ഈ സാഹചര്യത്തില്‍ ആശങ്കയിലായിരിക്കും പല ഫോര്‍ഡ് ഉടമകളും. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനം ഉണ്ടോ? ഇതാ അറിയേണ്ടതെല്ലാം
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ആശങ്കയിലായിരിക്കും പല ഫോര്‍ഡ് ഉടമകളും. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനം ഉണ്ടോ? ഇതാ അറിയേണ്ടതെല്ലാം.
ആശങ്ക
ലോകത്തെ വമ്പൻ വണ്ടിക്കമ്പനികളിൽ ഒന്നായ ഫോർഡ് ഇന്ത്യ വിടുമ്പോൾ നിരവധി ആശങ്കകളാണ് ഉയരുന്നത്. നിലവിൽ ഫോർഡ് വാഹനങ്ങളുടെ ഉടമകളായ ലക്ഷക്കണക്കിനുപേരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. ഡീലർഷിപ്പുകളുടേയും കമ്പനിയിലെ തൊഴിലാളികളുടേയും ജീവിതവും പ്രതിസന്ധിയിലായി. 4000 തൊഴിലാളികളെയാകും ഫോര്‍ഡ് പ്ലാന്‍റുകളുടെ അടച്ചുപൂട്ടല്‍ ബാധിക്കുക.
പ്രതീക്ഷ
ഇന്ത്യ വിടുകയല്ല, മറിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നാണ് ഫോർഡ് ഇന്ത്യ പറയുന്നത്. ഇതുതന്നെയാണ് ഫോർഡ് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രതീക്ഷയും. അതായത് ഫോർഡ് ഇപ്പോഴും ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തുന്നു എന്നതാണ് പ്രധാനം. മാത്രമല്ല നിലവിലുള്ള ഉപഭോക്താക്കളെ ഒരുതരത്തിലും കൈവിടില്ല എന്നും ഫോർഡ് ഉറപ്പു പറയുന്നു. 'ഇന്ത്യയിലെ ഡീലർമാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളെ തുടർന്നും പിന്തുണക്കും'-ഫോർഡ് പ്രസിഡൻറും സിഇഒയുമായ ജിം ഫാർലി പറഞ്ഞു. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോർഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വാറണ്ടി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത തുടങ്ങിയ സേവനങ്ങൾ ഇത്തരത്തിൽ 10 വർഷത്തേക്ക് ലഭ്യമാക്കും.
തൊഴിലാളികളുടെ തൊഴില്‍ നഷ്‍ടത്തിനും കമ്പനി പരിഹാരം കണ്ടെത്തുമെന്നാണ് സൂചന. പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് ഫോര്‍ഡ് ജീവനക്കാര്‍, യൂണിയനുകള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍, ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
പെട്ടെന്ന് പിന്മാറില്ല
ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമേ ഉത്പാദനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നാണ് സൂചനകള്‍. 2021 ന്റെ നാലാം പാദത്തോടെ ഗുജറാത്തിലെ സാനന്ദില്‍ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിര്‍മാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമാണവും അവസാനിപ്പിക്കുമെന്ന് ഫോര്‍ഡ് പ്രസ്‍താവനയില്‍ പറയുന്നു
വില്‍പ്പന തുടരും
ഇന്ത്യയിലെ വില്‍പ്പന തുടരാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ ഡീലർമാർക്ക് നൽകുകയും സ്റ്റോക്ക് തീരുന്നതുവരെ വിൽക്കുകയും ചെയ്യും. ഫിഗോ, ആസ്പയർ, ഇക്കോസ്പോർട്ട്, ഫ്രീസ്റ്റൈൽ, എൻഡവർ തുടങ്ങിയ വാഹനങ്ങളെല്ലാം ഇത്തരത്തിൽ സ്റ്റോക് തീരുന്നതുവരെ വിൽക്കും.
പിന്നീട് തിരഞ്ഞെടുത്ത മോഡലുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്‍തായിരിക്കും വില്‍പ്പനയെന്നാണ് ഫോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇറക്കുമതിചെയ്‍ത സി ബിയു മോഡലുകള്‍ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയില്‍ വില്‍ക്കുക. ഓസ്‌ട്രേലിയയിലും ബ്രസീലിലും ഉള്ളതുപോലെ പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ എന്നിവ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും. ദില്ലി, ചെന്നൈ, മുംബൈ, സാനന്ദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പാര്‍ട്ട് ഡിപ്പോകള്‍ പരിപാലിക്കുകയും അതിന്റെ ഡീലര്‍ ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ വില്‍പ്പന ക്രമീകരിക്കുകയും ചെയ്യും.
പിന്മാറ്റം ആദ്യമല്ല
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണ്‍ തുടങ്ങിയവര്‍ അടുത്ത കാലത്ത് ഇന്ത്യയില്‍നിന്ന് പിന്മാറിയിരുന്നു. ഹാര്‍ളി ഡേവിഡ്‌സണ്‍ ഹീറോയുമായി സഹകരിച്ച് വില്‍പ്പന തുടരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona