രാജ്യത്തുടനീളം എസ്‌യുവികൾക്കും എംപിവികൾക്കും ക്രോസ്ഓവറുകൾക്കും ഡിമാൻഡ് വർധിച്ചിട്ടും ഈ വർഷം ജൂണിൽ ഇന്ത്യൻ പാസഞ്ചർ വാഹന വിൽപ്പന കഷ്‍ടിച്ച് നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയതാണ് അമ്പരപ്പിക്കുന്നത്.
2024 ജൂൺ മാസത്തിലെ വാഹന വിൽപ്പന കണക്കുകൾ പുറത്തു വരുമ്പോൾ ഇന്ത്യയിലെ കാർ വിൽപ്പന മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്. 2023 ജൂണിലെ വിൽപ്പനയുമായി (328,710 യൂണിറ്റുകൾ) താരതമ്യം ചെയ്യുമ്പോൾ ഏകദേശം 12,000 യൂണിറ്റുകൾ അല്ലെങ്കിൽ 3.6 ശതമാനം മാത്രമാണ് വർധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.
രാജ്യത്തുടനീളം എസ്‌യുവികൾക്കും എംപിവികൾക്കും ക്രോസ്ഓവറുകൾക്കും ഡിമാൻഡ് വർധിച്ചിട്ടും ഈ വർഷം ജൂണിൽ ഇന്ത്യൻ പാസഞ്ചർ വാഹന വിൽപ്പന കഷ്‍ടിച്ച് നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയതാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന മൊത്തവ്യാപാരം 340,784 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ രജിസ്റ്റർ ചെയ്ത 328,710 യൂണിറ്റുകളെ അപേക്ഷിച്ച് 3.67 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ പാസഞ്ചർ വാഹന വിൽപ്പന കഴിഞ്ഞ മാസം 133,027 യൂണിറ്റിൽ നിന്ന് 137,160 യൂണിറ്റായി ഉയർന്നു. ഇത് മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി. ആൾട്ടോ കെ10 , എസ്-പ്രസ്സോ ഉൾപ്പെടെയുള്ള ചെറുകാറുകളുടെ വിൽപ്പന 2023 ജൂണിലെ 14,054 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 9,395 യൂണിറ്റായി കുറഞ്ഞു. സ്വിഫ്റ്റ്, ഡിസയർ, സെലേറിയോ, ബലേനോ, വാഗൺആർ തുടങ്ങിയ മോഡലുകൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന കോംപാക്ട് കാർ സെഗ്‌മെൻ്റിലും വിൽപ്പന കുറഞ്ഞു. 2023 ജൂണിൽ രജിസ്റ്റർ ചെയ്ത 64,471 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 64,049 യൂണിറ്റുകളായി കുറഞ്ഞു. എങ്കിലും ബ്രെസ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങൾ 2024 ജൂണിൽ 52,373 യൂണിറ്റുകൾ വിറ്റഴിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി മുൻ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 50,001 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 50,103 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. മറ്റൊരു പ്രധാന കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് ഈ വർഷം ജൂണിൽ 43,624 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. ഒരുവർഷം മുമ്പ് വിറ്റ 47,359 യൂണിറ്റുകളിൽ നിന്ന് എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ വിൽപന വളർച്ചയിലെ ഈ മാന്ദ്യം സംഭവിക്കുന്നത് നിരവധി ഘടകങ്ങൾ അതാത് പ്രധാന പങ്ക് വഹിച്ച സമയത്താണ് എന്നതാണ് ശ്രദ്ധേയം. അവയിലൊന്ന് ജൂണിൽ അവസാനിച്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രക്രിയ ആണ്. സർക്കാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും മറ്റ് ഘടകങ്ങളും വിൽപ്പന നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
മറ്റൊരു ഘടകം കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ജൂൺ മാസത്തിൽ രാജ്യത്തെ പല പ്രദേശങ്ങളിലും ഉഷ്ണ തരംഗങ്ങൾ നാശം വിതച്ചു, ഇത് കാർ ഷോറൂമുകളിലേക്ക് ചുവടുവെക്കുന്നതിൽ നിന്ന് നിരവധി ഉപഭോക്താക്കളെ പിന്തിരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വാണിജ്യ വാഹന വിഭാഗത്തിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം വിൽപ്പന വളർച്ച കുറഞ്ഞു. വിപണിയിൽ മുൻനിരയിലുള്ള ടാറ്റ മോട്ടോഴ്‌സിന്‍റെ വിൽപ്പന എട്ട് ശതമാനം ഇടിഞ്ഞ് 30,623 യൂണിറ്റിലെത്തി. അശോക് ലെയ്‌ലാൻഡിന് ഒരു ശതമാനം ഇടിഞ്ഞ് 14,261 യൂണിറ്റിലെത്തി.