ക്കുള്ള 'പ്രത്യേക' ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി റെയില്‍വേ, കാരണം!

By Web Team  |  First Published Oct 11, 2019, 3:03 PM IST

വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രം പ്രവേശനമുള്ള ട്രെയിനില്‍ മസാജ് സേവനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയിരുന്നു


ദമ്പതിമാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയ സ്‍പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി. പ്രത്യേക ട്രെയിനായ കര്‍വാ ചൗത്താണ് അവസാന നിമിഷം റദ്ദാക്കിയത്. 78 സീറ്റുകളുള്ള ട്രെയിനില്‍ യാത്രക്കായി ബുക്ക് ചെയ്‍തത് രണ്ട് ദമ്പതികള്‍ മാത്രമായതിനാലാണ് സര്‍വ്വീസ് റദ്ദ് ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദില്ലിയില്‍ നിന്നും ഒക്ടോബര്‍ 14നാണ് രാജസ്ഥാനിലേക്കുള്ള ട്രെയിന്‍ യാത്ര തുടങ്ങാനിരുന്നത്. രാജസ്ഥാനിലെ ചരിത്ര സ്ഥലങ്ങളിലൂടെ അഞ്ച് ദിവസത്തെ യാത്രയാണ് റെയില്‍വേ പ്ലാന്‍ ചെയ്‍തിരുന്നത്. ഐആര്‍ടിസിക്കായിരുന്നു സര്‍വ്വീസിന്‍റെ നടത്തിപ്പ് ചുമതല. 

Latest Videos

അത്യാധുനികമായ ഇന്‍റീരിയര്‍, ഷവര്‍ ക്യൂബിക്കിളുകള്‍, മസാജ് സേവനങ്ങള്‍, കുട്ടികള്‍ക്കുള്ള പ്രത്യക വിനോദോപാധികള്‍ തുടങ്ങിയവ ട്രെയിനില്‍ ഒരുക്കിയിരുന്നു. വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എസി ഫസ്റ്റ് ടയറിലെ യാത്രക്ക്  1,02,960 രൂപയും എസി ടൂ ടയറിന് 90,090 രൂപയുയിരുന്നു ദമ്പതിയൊന്നിന് ടിക്കറ്റ് നിരക്കുകള്‍. ഈ കൂടിയ ടിക്കറ്റ് നിരക്കാകാം യാത്രികരെ പിന്നോട്ടടിപ്പിച്ചതെന്നാണ് റെയില്‍വേ പറയുന്നത്. 
 

click me!