കത്തിയെരിയുന്ന കാറില്‍ യുവതിയും മൂന്നു കുഞ്ഞുങ്ങളും, രക്ഷകനായി യുവാവ്!

By Web Team  |  First Published Jul 17, 2021, 2:53 PM IST

സമീപത്തെത്തി നോക്കിയപ്പോൾ​ കാറിനകത്ത് കുടുങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയേയും മൂന്ന്​ കുട്ടികളെയും കണ്ടു​. ആകെ പകച്ച നിലയിലായിരുന്നു അവര്‍


കത്തിയെരിയുന്ന കാറിൽ നിന്ന്​ നവജാത ശിശു ഉള്‍പ്പെടെ നാലുപേരെ രക്ഷിച്ച് യുവാവ്. ഹൈദരാബാദിലെ പിവിഎൻ‌ആർ എക്സ്‍പ്രസ് ഹൈവേയിലാണ് സംഭവം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദ് നിവാസിയായ ജി രവിയാണ് കുടുംബത്തിന് രക്ഷകനായത്.

ഹൈദരാബാദിലെ രാജേന്ദ്രനഗർ പരിധിയിലുള്ള പിവിഎൻആർ എക്സ്പ്രസ് ഹൈവേയിലെ അട്ടാപൂരിലാണ്​ സംഭവം. എക്സ്‍പ്രസ് ഹൈവേയിലൂടെ കടന്നുപോകുകയായിരുന്ന രവി തീപിടിച്ചുതുടങ്ങിയ കാർ കാണുകയായിരുന്നു. സമീപത്തെത്തി നോക്കിയപ്പോൾ​ കാറിനകത്ത് കുടുങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയേയും മൂന്ന്​ കുട്ടികളെയും കണ്ടു​. ആകെ പകച്ച നിലയിലായിരുന്നു അവര്‍. ഇതോടെ കത്തുന്ന വാഹനത്തി​ന്‍റെ ജനൽ തകർത്ത്​ രവി നാലുപേരേയും പുറത്തെത്തിച്ചു. പിന്നാലെ​ സുരക്ഷിതസ്​ഥാനത്തേക്ക്​ മാറ്റി.​ രണ്ട് മാസം പ്രായമുള്ള കുഞ്ഞും യുവതിക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ കാറിനെ പൂര്‍ണ്ണമായും തീ വിഴുങ്ങിയിരുന്നു.

Latest Videos

undefined

ഷൈലജ എന്ന യുവതിയുടെ വാഹനത്തിനാണ്​ തീപിടിച്ചത്​. മക്കളോടൊപ്പം ഷംഷാബാദിൽ നിന്ന് ജൂബിലി ഹിൽസിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യുവതിയെന്നും പെട്ടെന്നാണ്​ കാറിനു തീപിടിച്ചതെന്നും എഞ്ചിനിലെ തകരാറാണ്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തി​ന്‍റെറ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. കത്തുന്ന കാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്​.

കാറിന് തീപിടിച്ച സമയം തെലങ്കാന ഗവർണർ അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. കാറിലെ തീ കെടുത്തിയ ശേഷമാണ്​ ഗവർണർ കടന്നുപോയത്​. രവിയുടെ സമയോചിതമായ ഇടപെടലിന് പൊലീസ് നന്ദി രേഖപ്പെടുത്തുന്നു. കാറിലെ നാല് പേരും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

A woman&her 3 children inc' an infant were rescued instantly when the car they're travelling caught up in fire by G Ravi, a driver who was travelling in the same route. Incident took place on Hyderabad's PVNR exp'way in Attapur of Rajendranagar. pic.twitter.com/RTH0D4kmhr

— CharanTeja (@CharanT16)

കാറിലെ തീയുടെ കാരണങ്ങള്‍; അങ്ങനെ സംഭവിച്ചാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും!
ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി വരികയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?  ഏത് വാഹനത്തിനും ഇങ്ങനെ തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്പോഴോ അപകടങ്ങള്‍ക്ക് ശേഷമോ ഒക്കെ വാഹനങ്ങള്‍ക്ക് തീപിടിക്കാം. എങ്ങനെയാണു വാഹനങ്ങൾക്ക് തീ പിടിക്കുന്നത്?

