എംവിഡി പിടിച്ചപ്പോള്‍ ലൈസന്‍സില്ല, വാട്സ്ആപ് വഴി അയച്ചുകൊടുത്തതില്‍ ചെറിയൊരു പ്രശ്നം; യുവാവ് അറസ്റ്റില്‍

By Web Team  |  First Published Oct 14, 2023, 11:08 AM IST

പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് ലൈന്‍സില്ലാതെ പിടിയിലായത്. പിന്നീട് ലൈസന്‍സ് ഹാജരാക്കാമെന്ന് പറഞ്ഞ് പോയ ശേഷം വാട്സ്ആപ് വഴിയാണ് ഒരു ലൈസന്‍സ് അയച്ചുകൊടുത്തത്.


കാസര്‍ഗോഡ്: വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബഷീർ മൻസിലില്‍ ഉസ്മാനാണ് പിടിയിലായത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടി. ഇയാള്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിക്കാന്‍ സഹായം ചെയ്തുകൊടുത്ത ഡ്രൈവിങ് സ്കൂള്‍ ഉടമയും അറസ്റ്റിലായി.

ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ കെ എന്നിവരും ചന്തേര പോലീസ് സ്റ്റേഷൻ എസ് .ഐ പ്രദീപ്കുമാറും ചേർന്ന് ബുധനാഴ്ച തൃക്കരിപ്പൂർ ഭാഗത്ത് സംയുക്തമായി വാഹന പരിശോധന നടത്തവെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉസ്മാന് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

Latest Videos

Read also: 'റൈഡര്‍ കണ്ണാപ്പിമാരും ഐ കില്ലർ വർഷമാരും' ഒന്ന് കരുതിയിരുന്നോ...; വൈറൽ റീലുകളുടെ പിന്നാലെ വടിയുമായി എംവിഡി

ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാള്‍ പിന്നീട് വാട്സ്ആപ്പ് വഴി ഒരു ലൈസൻസ് അയച്ചു കൊടുത്തു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ അത് തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് ബോധ്യപ്പെട്ടു. കൊണ്ടുവന്നത് വ്യാജ ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആർ.ടി.ഒയുടെ പരിധിയിലുള്ള എസ്. ആൻഡ്. എസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെയാണ് ഇയാള്‍ ലൈസൻസ് കരസ്ഥമാക്കിയതെന്ന് ബോധ്യമായി. തുടര്‍ന്ന് ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഇത്തരത്തിൽ വ്യാജ ലൈസൻസ്  നിർമിക്കുകയും ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാർ അവരുടെ ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ എം. പരിവാഹൻ ഡിജിലോക്കർ പോലുള്ള അംഗീകൃത ആപ്പുകളിൽ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസർഗോഡ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ  എ. സി.ഷീബ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!