Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

By Web Team  |  First Published Dec 1, 2021, 12:31 PM IST

ഇതാ ഈ കേന്ദ്രത്തെയും അതിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയും അറിയേണ്ടതെല്ലാം


രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളാണ്​ മാരുതി സുസുക്കി (Maruti Suzuki). ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ വാഹന പൊളിക്കൽ കേന്ദ്രവും (vehicle scrappage centre) തുറന്നിരിക്കുകയാണ്​ കമ്പനി. ടൊയോട്ട സുഷോ ഗ്രൂപ്പിനോടൊപ്പം (Toyota Tsusho Group) ചേർന്നാണ്​ സർക്കാർ അംഗീകരിച്ച ആദ്യ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ നോയിഡയിൽ ( Noida) ആരംഭിച്ചത്​.  കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരിയാണ് അടുത്തിടെ ഈ സർക്കാർ അംഗീകൃത വാഹന സ്‌ക്രാപ്പിംഗ് ആൻഡ് റീസൈക്ലിംഗ് സൗകര്യം ഉദ്ഘാടനം ചെയ്‍തത്. ഇതാ ഈ കേന്ദ്രത്തെയും അതിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയും അറിയേണ്ടതെല്ലാം

പ്രവര്‍ത്തനം
44 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ വാഹന സ്‌ക്രാപ്പേജ് സൗകര്യം കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പേജ് പോളിസി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യത്തിന് പ്രതിവർഷം 24,000-ലധികം ELV-കൾ സ്‌ക്രാപ്പ് ചെയ്യാനും റീസൈക്കിൾ ചെയ്യാനും കഴിയും.

Latest Videos

ഇനി മാരുതി സുസുക്കിയുടെ വെഹിക്കിൾ സ്ക്രാപ്പേജ് സെന്‍റർ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാം. ഇതാ അതിന്‍റെ വിവിധ ഘട്ടങ്ങള്‍

1
ആദ്യം, ഡീലർഷിപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും പഴയ വാഹനങ്ങൾ വാങ്ങുന്നു. താൽപ്പര്യമുള്ള ഡീലർഷിപ്പുകൾക്കും സ്വന്തം വാഹനം സ്‌ക്രാപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിഗത വാഹന ഉടമകൾക്കും ഒരു പ്രത്യേക വെബ്‌സൈറ്റിലൂടെയും കോൾ സെന്ററിലൂടെയും വാഹന സ്‌ക്രാപ്പേജ് സൗകര്യവുമായി ബന്ധപ്പെടാം.

2
സ്‌ക്രാപ്പ് ചെയ്യേണ്ട വാഹനം സ്‌ക്രാപ്പേജ് സൗകര്യത്തിലേക്ക് കൊണ്ടുവരുകയും അവിടെ അത് രേഖപ്പെടുത്തുകയും സമഗ്രമായി പരിശോധിക്കുകയും ചെയ്യുന്നു. വാഹനം പ്രീ-ട്രീറ്റ്‌മെന്റിലൂടെയും മാലിന്യ നിർമാർജനത്തിലൂടെയും കടന്നുപോകുന്നു. ഓയിൽ, എയർബാഗുകൾ, ബാറ്ററി തുടങ്ങിയ ഘടകങ്ങൾ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് സീറോ ഡിസ്‍ചാർജ് ഉറപ്പാക്കുന്നു.

3
വാഹനത്തിന്റെ വിവിധ ഘടകങ്ങൾ സാങ്കേതിക വിദഗ്‍ധർ പൊളിച്ചുമാറ്റുന്നു. വാഹനത്തിന്റെ ഷെല്ലിന്റെ കംപ്രഷൻ മുമ്പ് സ്ക്രാപ്പ് മെറ്റീരിയലുകൾ പ്രോസസ് ചെയ്യുകയും വേർതിരിക്കുകയും ചെയ്യുന്നു. ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിച്ച്, എളുപ്പത്തിലുള്ള സംഭരണത്തിനും ഗതാഗതത്തിനുമായി വാഹനത്തിന്റെ ഷെൽ ഒരു ലോഹ ബ്ലോക്കിലേക്ക് കംപ്രസ് ചെയ്യുന്നു. ഈ 60 സെ.മീ x 60 സെ.മീ x 60 സെ.മീ മെറ്റൽ ക്യൂബുകൾ സ്റ്റീൽ മില്ലുകൾക്കും സ്മെൽറ്ററുകൾക്കും വിൽക്കുന്നു.

4
മുഴുവൻ പരിശോധനയും പൊളിക്കലും സ്‌ക്രാപ്പിംഗ് പ്രക്രിയയും ഒരു കാറിന് ഏകദേശം 200 മിനിറ്റ് എടുക്കും, അതിനുശേഷം ബോഡി ഷെൽ ചുരുങ്ങുന്നു.

സ്ക്രാപ്പേജ് നയം
ഈ വർഷം ഓഗസ്റ്റിലാണ്​ കേന്ദ്രം സ്‌ക്രാപ്പേജ് പോളിസി പുറത്തിറക്കിയത്​. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് (23-ാം ഭേദഗതി) നിയമം 2021 എന്ന ദേശീയ വാഹന സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ്​ നയമനുസരിച്ച്​ ചെയ്യുന്നത്​. ഇതനുസരിച്ച്, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാക്കും. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് പോളിസി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പഴയ വാഹനങ്ങൾ റദ്ദാക്കാൻ ഉടമകൾ തീരുമാനിക്കുകയാണെങ്കിൽ, പുതിയ വാഹനം വാങ്ങുമ്പോൾ 5 ശതമാനം ഇൻസെന്റീവ് നൽകും.

പൊളിക്കല്‍ മാനദണ്ഡം
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ആർടിഒ രജിസ്റ്റർ ചെയ്‍ത് നല്‍കില്ല. 15 വർഷത്തിലധികം പഴക്കമുള്ള വാഹന ഉടമകൾ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് എട്ടിരട്ടി അധികം ഫീസ്​ നൽകണം. 15 വർഷത്തിലധികം പഴക്കമുള്ള കാറുകളുടെ പുതുക്കൽ ഫീസായി 5,000 രൂപ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ, 15 വർഷം പഴക്കമുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് നിലവിലെ 300 രൂപയ്‍ക്ക് പകരം 1,000 രൂപ ആകും.

രജിസ്ട്രേഷൻ ഫീസ്
ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്കും കാറുകൾക്കും രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ ചെലവ് വരും. ഇത് യഥാക്രമം 10,000 രൂപ, 40,000 രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള ബസ് അല്ലെങ്കിൽ ട്രക്ക് പോലുള്ള പൊതു, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും നിലവില്‍ ഉള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതൽ ചിലവ് വരും. പുതുക്കൽ ഫീസ് 10,000 മുതൽ 12,500 വരെ ആയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Source : Hindustan Times Auto 
 

click me!