ഹ്യുണ്ടായ് മോട്ടോറും അനുബന്ധ കമ്പനിയായ കിയയും കണക്റ്റഡ് കാറുകൾക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചൈനയിലെ ടെക് ഭീമനായ ബൈഡുവുമായി കരാർ ഒപ്പിട്ടു.
ദക്ഷിണ കൊറിയയിലെ മുൻനിര കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറും അനുബന്ധ കമ്പനിയായ കിയയും കണക്റ്റഡ് കാറുകൾക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചൈനയിലെ ടെക് ഭീമനായ ബൈഡുവുമായി കരാർ ഒപ്പിട്ടതായി റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച ബീജിംഗിൽ ഒപ്പുവച്ച ധാരണാപത്രത്തിന് കീഴിൽ, രണ്ട് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളും ബൈഡുവും കണക്റ്റിവിറ്റിയും സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും ഉൾപ്പെടെ വിവിധ മേഖലകളിൽ കൈകോർക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
ബെയ്ജിംഗിൻ്റെ മെച്ചപ്പെടുത്തുന്ന ഡാറ്റാ നിയന്ത്രണങ്ങൾ പരിഹരിക്കാൻ ഹ്യൂണ്ടായും കിയയും ബൈഡുവിൻ്റെ സ്മാർട്ട് ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന പുതിയ ബിസിനസ് മോഡലുകൾ ചൈനയുമായി ചേർന്ന് കണ്ടെത്താൻ ദക്ഷിണ കൊറിയൻ കമ്പനികൾ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ബൈഡുവുമായുള്ള തന്ത്രപരമായ സഹകരണത്തിലൂടെ, ചൈനീസ് വിപണിയിൽ കണക്റ്റഡ് കാറുകൾക്കായി ഇക്കോസിസ്റ്റം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ഹ്യുണ്ടായിയും കിയയും വാർത്താക്കുറിപ്പിൽ പറഞ്ഞു. ചൈനയിൽ കണക്റ്റഡ് കാറുകളുടെ വിപണി വളരുന്ന സാഹചര്യത്തിലാണ് കരാർ. ചൈനയിലെ കണക്റ്റഡ് കാറുകളുടെ വാർഷിക വിൽപ്പന ഈ വർഷം 17 ദശലക്ഷം യൂണിറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2019 ലെ 7.2 ദശലക്ഷം യൂണിറ്റിൽ നിന്ന് കുത്തനെ ഉയർന്നതായി ചൈനീസ് ഡാറ്റ ഉദ്ധരിച്ച് ഹ്യുണ്ടായ് പറഞ്ഞു. വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ വികസനം ഉൾപ്പെടെ 2014 മുതൽ ഹ്യൂണ്ടായും കിയയും ബൈഡുവുമായി ചേർന്ന് പ്രവർത്തിക്കുന്നു.