തീപിടിക്കാനുള്ള കാരണങ്ങൾ
ഒരു വണ്ടിക്കമ്പനിയും ഏളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല തങ്ങളുടെ വാഹനങ്ങൾ നിർമിക്കുന്നത്. എങ്കിലും പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്കു തീപിടിക്കാം. അവയില്‍ ചിലവയെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് നിങ്ങളെ ഒരുപരിധി വരെയെങ്കിലും സഹായിക്കും. 

ഷോര്‍ട്ട് സര്‍ക്യൂട്ട്
പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. മിക്കവാറും സന്ദർഭങ്ങളിൽ ഫ്യൂസ് എരിഞ്ഞമരുന്നു. ഇത് തീപിടത്തതിലേക്ക് നയിക്കുന്നു

ഇന്ധനച്ചോര്‍ച്ച
റോഡപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് പലപ്പോഴും  തീപടരാനിടയാക്കും. ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും. സാധാരണയായി വാഹനം രൂപകൽപന ചെയ്യുമ്പോൾ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്. എൻജിൽ ഓയിലിന്‍റെ ചോർച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടന്ന് തീപിടിക്കും. 

വയറിംഗിലെ കൃത്രിമം
ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൌന്ദര്യം കൂട്ടിയേക്കും.  പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

ഇത്തരം വസ്‍തുക്കള്‍ ബോണറ്റിനടിയില്‍ മറന്നു വെയ്ക്കുക
ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നു പോകുന്നവരുണ്ട്.  ഇങ്ങനെ പൂട്ടുന്ന ശീലം വും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിയാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക. 

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍
സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് കൊണ്ടുതന്നെ പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് വളരെ ജനപ്രിയതയുണ്ട്. സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീ കത്താനുള്ള സാധ്യത കൂടും. 

ഡിസൈന്‍ പാളിച്ചകള്‍
വാഹനത്തിന്റെ ഡിസൈന്‍ പാളിച്ചകളും കാര്‍ തീപിടിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആദ്യ കാലത്ത് ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഡിസൈന്‍ പാളിച്ചയാണ് തീപിടുത്തതിന് കാരണമെന്ന തിരിച്ചറിഞ്ഞ ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചാണ് നാനോ കാറുകളെ പിന്നീട് പുറത്തിറക്കിയത്.

ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ്
കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും. ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യതയും കൂടും. 

മോഡിഫിക്കേഷനുകള്‍
സൂപ്പര്‍കാറുകളിലെ എക്‌സ്‌ഹോസ്റ്റില്‍ നിന്നും തീ തുപ്പുന്ന ആഫ്റ്റര്‍ബേണ്‍ പ്രതിഭാസത്തെ സാധാരണ കാറുകളില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതും ദുരന്തത്തിന് വഴി വയ്ക്കും. വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകളെ കാറില്‍ ഘടിപ്പിക്കുന്നത് അപകടത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്ല്യമാണ്. എക്‌സ്‌ഹോസ്റ്റ് പൈപിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപോയിച്ച് എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ പടരാന്‍.

വാഹനത്തിനു തീപിടിക്കാതിരിക്കാന്‍...

  • കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം.
  • എളുപ്പം തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്
  • വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. 
  • ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കരുത്. വാഹനം നിര്‍ത്തി എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. 
  •  ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതു മാറ്റി വാഹം ഓടിക്കുവാൻ ഒരിക്കലും സ്വയം ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. 
  • അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
  • അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക
  •  

തീ പിടിച്ചാല്‍ എന്തു ചെയ്യണം, ചെയ്യരുത്?

വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. 

ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്​റെസ്​റ്റ്​ ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക​. ഹെഡ്​ റെസ്​റ്റ്​ ഈരിയെടുത്ത്​ അതി​ന്‍റെ കുർത്ത അഗ്രങ്ങൾ കൊണ്ട്​ കണ്ണാടി പൊട്ടിച്ച്​ പുറത്തുകടക്കണം

തീ കെടുത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ജീവഹാനി വരെ സംഭവിച്ചേക്കാം

തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. 

ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം പ്രവഹിച്ചേക്കാവുന്ന വിഷമയമായ വായു നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കാം. 

ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!