ഇന്ത്യ വിട്ട് മാസങ്ങള്‍ക്കകം ഫോര്‍ഡ് തിരികെ വരുന്നു, അമ്പരപ്പില്‍ വാഹനലോകം!

By Web Team  |  First Published Feb 13, 2022, 9:14 AM IST

കേന്ദ്ര സര്‍ക്കാരിന്‍റെ പിഎൽഐ പദ്ധതിയുടെ ‘ചാമ്പ്യൻ ഒഇഎം ഇൻസെന്റീവ് സ്‍കീം’ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 20 കാർ നിർമാതാക്കളിൽ ഒരാളാണ് ഫോർഡ് ഇന്ത്യ


ക്കണിക്ക് അമേരിക്കന്‍ (USA) വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യയിൽ (Ford India) പ്രവർത്തനം നിർത്തിയിട്ട് ഏകദേശം നാലു മാസം തികയുന്നു. 2021 സെപ്റ്റംബറിൽ ആണ് കാർ നിർമ്മാതാവ് അതിന്‍റെ പുനർനിർമ്മാണ പദ്ധതികൾ പ്രഖ്യാപിക്കുകയും രാജ്യത്തെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്‍തത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഫോര്‍ഡ് പ്രേമികള്‍ക്ക് ഒരേസമയം അമ്പരപ്പും ആശ്വാസവും പകരുന്നതാണ്.  ഫോര്‍ഡിനെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പിഎല്‍ഐ (PLI) സ്‍കീമിൽ ഉൾപ്പെടുത്തി എന്നതാണ് ആ വാര്‍ത്ത. കേന്ദ്ര സര്‍ക്കാരിന്‍റെ 'ചാമ്പ്യൻ ഒഇഎം ഇൻസെന്റീവ് സ്‍കീം' പ്രകാരം തിരിഞ്ഞെടുക്കപ്പെട്ട 20 കാർ നിർമ്മാതാക്കളിൽ  ഫോർഡ് ഇന്ത്യയും ഇടംനേടി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

25,938 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ അംഗീകരിച്ച പിഎൽഐ പദ്ധതിയുടെ ഭാഗമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ തങ്ങളുടെ കാറുകളുടെ ഉൽപ്പാദനം നിർത്തിയിട്ടും, കേന്ദ്രത്തിന്റെ PLI സ്‍കീമിൽ ഫോർഡ് മോട്ടോറിനെ ഉൾപ്പെടുത്തിയതിന്‍റെ അത്ഭുതത്തിലും കൌതുകത്തിലുമാണ് വാഹനലോകം. ഇന്ത്യയിൽ കാർ നിർമ്മാണവും വിൽപ്പനയും നിർത്തി മാസങ്ങൾക്ക് ശേഷമാണ് കമ്പനി ഇക്കാര്യത്തിൽ തീരുമാനം മാറ്റുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടെ, വരും ദിവസങ്ങളിൽ ആഗോള ഇവി പ്ലാനുകൾ വിപുലീകരിക്കാൻ ഇന്ത്യയിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ കാർ നിർമ്മാതാവ് പദ്ധതിയിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ

പിഎൽഐ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർ നിർമ്മാതാക്കളുടെ പട്ടിക കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെ, കയറ്റുമതിക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ഫോർഡ് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ദശാബ്‍ദത്തിനുള്ളിൽ ഇവികളിലും ബാറ്ററികളിലും 30 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ആഗോള വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കാനുള്ള സാധ്യതയും ഫോർഡ് മോട്ടോർ തള്ളിക്കളയുന്നില്ല.  "ഇതിനെക്കുറിച്ച് ഇപ്പോൾ പ്രത്യേക ചർച്ചകളൊന്നും നടന്നിട്ടില്ല, പക്ഷേ ഇത് ഭാവിയിലെ പരിഗണനയുടെ മണ്ഡലത്തിന് പുറത്തല്ല.." ഫോർഡ് ഇന്ത്യയിൽ നിന്നുള്ള ഒരു വക്താവിനെ ഉദ്ദരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ കാറുകളുടെ ഉത്പാദനം നിർത്തുന്നതിന് മുമ്പ്, ഗുജറാത്തിലെ സാനന്ദിലെയും ചൈന്നയിലെ മറൈമലയിലെയും രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളിൽ ആയാണ് ഫോർഡ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ ഈ പ്ലാന്റുകളില്‍ ഒരെണ്ണം, ഒരുപക്ഷേ ഗുജറാത്തിലെ സാനന്ദിലുള്ളത്, ഇവി നിർമ്മാണത്തിനുള്ള കയറ്റുമതി ഹബ്ബായി ഉപയോഗിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണെന്ന് യുഎസ് ആസ്ഥാനമായുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!

