ആ 'നന്മമരവും'വീഴുന്നു! സിഎൻജി വാഹനങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതായി പഠനം

By Web Team  |  First Published Aug 27, 2024, 1:08 PM IST

ഇലക്ട്രിക്ക് വാഹനങ്ങൾക്കൊപ്പം സിഎൻജി വാഹനങ്ങളെയും ഏറ്റവും ശുദ്ധമായ ഇന്ധനമായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സങ്കൽപ്പത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പുതിയൊരു പഠനറിപ്പോ‍ട്ട്. സിഎൻജിയുടെ ശുദ്ധിക്ക് നേരെ വിപരീതമായ ഫലങ്ങളാണ് ഈ പഠനം വെളിപ്പെടുത്തിയത്. സിഎൻജി വാഹനങ്ങൾ നമ്മളിൽ പലരും വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ (ഐസിസിടി) പുതിയ പഠനം പറയുന്നത്


സാധാരണയായി, കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മലിനീകരണം കുറയ്ക്കുമെന്ന് പറയപ്പെടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്കൊപ്പം സിഎൻജി വാഹനങ്ങളെയും ഏറ്റവും ശുദ്ധമായ ഇന്ധനമായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സങ്കൽപ്പത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പുതിയൊരു പഠനറിപ്പോ‍ട്ട്. സിഎൻജിയുടെ ശുദ്ധിക്ക് നേരെ വിപരീതമായ ഫലങ്ങളാണ് ഈ പഠനം വെളിപ്പെടുത്തിയത്. സിഎൻജി വാഹനങ്ങൾ നമ്മളിൽ പലരും വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ (ഐസിസിടി) പുതിയ പഠനം പറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ.

മലിനീകരണ നിയന്ത്രണത്തിൽ (പിയുസി) ടെസ്റ്റുകൾ വിജയിച്ചിട്ടും ഇന്ത്യൻ റോഡുകളിൽ ഓടുന്ന പല വാഹനങ്ങളും അവയുടെ എമിഷൻ മാനദണ്ഡങ്ങൾക്കപ്പുറം മലിനീകരണം പുറന്തള്ളുന്നുവെന്നാണ് ഈ പുതിയ പഠന റിപ്പോ‍ർട്ട്പറയുന്നത്. ദ റിയൽ അർബൻ എമിഷൻസ് (ട്രൂ) പദ്ധതിയുടെ ഭാഗമായുള്ള പഠനം ഡൽഹിയിലെയും ഗുരുഗ്രാമിലെയും അധികൃതരുമായി സഹകരിച്ചാണ് നടത്തിയത്. രാജ്യ തലസ്ഥാനമായ ദില്ലിയുടെ ഏറ്റവും അടുത്തുള്ള നഗരമായ ഗുരുഗ്രാമും മോശം വായുവിൻ്റെ ഗുണനിലവാരം അനുഭവിക്കുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. നിരത്തുകളിൽ തുടർച്ചയായി വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം ഈ പ്രശ്നം വർധിപ്പിക്കുന്നു.

Latest Videos

undefined

ഈ പഠനത്തിൽ, വാഹനങ്ങളിൽ നിന്നുള്ള യഥാർത്ഥ ലോക മലിനീകരണം അളക്കാൻ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു. ഇതനുസരിച്ച് ഈ വാഹനങ്ങൾ യഥാർത്ഥത്തിൽ എത്രമാത്രം പുറന്തള്ളുന്നുവെന്ന് പരിശോധിച്ചു. ഐസിസിടി പഠനമനുസരിച്ച്, ലാബ് പരിശോധനയിൽ രേഖപ്പെടുത്തിയതിനേക്കാൾ വളരെ കൂടുതലാണ് റോഡിലെ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം എന്നാണ് റിപ്പോര്‍ട്ടുകൾ. 

