അരിക്കൊമ്പൻ യാത്ര ചെയ്‍ത ആ പൊളപ്പൻ റോഡിന് കയ്യടിക്കേണ്ടത് ആര്‍ക്ക്? ഇതാ അറിയേണ്ടതെല്ലാം!

By Web Team  |  First Published May 1, 2023, 3:14 PM IST

അരിക്കൊമ്പൻ പോയ റോഡിന്‍റെ അവകാശവാദത്തില്‍ വിവാദവും തമ്മിലടിയും തുടങ്ങി. എന്നാല്‍ എന്താണ് വാസ്‍തവം? ഇതാ അറിയേണ്ടെതെല്ലാം


ടുക്കി ജില്ലയിലെ ചിന്നക്കനാലിനെ ഉള്‍പ്പെടെ കുറേ പ്രദേശങ്ങളെ വിറപ്പിച്ചുകൊണ്ടിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളിലെ താരമാണ്. ഏറെ കോലാഹലങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവില്‍ ചിന്നക്കനാലില്‍ നിന്ന് വെടിവച്ചുമയക്കിയ ആനയെ പെരിയാര്‍ റിസര്‍വ്വില്‍ എത്തിച്ചുകഴിഞ്ഞു. 

എന്നാല്‍ ഇപ്പോഴിതാ ഈ യാത്രയ്ക്ക് പിന്നാലെ അരിക്കൊമ്പനപ്പോലെ വാര്‍ത്തയിലെ താരമായിരിക്കുകയാണ് ആനയെയും കൊണ്ട് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്‍ത ആ റോഡും. ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആയിട്ടായിരുന്നു അരിക്കൊമ്പന്‍റെ യാത്ര. അരിക്കൊമ്പന്‍റെ ഈ യാത്ര തത്സമയം ടെലിവിഷനിലും ഓണ്‍ലൈനിലും കണ്ടവര്‍ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോയ റോഡ് കണ്ട് അമ്പരന്നതോടെയാണ് പുതിയ ചര്‍ച്ചകളുടെ തുടക്കം. 

Latest Videos

പൂര്‍ണമായും പണിതീര്‍ന്ന, ഹെയര്‍ പിന്‍വളവുകളും മറ്റുമുള്ള മനോഹരമായ ഈ റോഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതയാണ്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും അഭിനന്ദനവുമായി ഇടതുപക്ഷ അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ മികച്ച റോഡുകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാല്‍ അധികം വൈകാതെ റോഡിന് മേല്‍ അവകാശവാദവുമായി ബിജെപി - സംഘപരിവാർ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ അനുഭാവികളും കൂടി രംഗത്തെത്തി. അതോടെ ചര്‍ച്ച കൊഴുത്തു. റോഡിന്‍റെ അവകാശവാദത്തില്‍ വിവാദവും തമ്മിലടിയും തുടങ്ങി. എന്നാല്‍ എന്താണ് വാസ്‍തവം? ഇതാ അറിയേണ്ടെതെല്ലാം

ദേശീയ പാത 85 എന്ന് അറിയപ്പെടുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയാണിത്. ഈ റോഡിന്‍റെ നിര്‍മ്മാണം നടത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്.  440 കിലോമീറ്റർ നീളമുളള കൊച്ചി – മൂന്നാർ -ധനുഷ്കോടി ദേശീയപാത 85 ലെ മൂന്നാർ – ബോഡിമെട്ട് 41.78 കിലോമീറ്റർ പാത നവീകരിക്കുന്നതിനായി 382 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറ ഉൾപ്പടെ തകർന്ന പ്രദേശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി 2022ല്‍ എം പി ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനൻസ് ജോലികൾ നടത്തപ്പെടുന്നത്. നിലവിൽ NH 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണം അനുവദിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇനി ഈ റോഡുകളുടെ ദൂരവും മറ്റു ചില കാര്യങ്ങളും പരിശോധിക്കാം. എന്നാല്‍ മാത്രമേ കൃത്യമായ ഉത്തരത്തിലേക്ക് എത്തിച്ചേരാൻ പറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാത ( NH85) മൂന്നാർ വഴി പൂപ്പാറയിൽ ചെന്ന് കേരള-തമിഴ്‍നാട് അതിർത്തിയായ ബോഡിമെട്ടിലേക്കാണ് പോകുന്നത്. അവിടെനിന്നും തമിഴ്‍നാട്ടിലേക്കും ഈ പാത കടക്കുന്നു. 

