ഇവി മേഖലയിൽ, ചാർജിംഗ് ശൃംഖല മെച്ചപ്പെടുത്തുന്നതിനൊപ്പം, ഹൈടെക് ഫീച്ചറുകളാൽ നിറഞ്ഞ പുതിയ മോഡലുകളുടെ ഒരു ശ്രേണിയിൽ അതിൻ്റെ ലീഡ് നിലനിർത്താൻ ടാറ്റ പദ്ധതിയിടുന്നു.
ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിൽ സ്ഥിരമായി ആധിപത്യം പുലർത്തുന്ന ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ മുൻനിര കമ്പനികളിലൊന്നാണ്. 2023-24 സാമ്പത്തിക വർഷത്തിൽ, ടാറ്റ ആറുശതമാനം പ്രതിവർഷ വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം വിൽപ്പന 5.73 ലക്ഷം യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ്. വരും വർഷങ്ങളിൽ അഞ്ച് ദശലക്ഷം പാസഞ്ചർ വിൽപ്പന നാഴികക്കല്ല് മറികടക്കാൻ കമ്പനി ലക്ഷ്യമിടുന്നു. വിപണിയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, ഉൽപ്പന്ന, പ്ലാറ്റ്ഫോം വികസനം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആർക്കിടെക്ചറുകൾ, വാഹന സോഫ്റ്റ്വെയർ എന്നിവയിൽ നിക്ഷേപം നടത്താനും കമ്പനി പദ്ധതിയിടുന്നു.
ഉൽപ്പന്ന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഉപഭോക്തൃ അനുഭവം വർധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവി മേഖലയിൽ, ചാർജിംഗ് ശൃംഖല മെച്ചപ്പെടുത്തുന്നതിനൊപ്പം, ഹൈടെക് ഫീച്ചറുകളാൽ നിറഞ്ഞ പുതിയ മോഡലുകളുടെ ഒരു ശ്രേണിയിൽ അതിൻ്റെ ലീഡ് നിലനിർത്താൻ ടാറ്റ പദ്ധതിയിടുന്നു.
ഈ വർഷമാദ്യം, ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ പുതിയ അഡ്വാൻസ്‌ഡ് കണക്റ്റഡ് ടെക് ഇൻ്റലിജൻ്റ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോം പഞ്ച് ഇവിക്കൊപ്പം അവതരിപ്പിച്ചിരുന്നു. ഈ പുതിയ ആർക്കിടെക്ചർ ടാറ്റയിൽ നിന്ന് ഒന്നിലധികം വലിപ്പത്തിലുള്ള വരാനിരിക്കുന്ന എല്ലാ മാസ്-മാർക്കറ്റ് ഇവികൾക്കും അടിവരയിടും. ബാറ്ററി പായ്ക്ക് വലുപ്പം, വാഹന വലുപ്പം, ഡ്രൈവ് ട്രെയ്‌നുകളുടെ തരം, ചാർജിംഗ് കഴിവുകൾ എന്നിവയിൽ വഴക്കം നൽകുന്നതിനൊപ്പം സ്ഥലത്തിൻ്റെയും ഊർജ്ജ ഉപഭോഗത്തിൻ്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
2025-ഓടെ തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ പത്ത് ഇവികൾ ഉണ്ടായിരിക്കാനുള്ള പദ്ധതി വാഹന നിർമ്മാതാവ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, കമ്പനി ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഡോട്ട് ഇവിഎന്നിവ വിൽക്കുന്നു. 2025-ൽ ഹാരിയർ ഇവി, സഫാരി ഇവി, ആൾട്രോസ് ഇവി എന്നിവയോടൊപ്പം ഈ വർഷത്തെ ഉത്സവ സീസണിൽ പുതിയ ടാറ്റ കർവ്വ് ഇലക്ട്രിക് കൂപ്പെ എസ്‌യുവി ലോഞ്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ടാറ്റ സിയേറ ഇവിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. പുതിയ ടാറ്റ ഇവികൾ 2025-ലോ 2026-ലോ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ ഈ മോഡൽ അതിൻ്റെ കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചിരുന്നു.