ഈ പഠനത്തിൻ്റെ ഭാഗമായി, 65 ദിവസത്തേക്ക് 20 വ്യത്യസ്‌ത ടെസ്റ്റിംഗ് സ്‌പോട്ടുകളിൽ ടെസ്റ്റ് നടത്തി. ഇതിൽ ഭൂരിഭാഗം ടെസ്റ്റിംഗ് പോയിൻ്റുകളും ദില്ലിയിലും ചിലത് ഗുരുഗ്രാമിലുമാണ്. ഈ കാമ്പെയ്‌നിൽ 111,000-ലധികം സാധുവായ അളവുകൾ പരിശോധിച്ചു. ഇതിൽ നൈട്രജൻ ഓക്‌സൈഡുകൾ (NOX), കാർബൺ മോണോക്‌സൈഡ് (CO), ഹൈഡ്രോകാർബണുകൾ (HC), അൾട്രാവയലറ്റ് പുക എന്നിവയുടെ ഉദ്‌വമനം, കണികാ ദ്രവ്യത്തിൻ്റെ പ്രോക്‌സി (PM) മുതലായവ പരിശോധിച്ചു. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ കാറുകൾ (പിസി), ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ബസുകൾ എന്നിവ ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. BS-VI സ്വകാര്യ കാറുകളിൽ നിന്നുള്ള നൈട്രജൻ ഓക്സൈഡ് (NOx) ഉദ്‌വമനം BS-IV കാറുകളേക്കാൾ 81 ശതമാനം കുറവാണെന്നാണ് പഠനത്തിൻ്റെ കണ്ടെത്തലുകൾ. അതുപോലെ, BS-VI ബസുകൾ BS-IV ബസുകളെ അപേക്ഷിച്ച് 95 ശതമാനം കുറവ് NOx ഉത്പാദിപ്പിക്കുന്നു. സാധാരണ വാഹനങ്ങൾക്ക് ബിഎസ്-6 ആയി അപ്ഗ്രേഡ് ചെയ്യുന്നതാണ് അഭികാമ്യം. എന്നാൽ സിഎൻജി വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ആശങ്കാജനകമാണെന്നും പഠനം പറയുന്നു.

സിഎൻജി സംബന്ധിച്ച കണ്ടെത്തൽ
സിഎൻജിയിൽ ഓടുന്ന വാഹനങ്ങൾ ഉയർന്ന തോതിൽ നൈട്രജൻ ഓക്സൈഡ് (എൻഒഎക്സ്) പുറത്തുവിടുമെന്നാണ് പഠനം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ.  സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് വാണിജ്യ വാഹനങ്ങളാണ് മലിനീകരണത്തിന് കൂടുതൽ സംഭാവന നൽകുന്നത്. ബിഎസ്-6 സിഎൻജി ടാക്‌സികളും ലൈറ്റ് ഗുഡ്‌സ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളേക്കാൾ യഥാക്രമം 2.4 മുതൽ അഞ്ച് മടങ്ങുവരെ നൈട്രജൻ ഓക്‌സൈഡുകൾ പുറന്തള്ളുന്നുണ്ട്.

ലാബ് പരിശോധനയെ അപേക്ഷിച്ച് മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ കാറുകൾ, ടാക്സികൾ, ബസുകൾ എന്നിവ ഉൾപ്പെടെയുള്ള ബിഎസ്-VI സിഎൻജി വാഹനങ്ങൾ റോഡിലെത്തുമ്പോൾ കൂടുതൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നതായി കണ്ടെത്തി. ക്ലാസ് II ലൈറ്റ് ഗുഡ്‌സ് വാഹനങ്ങൾ അവയുടെ NOx പരിധിയുടെ 14.2 ഇരട്ടി പുറന്തള്ളുന്നതായി ലബോറട്ടറി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ലാബ് പരിശോധനകളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നും ഈ പഠനം പറയുന്നു.

രാജ്യത്ത് സിഎൻജി വാഹനങ്ങളുടെ എണ്ണം തുടർച്ചായി വർദ്ധിക്കുന്നു എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്ത് സിഎൻജി വാഹനങ്ങളുടെ എണ്ണവും വ്യാപ്‍തിയും തുടർച്ചയായി അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച മൈലേജിനായി പലരും ഇന്ന് സിഎൻജി വാഹനങ്ങളെയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ സിഎൻജിയുടെ വില പെട്രോളിൻ്റെയും ഡീസലിൻ്റെയും പകുതിയായിരുന്നു. എന്നാൽ ഇപ്പോൾ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് സിഎൻജിയുടെ വിലയും വർദ്ധിക്കുകയാണ്. ഇതൊക്കെയാണെങ്കിലും, സിഎൻജി വാഹനങ്ങളുടെ മൈലേജ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു പ്രധാന കാരണമാണ്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് ഏറ്റവും വലിയ സിഎൻജി വാഹന ശ്രേണിയുണ്ട്. ഇതുവരെ ഹാച്ച്ബാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്ന സിഎൻജി വാഹന വിഭാഗം ഇപ്പോൾ എസ്‌യുവികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുടെ വാഹന നിരകളിലും സിഎൻജി വാഹനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

നാലുചക്രവാഹനങ്ങളിലോ മുച്ചക്ര വാഹനങ്ങളിലോ വലിയ ബസുകളിലോ മാത്രം സിഎൻജി പതിപ്പുകൾ ഒതുങ്ങുന്നില്ല എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേക്കണ്ടതാണ്.  സിഎൻജിയുടെ ജനപ്രിയത കാരണം രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ അടുത്തിടെ ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്കായ ബജാജ് ഫ്രീഡം പുറത്തിറക്കിയിരുന്നു. രണ്ട് ലിറ്റർ ശേഷിയുള്ള രണ്ട് ഇന്ധന ടാങ്കുകളാണ് ഈ മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്.

                                                                                                                                                          

click me!