കൊറോണ കാരണം കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമായതോടെ സ്വന്തം ശമ്പളം പകുതിയായി കുറയ്ക്കാൻ സന്നദ്ധനായിരിക്കുകയാണ് ഒരു വണ്ടിക്കമ്പനി മേധാവി.
കൊവിഡ് 19 വൈറസ് ലോക സമ്പത്ത് വ്യവസ്ഥയെ പിടിച്ചുലച്ചു കഴിഞ്ഞു. മറ്റെല്ലാ വ്യവസായ മേഖലെയെയും പോലെ കനത്ത നഷ്‍ടമാണ് വാഹന ലോകത്തും. കൊറോണ കാരണം കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമായതോടെ സ്വന്തം ശമ്പളം പകുതിയായി കുറയ്ക്കാൻ സന്നദ്ധനായിരിക്കുകയാണ് ഒരു വണ്ടിക്കമ്പനി മേധാവി.
അമേരിക്കന്‍ - ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കലായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) ചീഫ് എക്സിക്യൂട്ടീവ് മൈക്ക് മാൻലി. വരുന്ന മൂന്നു മാസക്കാലത്തേക്കു പകുതി പ്രതിഫലം മാത്രം വാങ്ങാനാണ് മാൻലിയുടെ തീരുമാനം. കമ്പനി ജീവനക്കാർക്ക് അയച്ച കത്തിലാണു സ്വന്തം പ്രതിഫലത്തിൽ 50% കുറവു വരുത്തുന്ന കാര്യം മാൻലി വ്യക്തമാക്കിയത്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ കമ്പനി ജീവനക്കാരും താൽക്കാലിക സംവിധാനമെന്ന നിലയിൽ വേതനത്തിൽ 20% കുറവ് സ്വീകരിക്കണമെന്നും മാൻലിയുടെ കത്തിലുണ്ട്.
undefined
ഇതോടെ ഈ വർഷാവസാനംവരെ സ്വന്തം പ്രതിഫലം ഉപേക്ഷിക്കാൻ ഫിയറ്റ് ക്രൈസ്ലർ നേതൃനിരയും സന്നദ്ധത പ്രകടിപ്പിച്ചു. കമ്പനി ചെയർമാൻ ജോൺ എൽകാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളുമാണ് ഡിസംബർ വരെ അവരവരുടെ പ്രതിഫലം ഉപേക്ഷിച്ചിരിക്കുന്നത്. മറ്റു ചില മുതിർന്ന് എക്സിക്യൂട്ടീവുകളാവട്ടെ വരുന്ന മൂന്നു മാസക്കാലം വേതനത്തിൽ 30% കുറവു വരുത്താനും തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ ഉടമസ്ഥരാണ് എഫ്‍സിഎ. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് യൂറോപ്പിലെ മിക്ക നിർമാണശാലകളുടെയും പ്രവർത്തനം നിർത്തുകയാണെന്നു കഴിഞ്ഞ 16ന് എഫ് സി എ പ്രഖ്യാപിച്ചിരുന്നു.
മൈക്ക് മാൻലിക്കു 2019ല്‍ പ്രതിഫലമായി ലഭിച്ചത് ഏകദേശം 103.54 കോടി രൂപ ആണ്. മാൻലിക്കു വാർഷിക പ്രതിഫലമായി പരമാവധി 1.40 കോടി യൂറോ (ഏകദേശം 109.15 കോടി രൂപ) അനുവദിക്കാനാണ് എഫ് സി എ ലക്ഷ്യമിട്ടിരുന്നത്. 2018 ജൂലൈയിലാണു മൈക്ക് മാൻലി എഫ് സി എയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. സെർജിയൊ മാർക്കിയോണിയുടെ വിയോഗത്തെതുടർന്നായിരുന്നു അത്. 14.30 ലക്ഷം യൂറോ(11.15 കോടി രൂപ)യായിരുന്നു 2019ലെ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരുന്നത്. ബോണസായി 12 ലക്ഷം യൂറോ(9.36 കോടിയോളം രൂപ)യും ദീർഘകാല ആനൂകൂല്യമായി 88 ലക്ഷം യൂറോ(ഏകദേശം 68.61 കോടി രൂപ)യും മാൻലിക്ക് അനുവദിച്ചതായി എഫ് സി എ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
എഫ് സി എ ചെയർമാനായ ജോൺ എൽകന് 2019ൽ അടിസ്ഥാന ശമ്പളമായി 8.93 ലക്ഷം യൂറോ(അഥവാ 6.96 കോടി രൂപ)യാണു ലഭിച്ചത്. ദീർഘകാല ആനുകൂല്യമെന്ന നിലയിലുള്ള 22.80 ലക്ഷം യൂറോ(ഏകദേശം 17.78 കോടി രൂപ) കൂടി ചേരുന്നതോടെ എൽകന്റെ മൊത്തം പ്രതിഫലം 38.50 ലക്ഷം യൂറോ(30.02 കോടിയോളം രൂപ) ആയി ഉയര്‍ന്നിരുന്നു.
ഫ്രഞ്ച് ബ്രാൻഡായ പ്യുഷൊയുടെ നിർമാതാക്കളായ പി എസ് എയുമായി സഹകരിക്കാൻ ഫിയറ്റ് ക്രൈസ്ലർ കഴിഞ്ഞ ഡിസംബറിൽ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയോടെ ഈ ലയനവും നീളാനാണ് സാധ്യത.