"ഇന്ത്യൻ നിർമ്മാണ സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള ഫോർഡിന്റെ തീരുമാനത്തിന് പിന്നിലെ സാധ്യമായ കാരണങ്ങളിലൊന്ന് ഇലക്‌ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള ചിലവ് കുറവാണ്. ഈ പ്ലാന്‍റ് ഉപയോഗിച്ച് കൂടുതൽ താങ്ങാനാവുന്ന ഇവികൾ നിർമ്മിക്കുന്നതിൽ ഫോർഡിന് മറ്റ് ആഗോള കമ്പനികളെക്കാൾ മുൻതൂക്കം ഉണ്ടായിരിക്കാം എന്നാണ് ഇതിനർത്ഥം.." എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗോള ഇലക്ട്രിക് വാഹന വിപ്ലവത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫോർഡിന്റെ ലക്ഷ്യം. 30 ബില്യൺ ഡോളർ ഇലക്ട്രിക് വാഹന - ബാറ്ററി നിർമ്മാണത്തിനായി 2030 നുള്ളിൽ നിക്ഷേപിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രാജ്യത്ത് വാഹന ഉൽപ്പാദനം നിർത്തുമ്പോൾ കമ്പനിക്ക് വിപണി വിഹിതത്തിൽ രണ്ട് ശതമാനം മാത്രമാണുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടോളം ലാഭമുണ്ടാക്കാൻ കഠിനാധ്വാനം ചെയ്ത ശേഷവും ഇതായിരുന്നു അവശേഷിച്ചത്. പുതിയ നീക്കത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് ഫോർഡിന്റെ രണ്ടാം വരവിനുള്ള വാതിലാണ് തുറക്കപ്പെടുന്നത്. 

ഇക്കോസ്പോർട്ടിന്റെ നിർമ്മാണം വീണ്ടും തുടങ്ങി ഫോര്‍ഡ്, കാരണം ഇതാണ്

അതേസമയം ഇൻസെന്‍റീവുകളോടെ ഇന്ത്യയിൽ ഇവി നിർമ്മിക്കാൻ ഫോർഡ് മോട്ടോറിന് കേന്ദ്രം അനുമതി നൽകിയത് അമേരിക്കന്‍ ഇലക്ട്രിക്ക് ഭീമനായ ടെസ്‌ലയ്ക്ക് കനത്ത തിരിച്ചടിയാകും. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‍ല കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനായുള്ള നീക്കം നടത്തുകയാണ്. ഇലക്ട്രിക്ക് വാഹനങ്ങല്‍ക്ക് കേന്ദ്രം ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവയാണ് ടെസ്‍ല മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രശ്‍നം. ടെസ്‌ലയും ഇതുവരെ ഇന്ത്യയിലെ പ്രൊഡക്ഷൻ പ്ലാനുകൾ പങ്കുവെച്ചിട്ടില്ല.

കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ രണ്ട് ബില്യൺ ഡോളറിന്റെ പ്രവർത്തന നഷ്‍ടം ചൂണ്ടിക്കാട്ടിയാണ് 2021 സെപ്റ്റംബർ 9 ന് ഫോർഡ് ഇന്ത്യൻ വിപണിയിൽ കാറുകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്ത് നിന്നുള്ള കാർ നിർമ്മാണവും വിപണനവും ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോർഡ് ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയത്. ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് മുമ്പ് ഈ ഫാക്ടറികൾ പാട്ടത്തിന് നൽകുന്നതിന് ഇന്ത്യയിലെ മറ്റ് കാർ നിർമ്മാതാക്കളുമായി ഫോർഡ് ചർച്ചകൾ നടത്തിയിരുന്നു.

ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!

ഫോർഡ് ഇന്ത്യയിൽ നിന്ന് പിന്‍വാങ്ങുമ്പോൾ, പൂർണ്ണമായും നിർമ്മിച്ച യൂണിറ്റ് (സിബിയു) റൂട്ടിലൂടെ കാറുകൾ കൊണ്ടുവരുന്നത് തുടരുമെന്ന് പറഞ്ഞിരുന്നു, അതിൽ മസ്‍താങ് പോലുള്ള ഉയർന്ന മോഡലുകളും ഉൾപ്പെടുന്നു. ഫിഗോ, ഫിഗോ ആസ്‍പയർ, എൻഡവർ, ഇക്കോസ്‌പോർട്ട്, ഫ്രീസ്റ്റൈൽ തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഫോർഡ് ഇന്ത്യ കമ്പനി ഇന്ത്യയിൽ വിറ്റിരുന്നത്.

click me!