തിരുവനന്തപുരം - കാസര്‍കോട് യാത്രക്ക് വെറും നാല് മണിക്കൂര്‍; ഇതാ അറിയേണ്ടതെല്ലാം!

By Web Team  |  First Published Jun 11, 2020, 11:15 AM IST

അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. ഇതാ ഈ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം. 


തിരുവനന്തപുരം: തിരുവനന്തപുരം -കാസര്‍കോട്  അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു.  പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) ബോര്‍ഡ് സമര്‍പ്പിച്ച അലൈന്‍മെന്‍റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഡിപിആര്‍-ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സാധ്യതാ പഠനറിപ്പോര്‍ട്ടില്‍ മാഹി വഴിയാണ്  ലൈന്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്‍റിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതാ ഈ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം. 

Latest Videos

undefined

11 സ്റ്റേഷനുകള്‍
തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍. സാധ്യതാപഠന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാക്കനാട് സ്റ്റേഷനുപുറമെ കൊച്ചി(നെടുമ്പാശ്ശേരി) വിമാനത്താവളത്തില്‍ പുതിയ സ്റ്റേഷനുണ്ടാകും. പദ്ധതി ചെലവ് 63,941 കോടി രൂപ.

കൊച്ചുവേളിയില്‍ തുടക്കം
തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍നിന്ന് തുടങ്ങി. കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും. പിരളശ്ശേരി എല്‍.പി.സ്‌കൂളിനുസമീപം വല്ലന റോഡിലെ ടൂട്ടൂസ് ട്രാവല്‍സിനടുത്താണ് ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷന്‍.

തിരൂരിലേക്ക്
അവിടെനിന്ന് നെല്ലിക്കല്‍ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. അവിടെ നിലവിലുള്ള റെയില്‍ വേസ് സ്റ്റേഷനു തെക്കുമാറി മുട്ടമ്പലം ദേവലോകം ഭാഗത്താണ് നിര്‍ദിഷ്ട സ്റ്റേഷന്‍. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃശ്ശൂര്‍, തിരൂരില്‍ എത്തും. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും.

തൃശൂരില്‍ ആകാശസ്‌റ്റേഷന്‍
അര്‍ധ അതിവേഗ റെയില്‍പാതയില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്റര്‍ചെയ്ഞ്ച് സൗകര്യത്തോടെ ഉയര്‍ന്നുനില്‍ക്കുന്ന തരത്തിലായിരിക്കും നിര്‍മിക്കുകയെന്ന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന് ഇടതുഭാഗത്തായിട്ടാണു നിര്‍ദിഷ്ട അതിവേഗ റെയില്‍പാതയുടെ സ്‌റ്റേഷന്‍ ഉദ്ദേശിക്കുന്നത്. തൃശൂരില്‍ മൂരിയാടിനു സമീപം ആര്‍ഒആര്‍ഒ സ്‌റ്റേഷനും പദ്ധതിയിലുണ്ട്. പ്രത്യേക വാഗണില്‍ ചരക്കു വാഹനങ്ങള്‍ കൊണ്ടുപോകാന്‍ വേണ്ടിയാവും ഇത്. തിരൂര്‍ സ്‌റ്റേഷന്‍ ഗ്രൗണ്ട് ലെവലിലാണു നിര്‍മിക്കുന്നത്. ഇപ്പോഴത്തെ സ്‌റ്റേഷന്റെ ഇടതുഭാഗത്ത് 3.82 കിലോമീറ്റര്‍ അകലെ നിലവിലുള്ള റെയില്‍പാതയ്ക്കു സമാന്തരമായിട്ടായിരിക്കും പുതിയ സ്‌റ്റേഷന്‍. 

കോഴിക്കോട്ട് ഭൂഗര്‍ഭ സ്‌റ്റേഷന്‍
കോഴിക്കോട് ഭൂഗര്‍ഭ സ്‌റ്റേഷനാണ് ആലോചനയിലുള്ളത്. നിലവിലുള്ള സ്‌റ്റേഷനു സമീപത്തായി ഭാവിയില്‍ രണ്ടു സ്‌റ്റേഷനുകള്‍ തമ്മില്‍ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന തരത്തിലായിരിക്കും നിര്‍മാണം. കണ്ണൂരില്‍ നിലവിലുള്ള സ്‌റ്റേഷന്റെ എതിര്‍ഭാഗത്തായിരിക്കും പുതിയ സ്‌റ്റേഷന്‍ നിര്‍മിക്കുക. ഇപ്പോഴത്തെ റെയില്‍പാതയ്ക്ക് വലതുഭാഗത്തായിരിക്കും ഇത്.

675 യാത്രികര്‍
ഒൻപതു കോച്ചുകള്‍ വീതമുള്ള ഇലക്ട്രിക് മള്‍ട്ടിപ്പിള്‍യൂണിറ്റ് ആണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാന്‍ഡേര്‍ഡ് ക്ലാസും ഉള്‍പ്പെടുന്ന ഒരു ട്രെയിനില്‍ 675 പേര്‍ക്കാണ് ഇരുന്നു യാത്ര ചെയ്യാം. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിന്‍ സര്‍വീസ് നടത്തും. അതുകൊണ്ടു തന്നെ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സഹായിക്കാന്‍ ഫ്രഞ്ച് കമ്പനി
പാരിസ് ആസ്ഥാനമായ സിസ്ട്ര ജിസിയാണ് കെ–റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും ചേര്‍ന്ന് രൂപം നല്‍കിയതാണ് കെ–റെയില്‍. എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വെ, പല തരത്തിലുള്ള മലിനീകരണത്തിന്റെ തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം, രാത്രിയാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഗതാഗത സർവേ എന്നിവയ്ക്കുശേഷമാണു ഡിപിആര്‍ തയാറാക്കിയത്.

വേഗം മണിക്കൂറില്‍ 200 കിമീ
രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പുതിയ പാത വരുന്നതോടെ റോഡിലെ കുരുക്കുകള്‍ ഒരുപരിധിവരെ ഒഴിവാക്കാനാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം യാത്രാസമയം പുതിയ പാതയിലൂടെ വെറും ഒന്നര മണിക്കൂറായി ചുരുങ്ങും

click me!