ഉടമയ്ക്ക് 29 ലക്ഷം രൂപയും പുതിയ കാറും നല്‍കണമെന്ന് കോടതി, എന്തുചെയ്യണമെന്നറിയാതെ രാജ്യം വിട്ട കമ്പനി!

By Web Team  |  First Published Jun 9, 2023, 3:39 PM IST

തകരാറുള്ള കാർ വിറ്റ ഛത്തീസ്‍ഗഡിലെ ഒരു ഉപഭോക്താവിന് ഒരു പുതിയ ഫോർഡ് എൻഡവറിനൊപ്പം 29 ലക്ഷം രൂപ നഷ്‍ടപരിഹാരമായി നൽകണമെന്നും ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നു.


പഭോക്താക്കൾക്ക് അവരുടെ കാറുകളുമായോ ഡീലർഷിപ്പുകളുമായോ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപഭോക്തൃ കോടതിയെ സമീപിക്കേണ്ടി വരുന്ന കേസുകളുണ്ട്. ഈയിടെയായി, ഉപഭോക്തൃ കോടതിയിൽ കാർ നിർമ്മാതാക്കൾക്കെതിരെയുള്ള കേസുകളെക്കുറിച്ച് നമ്മൾ ധാരാളം കേൾക്കുന്നുമുണ്ട്. ഇത്തരത്തില്‍ ഏറ്റവും പുതിയ കേസുകളില്‍ ഒരെണ്ണം ഛത്തീസ്ഗഡിൽ നിന്നാണ് വരുന്നത്. തകരാറുള്ള കാർ വിറ്റ ഛത്തീസ്‍ഗഡിലെ ഒരു ഉപഭോക്താവിന് ഒരു പുതിയ ഫോർഡ് എൻഡവറും ഒപ്പം 29 ലക്ഷം രൂപയും നഷ്‍ടപരിഹാരമായി നൽകണമെന്നും ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

എന്നാല്‍ ഈ കേസിനെ ശ്രദ്ധേയമാക്കുന്നത് മറ്റൊരു കാര്യമാണ്.  2021 മുതൽ ഫോർഡ് ഇന്ത്യയിൽ കാറുകള്‍ നിര്‍മ്മിക്കുന്നില്ല. നഷ്‍ടം രേഖപ്പെടുത്തി, ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിപണിയിൽ നിന്ന് ഫോര്‍ഡ് പുറത്തുകടന്നിട്ട് രണ്ടുവര്‍ഷം തികയറാകുന്നു. അപ്പോഴാണ് ഈ കോടതി ഉത്തരവ് എന്നതാണ് ശ്രദ്ധേയം.   ഇന്ത്യൻ വിപണിയിൽ വർഷങ്ങളായി ഏറ്റവും പ്രചാരമുള്ള 7-സീറ്റ് ഓഫ്-റോഡിംഗ് എസ്‌യുവികളിലൊന്നാണ് ഫോര്‍ഡ് എൻ‌ഡവർ. വാങ്ങി മാസങ്ങള്‍ക്കകം വണ്ടിയുമായി പെരുവഴിയിലായ ഒരു എൻഡവര്‍ ഉടമയുടെ കേസാണിത്. ഏഴ് വർഷത്തിലേറെ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കോടതി അദ്ദേഹത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ആ കേസിന്‍റെയും കോടതി ഉത്തരവിന്‍റെയും വിശദാംശങ്ങൾ ഇതാ.

Latest Videos

undefined

പരാതിക്കാരനായ എൻഡവര്‍ ഉടമ 2016-ൽ  റായിപൂരിലെ ജികെ ഫോർഡ് ഡീലർഷിപ്പിൽ നിന്നാണ് എൻഡവര്‍ വാങ്ങിയത്. അക്കാലത്ത്, ഇത് രണ്ട് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റിയോടെയാണ് വന്നിരുന്നത്. എന്നാല്‍ വാങ്ങി രണ്ട്  മാസത്തിനകം ഉടമയ്ക്ക് പ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. എസ്‌യുവി പല തവണ തകരാറിലായി. ചില അവസരങ്ങളിൽ സ്റ്റാർട്ട് ചെയ്യാൻ പോലും സാധിച്ചില്ല.  ഉടമ ഡീലർഷിപ്പിനെ വിളിച്ചു. എന്നാൽ നടപടിയുണ്ടായില്ല. എസ്‌യുവി ഒന്നുരണ്ട് തവണ ശരിയാക്കി. ഒടുവില്‍ വാഹനത്തിന് ചില നിർമ്മാണ തകരാറുകൾ ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇത് അംഗീകരിക്കാൻ ഡീലർഷിപ്പ് തയ്യാറായില്ല.

ഇതോടെ കാര്യങ്ങൾ വഷളായി. എൻഡവറിന്റെ ഉടമയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഡീലർഷിപ്പ് പറഞ്ഞു. ഒടുവിൽ ഉടമ ഉപഭോക്തൃ കോടതിയെ സമീപിക്കുകയും സമഗ്രമായ അന്വേഷണം നടക്കുകയും ചെയ്തു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉടമയ്ക്ക് അനുകൂലമായി വിധിച്ചു. 29 ലക്ഷം രൂപ നഷ്ടപരിഹാരവും ഏഴ് വർഷത്തെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് 25,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും ഒരു പുതിയ എൻഡവറും നല്‍കാനായിരുന്നു ഉത്തരവ്. മാത്രമല്ല നഷ്‍ടപരിഹാര തുകയുടെ പലിശയും ഏഴ് വർഷത്തേക്ക് നൽകാനും കോടതി ഉത്തരവിട്ടു.

എന്നാല്‍ ഫോർഡ് ഇപ്പോൾ ഇന്ത്യയിൽ ഇല്ല. പുതിയ എൻഡവറും ലഭ്യമല്ല. പണ്ട് വണ്ടി വിറ്റ ഡീലര്‍ഷിപ്പാകട്ടെ ഇന്ന് മറ്റൊരു പ്രമുഖ ബ്രാൻഡിന്‍റെ ഡീലറായി മാറിയിരിക്കുന്നു. അപ്പോള്‍ കോടതി വിധി എങ്ങനെ നടപ്പിലാകുമെന്നും ഉപഭോക്താവിന് പുതിയ വണ്ടിയും നഷ്‍ടപരിഹാരവും എങ്ങനെ ലഭിക്കുമെന്നും ഉള്ളത് ആശങ്കയായി അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ കേസ് എങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ശ്രദ്ധേയമായിരിക്കും. എന്തായാലും ഇത്തരം കേസുകളില്‍ കാര്‍ കമ്പനികള്‍ ഉപഭോക്താക്കളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. 

നമ്പര്‍ പ്ലേറ്റിലെ സ്‍ക്രൂവില്‍ എഐ ക്യാമറയ്ക്ക് 'വര്‍ണ്യത്തിലാശങ്ക', നോട്ടീസയക്കാൻ എംവിഡിക്ക് പേടി!

click me!