ഹ്യുണ്ടായി ബ്രസീൽ ആണ് പുതിയ ക്രെറ്റ എൻ ലൈനിന്‍റെ ടീസര്‍ വീഡിയോ പുറത്തിറക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനപ്രിയ 'എൻ ലൈൻ' കുടുംബത്തിലെ പുതിയ അംഗത്തിനായുള്ള ടീസർ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുറത്തിറക്കി. ഹ്യുണ്ടായി ബ്രസീൽ ആണ് പുതിയ ക്രെറ്റ എൻ ലൈനിന്‍റെ ടീസര്‍ വീഡിയോ പുറത്തിറക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് രാജ്യങ്ങളിൽ വാഹനം പുറത്തിറക്കുന്നതിന് മുമ്പ് ആദ്യഘട്ടത്തില്‍, തെക്കേ അമേരിക്കൻ വിപണിയെയാണ് ഈ മോഡല്‍ ലക്ഷ്യമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്രതലത്തിൽ, കമ്പനി ഇതിനകം തന്നെ i10, i20, i30, എലാന്‍ട്ര, സൊണാറ്റ, കോന, ട്യൂസണ്‍ തുടങ്ങിയ കാറുകൾക്കായി എന്‍ ലൈന്‍ വകഭേദങ്ങൾ വിൽക്കുന്നുണ്ട്. ഇന്ത്യയിൽ, i20 മാത്രമാണ് N ലൈൻ ആയി വിൽക്കുന്നത്. എന്നാൽ വിപണിയിൽ പ്രീമിയം മോഡലുകൾ/വകഭേദങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതിനാൽ ലൈനപ്പ് ഉടൻ വളരുമെന്ന് പ്രതീക്ഷിക്കുന്നു.
i20 N ലൈനിന് ശേഷം, ഉടൻ തന്നെ വെന്യു N ലൈൻ ഹ്യുണ്ടായി ഇന്ത്യ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, വെന്യൂ സബ്-കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലെ വിപണി ലോഞ്ചിനായി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുപകള്‍ ഉണ്ട്.
ഇന്ത്യയിൽ വാഗ്‍ദാനം ചെയ്യുന്ന i20 N ലൈൻ വേരിയന്റിന് സമാനമായ അപ്‌ഡേറ്റുകൾ ക്രെറ്റ എൻ ലൈനിന് നൽകാനാണ് സാധ്യത. എൻ ലൈൻ ബാഡ്‌ജോടുകൂടിയ ചെക്കർഡ് ഫ്ലാഗ് ഇൻസ്‌പേർഡ് ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പറിലും വശങ്ങളിലും ചുവപ്പ് നിറത്തിലുള്ള വ്യത്യസ്‌ത ട്രീറ്റ്‌മെന്റ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ എന്നിവ പോലുള്ള ട്വീക്കുകൾ ഉപയോഗിച്ച് ഇത് അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിന് ചുവന്ന ആംബിയന്റ് ലൈറ്റിംഗും സീറ്റുകളിൽ ചുവന്ന പൈപ്പിംഗും സഹിതം സ്പോർട്ടിയർ റെഡ് ഹൈലൈറ്റുകളും ലഭിക്കും.
സീറ്റുകൾ, ഗിയർ നോബ്, സ്റ്റിയറിംഗ് വീൽ എന്നിങ്ങനെ കാറിന്റെ വിവിധ ബോഡി ഭാഗങ്ങളിൽ 'എൻ ലൈൻ' ലോഗോ തീര്‍ച്ചയായും ഉണ്ടാകും. ക്രെറ്റ എൻ ലൈനിന് ഒരു പുതിയ കൂട്ടം അലോയ് വീലുകളും ലഭിച്ചേക്കും. പെർഫോമൻസ് അപ്‌ഡേറ്റുകൾ പോകുന്നിടത്തോളം, ഇത് പവർട്രെയിനിനായി ശക്തമായ സസ്പെൻഷൻ സജ്ജീകരണവും സ്പോർട്ടിയർ ട്യൂണിംഗും ഉപയോഗിച്ചേക്കാം.
അതേസമയം ക്രെറ്റ എൻ ലൈൻ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം വാഹനം ഒരുപക്ഷേ ഇന്ത്യയില്‍ എത്തിയേക്കും എന്നും പ്രതീക്ഷിക്കുന്നു.