മൂന്നാർ-പൂപ്പാറ  30 കിലോ മീറ്റര്‍ ആണ് ദൂരം. മൂന്നാർ-കുമളി സംസ്ഥാനപാത (SH19) ഘടക പാത ആയ NH85 ൽ നിന്നും തിരിഞ്ഞ് കുമളിക്ക് പോകുന്നു. പൂപ്പാറയിൽ വച്ചാണ്  NH85 ൽ നിന്നും റോഡ് വേര്‍തിരിയുന്നത്. 70 കിലോമീറ്ററാണ് പൂപ്പാറ-കുമളി ദൂരം. നിലവിൽ NH85-ൽ മെച്ചപ്പെടുത്തൽ നടന്നിട്ടുള്ളത് മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് പരിധിയിൽ ആണ്. ഇത് ഏകദേശം 41 കിലോമീറ്ററോളം വരും. മൂന്നാർ – ബോഡിമെട്ട് റോഡിനുള്ള ഫണ്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുവദിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കേന്ദ്രത്തിൽ സമർപ്പിച്ച് നേടിയെടുത്തതാണ്.  മൂന്നാർ – ബോഡിമെട്ട് റോഡ് നിർമ്മാണം നടത്തിയത് കേരള പൊതുമരാമത്ത് വകുപ്പ് ആണ്. 

അരിക്കൊമ്പനെയും കൊണ്ട വാഹനം വ്യൂഹം പോയത് ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കാണ്. ഇനി സിമന്‍റ് പാലം മുതൽ സീനിയറോട വരെ ദൂരത്തിന്‍റെ വിവിധ വശങ്ങള്‍ കൂടി പരിശോധിച്ചാല്‍ ആര്‍ക്കാണ് കയ്യടിക്കേണ്ടതെന്ന് കൃത്യമായി മനസിലാകും. ചിന്നക്കനാൽ – പൂപ്പാറ ദേശീയപാത 85ന് 30 കിലോമീറ്റർ ദൂരമുണ്ട്. പൂപ്പാറ – കുമളി സംസ്ഥാനപാത 19ന് 70 കിലോമീറ്റർ ദൂരവും ഉണ്ട്. അതായത് അരിക്കൊമ്പൻ പോയ റോഡിന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമൊക്കെ തുല്യമായ അവകാശമാണെന്ന് ചുരുക്കം. നന്ദി പറയേണ്ടതിന്‍റെ അത്യാവശ്യം ഒന്നും ഇല്ലെങ്കിലും അങ്ങനെ ചെയ്‍തേ തീരൂ എന്ന് അത്യാവശ്യം ഉള്ളവര്‍ക്ക് വേണമെങ്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുമിച്ച് നന്ദി പറയാം. സിപിഎം - ബിജെപി അനുകൂലികള്‍ക്ക് പുറമേ എം പി ഡീൻ കുര്യാക്കോസിന്‍റെ പേരിൽ വേണമെങ്കില്‍ കോൺഗ്രസുകാര്‍ക്കും അഭിമാനിക്കാം. ഒത്തുപിടിച്ചാല്‍ മല മാത്രമല്ല അരിക്കൊമ്പനും പോരും എന്നാണല്ലോ?!

അതേസമയം ഇതൊന്നും അറിയാതെ ഗജപോക്കിരിയായ അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽനിന്നു ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരീക്ഷിക്കുന്നുണ്ട്. ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത ആന പിന്നിട്ടു എന്നാണ് ആദ്യവിവരങ്ങള്‍. സീനിയർഓട ഭാഗത്താണ് ആന ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മയക്കം വിട്ട ആന ഊർജസ്വലനായി എന്നും ആനയുടെ ആരോഗ്യസ്ഥിതി തൃപ്‍തികരമാണെന്നും തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നും വിവരമുണ്ട്. 

click me!