ഇന്നോവയ്ക്കൊരു എതിരാളി, എത്തീ ഹ്യുണ്ടായി അല്‍ക്കാസര്‍

By Web Team  |  First Published Jun 19, 2021, 4:11 PM IST

അല്‍ക്കാസറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി


ക്രെറ്റയെ അടിസ്ഥാനമാക്കി ഹ്യുണ്ടായി നിര്‍മ്മിച്ച 7 സീറ്റർ പതിപ്പായ അൽകാസര്‍ അടുത്തിടെയാണ് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ അല്‍ക്കാസറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. 16.30 ലക്ഷം രൂപ മുതലാണ് രാജ്യമെങ്ങും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രെസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എട്ട് കളര്‍ ഓപ്ഷനുകളിലും എസ്‌യുവി ലഭിക്കും. 

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഈ ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമായി അല്‍കസറിന്റെ ബാഹ്യഭാഗത്ത് സൂക്ഷ്‍മമായ ഡിസൈന്‍ മാറ്റങ്ങള്‍ ലഭിക്കുന്നു.  എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം സ്റ്റഡഡ് ഗ്രില്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ‘അല്‍ക്കസര്‍’ എഴുത്ത് സഹിതം ബൂട്ട്‌ലിഡിന് കുറുകെ ക്രോം സ്ട്രിപ്പ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, കറുത്ത പില്ലറുകള്‍, റൂഫ് റെയിലുകള്‍, ബോഡിയുടെ അതേ നിറത്തില്‍ പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍ എന്നിവയാണ് എസ്‌യുവിയുടെ ബാഹ്യമായ വിശേഷങ്ങള്‍.

Latest Videos

undefined

കാബിനില്‍ കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലായി ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം നല്‍കി. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘ബ്ലൂലിങ്ക്’ കണക്റ്റിവിറ്റി, പനോരമിക് സണ്‍റൂഫ്, 4 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കപ്പ് ഹോള്‍ഡറുകള്‍ സഹിതം ഫുള്‍ സൈസ് ആം റെസ്റ്റ് (6 സീറ്റ് വേരിയന്റില്‍ മാത്രം), ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ അകത്തെ സവിശേഷതകള്‍.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ലഭിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 156 ബിഎച്ച്പി കരുത്തും 191 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്പി, ടിപിഎംഎസ് എന്നീ സുരക്ഷാ ഫീച്ചറുകളും ലഭിച്ചു. 

ടൈഗാ ബ്രൗൺ, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ഫാന്റം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ സിംഗിൾ ടോൺ നിറങ്ങളിലും പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ എന്നീ നിറങ്ങൾ ഫാന്റം ബ്ലാക്ക് റൂഫുമായി ഡ്യുവൽ ടോൺ നിറങ്ങളിലും ആൽക്കസാർ ലഭ്യമാണ്.

25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി അല്‍കാസറിന്‍റെ ബുക്കിംഗ് കമ്പനി കഴിഞ്ഞയാഴ്‍ച തുടങ്ങിയിരുന്നു. ഹ്യുണ്ടായി ഷോറൂമുകള്‍ വഴിയും ഹ്യുണ്ടായി ക്ലിക്ക് ടു ബൈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും അല്‍കാസര്‍ ബുക്കുചെയ്യാന്‍ സാധിക്കും. അല്‍കാസറിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് മുമ്പുതന്നെ ഏതാനും ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ 4,000 പേരോളം ബുക്ക് ചെയ്‍ത് കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ബുക്ക് ചെയ്‍ത മോഡലുകളില്‍ 60 ശതമാനവും 6 സീറ്റ് കോണ്‍ഫിഗറേഷനിലും 40 ശതമാനം 7 സീറ്റിനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ഗ്രാവിറ്റാസ്, എക്സ് യുവി500 ഹെക്ടർ പ്ലസ് എന്നിവർ അടങ്ങുന്ന വിഭാഗത്തിലേക്കാണ് എത്തുന്നതെങ്കിലും ടൊയോട്ട ഇന്നോവയ്ക്ക് ആയിരിക്കും പുത്തന്‍ ക്രെറ്റ അഥവാ അല്‍കാസര്‍ പ്രധാനമായും വെല്ലുവിളിയാകുക. 2021 ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് തുടങ്ങിയവരും എതിരാളികളായേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!