ഇങ്ങനെ കേടായ വാഹനങ്ങളുടെ ഇൻഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയെന്നും എങ്ങനെയാണ് അത് ചെയ്യേണ്ടതെന്നും അറിയാം
കഴിഞ്ഞ കുറേ മണിക്കൂറുകളായി സംസ്ഥാനത്തിന്‍റെ (Kerala) വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ (Heavy Rain) കനത്ത നാശനഷ്‍ടമാണ് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളം കയറി വാഹനങ്ങള്‍ നശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കേടായ വാഹനങ്ങളുടെ ഇൻഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയെന്നും എങ്ങനെയാണ് അത് ചെയ്യേണ്ടതെന്നും നോക്കാം.
വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനങ്ങളോട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുതെന്നും പ്രത്യേകം ശ്രദ്ധിക്കണം. കാരണം പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.
undefined
ഈ ക്ലോസുകള്‍ അനുസരിച്ച് വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. അതായത് എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമം. പക്ഷേ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ മരം വീണോ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങൾ സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക. ഇൻഷുറൻസ് കമ്പനിക്കാരെ വിവരം അറിയിക്കുക.
നിരപ്പായ പ്രതലം
ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം.
എങ്ങനെ ക്ലെയിം ചെയ്യാം?
1. വാഹനം ക്ലെയിം ചെയ്യാന്‍ ആദ്യം ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും ഇന്‍റിമേഷന്‍ ലെറ്റര്‍ വാങ്ങി അവിടെ ഫില്‍ ചെയ്ത് നല്‍കുക
2. അവിടെ നിന്നും ലഭിക്കുന്ന ക്ലെയിം ഫോമും ആര്‍ സി ബുക്കിന്റെ കോപ്പിയും ഇന്‍ഷൂറന്‍സിന്റെ കോപ്പിയും വാഹനവും നിങ്ങളുടെ വാഹനം സര്‍വീസ് ചെയ്യുന്ന അംഗീകൃത സര്‍വ്വീസ് സെന്ററില്‍ ഏല്‍പ്പിക്കുക
3. ക്ലെയിം ഫോമില്‍ വിവരങ്ങള്‍ ഫില്‍ ചെയ്ത് വാഹനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ആവശ്യമാകുന്ന സാധനങ്ങളുടെയും മറ്റും തുക ഏകദേശം തയ്യാറാക്കി എസ്റ്റിമേറ്റിനൊപ്പം സര്‍വീസ് സെന്ററുകാര്‍ തന്നെ ഇന്‍ഷൂറന്‍സ് ഓഫീസില്‍ നല്‍കും
4. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും സര്‍വ്വേയര്‍ വന്നു വാഹനം കണ്ട് ചെക്ക് ചെയ്ത് മാറ്റേണ്ട പാര്‍ട്സുകള്‍, ലേബര്‍ ചാര്‍ജ്ജ് എന്നിവ ഏതൊക്കെ, എത്രമാത്രം എന്നൊക്കെ അറിയിക്കും
5. ചില സര്‍വീസ് സെന്‍ററുകളില്‍ അവര്‍ വാഹനം നന്നാക്കി തരികയും പാസാക്കി കിട്ടുന്ന ക്ലെയിം എമൗണ്ട് അവരുടെ പേരില്‍ വാങ്ങുകയും ചെയ്തോളാം എന്നു പറയും. വലിയ വാഹനങ്ങള്‍ക്ക് അങ്ങിനെ ആണ് പതിവ്
6. ചില സര്‍വ്വീസ് സെന്‍ററുകള്‍ സര്‍വ്വേയര്‍ പാസാക്കിയ തുക ആദ്യം അടയ്ക്കാന്‍ ആവശ്യപ്പെടും. ഏകദേശം ഒന്നരമാസത്തിനുള്ളില്‍ ആ തുക തിരികെ ലഭിക്കും.
ശ്രദ്ധിക്കുക. ഇന്‍ഷൂറന്‍സ് വൗച്ചര്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 50 രൂപ ഫീ അടച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ചില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് കിട്ടും. ആര്‍ സി ബുക്ക് കോപ്പി ഇല്ലെങ്കില്‍ ക്ലെയിം പേയ്മെന്‍റ് തുക ലഭിക്കുമ്പോള്‍ കാണിച്ചാലും മതി.
Courtesy: Automotive Websites, Social Media