ബെംഗളൂരില്‍ പുതിയ ആര്‍ ആൻഡ് ഡി സെന്‍റര്‍ തുറന്ന് ഹോണ്ട

By Web Team  |  First Published May 11, 2024, 9:32 AM IST

 ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും പവര്‍ ഉല്‍പന്നങ്ങള്‍ക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആര്‍ & ഡി ഫെസിലിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. 


ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആര്‍ ആൻഡ് ഡി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഐഡി) ബെംഗളൂരില്‍ പുതിയ റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ തുറന്നു. ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും പവര്‍ ഉല്‍പന്നങ്ങള്‍ക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആര്‍ & ഡി ഫെസിലിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെന്‍റര്‍ സഹകരിക്കും എന്ന് ഹോണ്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.

2050ഓടെ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ആഗോള ലക്ഷ്യം ഹോണ്ട നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ ബിസിനസില്‍ 2040ഓടെ എല്ലാ ഉത്പന്നങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 2070ഓടെ ഹരിതഗൃഹ വാതക പ്രസരണം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് രാജ്യം പ്രവര്‍ത്തിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Latest Videos

അതേസമയം ഹോണ്ടയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ തങ്ങളുടെ 350 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ പ്ലാറ്റ്‌ഫോമിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. കൂടാതെ പുതിയ മോട്ടോർസൈക്കിളുകളെ സൂചിപ്പിക്കുന്ന ചില ഡിസൈൻ പേറ്റൻ്റുകൾ അനാവരണം ചെയ്തിട്ടുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയനോട് മത്സരിക്കുന്നതിനായി ഒരു അഡ്വഞ്ചർ ബൈക്കിൻ്റെ പേറ്റൻ്റ് ഡ്രോയിംഗുകൾ വെളിപ്പെടുത്തിയതിന് ശേഷം,  ഇപ്പോൾ ഹോണ്ടയുടെ മറ്റൊരു കൗതുകകരമായ മോഡലിന്‍റെ ഡിസൈൻ പേറ്റൻ്റ് വിവരങ്ങൾ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകൾ. 

ഈ പുതിയ ബൈക്ക് ഹൈനെസ് CB350 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതൊരു സ്‌ക്രാംബ്ലർ വേരിയൻ്റോ ഹോണ്ട CB350RS-ൻ്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പോ ആകാനും സാധ്യതയുണ്ട്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഡിസൈൻ പേറ്റൻ്റുകൾ കാര്യമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇത് CB350 ൻ്റെ ഒരു വകഭേദം എന്നതിലുപരി ഇത് തികച്ചും പുതിയ ഉൽപ്പന്നമായിരിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

 

tags
click me!