ഇലക്ട്രിക് വാഹനങ്ങളല്ലാതെ വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എത്യോപ്യൻ ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകൾ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വിദേശനാണ്യ സ്രോതസ്സുകൾ പരിമിതപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
പെട്രോൾ, ഡീസൽ കാറുകളുടെ ഇറക്കുമതി നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. ഇലക്ട്രിക് വാഹനങ്ങളല്ലാതെ വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എത്യോപ്യൻ ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകൾ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വിദേശനാണ്യ സ്രോതസ്സുകൾ പരിമിതപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
എത്യോപ്യയുടെ ലോജിസ്റ്റിക്‌സ് മാസ്റ്റർ പ്ലാൻ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി അലെമു സിം ആണ് പുതിയ നയം പ്രഖ്യാപിച്ചത്. എത്യോപ്യൻ പാർലമെന്‍റിൽ നഗര വികസന, ഗതാഗത സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ച പുതിയ നയം എത്യോപ്യയിൽ ഇൻ്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നു. ഇലക്ട്രിക് കാറുകൾക്കായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരോധനം ശാശ്വതമാണോ താത്കാലികമാണോ എന്നും ഇതിനകം ഗതാഗതത്തിലുള്ള വാഹനങ്ങളെ പുതിയ നയം ബാധിക്കുമോ എന്നും ഇപ്പോൾ വ്യക്തമല്ല.
undefined
എത്യോപ്യ സമീപ വർഷങ്ങളിൽ കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നു. 2022-ൽ കുറഞ്ഞത് 4,800 ഇലക്ട്രിക് ബസുകളും 1.48 ലക്ഷം ഇലക്ട്രിക് കാറുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള 10 വർഷത്തെ പദ്ധതി സർക്കാർ നടപ്പിലാക്കി. എത്യോപ്യയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കപ്പെടുന്നു, ഇന്ധനവുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതിയുടെ വില കുറവാണെന്നും ഹരിതവികസനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണിതെന്നും അതിനായി കഠിനാധ്വാനം ചെയ്യുന്ന രാജ്യമാണിതെന്നും മന്ത്രി അലെമു സിം പറയുന്നു.
നിലവിൽ, ഹ്യൂണ്ടായ്, ഇസുസു, ഫോക്‌സ്‌വാഗൺ, ലഡ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വാഹന നിർമ്മാതാക്കൾക്ക് എത്യോപ്യയിൽ പ്രാദേശിക അസംബ്ലി പ്ലാന്‍റുകൾ ഉണ്ട്. കൂടാതെ വിപണിയിൽ ഐസിഇ, ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. 2023-ൽ 6 ബില്യൺ ഡോളർ (ഏകദേശം 49,800 കോടി രൂപ ) ആയിരുന്ന രാജ്യത്തിന്‍റെ ക്രൂഡ് ഓയിൽ ഇറക്കുമതിയെയും ഈ നിരോധന നീക്കം ബാധിക്കും. ആഫ്രിക്കൻ രാജ്യത്തേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ വാഹന നിർമ്മാതാക്കളെയും ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം നിരോധനം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിന് സമയപരിധിയും ഇറക്കുമതി നിരോധനം നീട്ടുമോയെന്ന കാര്യവും എത്യോപ്യൻ സർക്കാർ വ്യക്തമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകൾ.